പ്രായം കുറഞ്ഞ സെനറ്റർ, പ്രായമേറിയ പ്രസിഡന്റ്
വാഷിങ്ടൺ: ഇതു കാത്തുകാത്തിരുന്ന വിജയം. ഏറെ വൈകി കിട്ടുന്നത്. എഴുപത്തേഴാം വയസിൽ വൈറ്റ് ഹൗസിന്റെ പടവുകൾ കയറുന്നു ജോ ബൈഡൻ. ഒരിക്കലല്ല, രണ്ടു തവണ ശ്രമിച്ചു പരാജയപ്പെട്ടതാണ്; ഡെമൊക്രറ്റിക് സ്ഥാനാർഥിത്വത്തിന്. പക്ഷേ, സമയമായത് ഇപ്പോൾ മാത്രം. ഏറ്റവും പ്രായം കുറഞ്ഞ സെനറ്ററിൽ നിന്ന് ഏറ്റവും പ്രായമേറിയ പ്രസിഡന്റിലേക്കുള്ള ബൈഡന്റെ യാത്രയിൽ അഞ്ചു ദശകക്കാലം നീണ്ട സജീവ രാഷ്ട്രീയ പ്രവർത്തനമുണ്ട്.
1970കളുടെ തുടക്കത്തിൽ അമെരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്ററായി അദ്ദേഹം; ഇരുപത്തൊമ്പതാം വയസിൽ. പിന്നീട് മൂന്നു ദശകക്കാലം ഈ സ്ഥാനത്തു തുടർന്നു. ആറു തവണയാണ് ഡെമൊക്രറ്റിക് സെനറ്ററായത്. 1998ലും 2008ലും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിനായി ഓടിനോക്കിയതാണ്. ഇക്കുറി ഫെബ്രുവരി 29ന് സൗത്ത് കരോളിനയിലെ ഡെമൊക്രറ്റിക് പ്രൈമറി ജയിച്ച ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അത് അവസാനിക്കുന്നത് അമെരിക്കൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നാടകീയമായ തിരിച്ചുവരവിൽ.
2009 മുതൽ 2016 വരെ ബരാക് ഒബാമയുടെ കാലത്ത് അമെരിക്കൻ വൈസ് പ്രസിഡന്റായിരുന്നു ബൈഡൻ. ഇക്കഴിഞ്ഞ ഏപ്രിലിൽ ബൈഡന്റെ ഡെമൊക്രറ്റിക് സ്ഥാനാർഥിത്വം ഔദ്യോഗികമായി അംഗീകരിച്ച ഒബാമ പറഞ്ഞു: ബൈഡൻ എന്റെ സഹോദരനാണ്. ഞാൻ ജോ ബൈഡനെ സ്നേഹിക്കുന്നു. അദ്ദേഹം മഹാനായ പ്രസിഡന്റാവും. എല്ലാവരെയും ഒരുപോലെ പരിഗണിക്കും. മാന്യതയും ബഹുമാനവും കാണിക്കും.
തെരഞ്ഞെടുപ്പു പ്രചാരണ കാലത്ത് ഒബാമ ബൈഡനു വേണ്ടി സജീവമായി കളത്തിലിറങ്ങി. മറ്റൊരു മുൻ പ്രസിഡന്റും പാർട്ടി സ്ഥാനാർഥിക്കുവേണ്ടി ഇത്രയും ഉശിരോടെ, ആത്മാർഥതയോടെ വാദിച്ചു കാണില്ല ഇതിനു മുൻപ്. മറ്റൊരു മുൻ പ്രസിഡന്റും നിലവിലുള്ള പ്രസിഡന്റിനെ ഇത്രയേറെ വിമർശിച്ചും കാണില്ല. ട്രംപിനെ നഖശിഖാന്തം എതിർക്കുകയായിരുന്നു ഒബാമ. എല്ലാം ബൈഡനു വേണ്ടി.
ഇലക്റ്ററൽ കോളെജിൽ ഭൂരിപക്ഷത്തിനു വേണ്ട 270 എന്ന മാന്ത്രിക സംഖ്യ കടത്തിയ പെൻസിൽവാനിയയാണ് ബൈഡന്റെ ജന്മ സംസ്ഥാനം എന്നതു യാദൃച്ഛികമാകാം. പെൻസിൽവാനിയയിലെ ആറാമത്തെ വലിയ നഗരമാണു സ്ക്രാൻടൺ. ഇവിടെയാണ് ബൈഡൻ ജനിച്ചത്; 1942ൽ കാത്തലിക് കുടുംബത്തിൽ. യൂണിവേഴ്സിറ്റി ഒഫ് ഡെലാവേറിൽ പഠനം. 1968ൽ സൈറാക്കൂസ് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദം. 1972ൽ സെനറ്റ് അംഗം. ആറു തവണയും സെനറ്റിൽ പ്രതിനിധാനം ചെയ്തത് ഡെലാവേറിനെ. സെനറ്റിലെ ഏറ്റവും സമ്പത്തു കുറഞ്ഞ അംഗങ്ങളിൽ ഒരാളായാണ് ബൈഡൻ റാങ്ക് ചെയ്യപ്പെട്ടിരുന്നത്.
കുടുംബകാര്യങ്ങളടക്കം തുറന്നു സംസാരിക്കുന്ന പ്രകൃതമാണ് ബൈഡന്റേത്. 1972ലെ കാറപകടത്തിൽ ആദ്യ ഭാര്യ നെയ്ലയും 13 മാസം മാത്രം പ്രായമുള്ള മകൾ നയോമിയും മരണമടഞ്ഞിരുന്നു; പുത്രൻമാരായ ബിയു, ഹണ്ടർ എന്നിവർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. 1975ലാണ് രണ്ടാം ഭാര്യ ജിൽ ജേക്കബ്സിനെ കണ്ടുമുട്ടുന്നത്. 1977 ജൂണിൽ ഇവർ വിവാഹിതരായി. 1981ൽ ഇവരുടെ മകൾ ആഷ് ലി പിറന്നു.
ഇറാഖി യുദ്ധത്തിൽ പങ്കെടുത്ത മകൻ ബിയു ഡെലാവേറിലെ അറ്റോർണി ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. 2015ൽ നാൽപ്പത്താറാം വയസിൽ ബ്രെയിൻ ട്യൂമർ ബാധിച്ചു മരിച്ചു. മകൻ ഹണ്ടർ മയക്കുമരുന്നു വിവാദങ്ങളിൽ ഉൾപ്പെട്ടു. ബൈഡനു തന്നെ ആരോഗ്യ പ്രശ്നങ്ങളുണ്ടായി. 1988ൽ രണ്ടു ബ്രെയിൻ ധമനി വീക്കങ്ങൾക്കു ചികിത്സ വേണ്ടിവന്നു. ജീവിതത്തിൽ തനിക്കുണ്ടായ ഈ നഷ്ടങ്ങളെല്ലാം തുറന്നു പറയാറുണ്ട് അദ്ദേഹം. തെരഞ്ഞെടുപ്പു പ്രചാരണ കാലത്ത് ആരോഗ്യ സംരക്ഷണത്തെക്കുറിച്ചു പറയുമ്പോഴും ഇതെല്ലാം ഓർമിക്കാറുണ്ടായിരുന്നു ബൈഡൻ.