മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ട സംഭവം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല
കല്‍പ്പറ്റ: വയനാട്ടില്‍ മാവോയിസ്റ്റ് പ്രവര്ത്തകന് വെടിയേറ്റ് മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ വസ്തുതകള്‍ പുറത്തുവരണം. അതിന് മജിസ്റ്റീരിയല്‍ അന്വേഷണം കൊണ്ട് യാതൊരുപ്രയോജനവുമുണ്ടാകില്ലെന്ന് കഴിഞ്ഞ കാലത്തെ സംഭവങ്ങള്‍ തെളിയിച്ചതാണ്. പടിഞ്ഞാറത്തറ സംഭവത്തില്‍ പൊലീസിന്റെ ഭാഷ്യം ആരും അംഗീകരിക്കുന്നില്ല. ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്ന് വിശ്വസിക്കത്തക്ക നിലയിലുള്ള അഭിപ്രായങ്ങളാണ് തദ്ദേശവാസികളായ അളുകളടക്കം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാവോയിസ്റ്റ് പ്രവര്‍ത്തകരില്‍ എട്ട് പേരെയാണ് ഈ സര്‍ക്കാര്‍ വെടിവച്ച് കൊന്നത്. ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ചേര്‍ന്ന നടപടിയാണോയിതെന്നും അദ്ദേഹം ചോദിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എടുത്ത സമീപനം മാവോയിസ്റ്റുകളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരികയെന്നതായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ഈ സര്‍ക്കാര്‍ എടുത്തിരിക്കുന്ന നയം അവരെ കണ്ടാലുടനെ വെടിവച്ച്കൊല്ലുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ നേരത്തെ ഇതിനെ എതിര്‍ത്തിരുന്നെങ്കിലും, ഇപ്പോള്‍ കാനം രാജേന്ദ്രന്റെ വായ് അടഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കടത്തും, അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നതടക്കമുള്ള പ്രതിപക്ഷം പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമത്തെ അഡീഷണല്‍ ്രൈപവറ്റ് സെക്രട്ടറിയെ കൂടി ചോദ്യം ചെയ്യാന്‍ പോകുകയാണ്. അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്താന്‍ ഇനിയും കാലതാമസമുണ്ടാകില്ലെന്നാണ് വിശ്വസിക്കുന്നത്.
അഴിമതിക്കും കൊള്ളക്കും കൂട്ടുനില്‍ക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്നത് പൂര്‍ണമായി ശരി വെക്കുന്ന സംഭവങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കേന്ദ്രഏജന്‍സികളെ വിളിച്ചുകൊണ്ട് വന്നതും, അന്വേഷണം തുടങ്ങിയപ്പോള്‍ ഗുഡ് സര്‍ട്ടിക്കറ്റ് നല്കിയതും മുഖ്യമന്ത്രിയാണ്. ഇപ്പോള്‍ സ്വന്തം ഓഫീസിലേക്ക് അന്വേഷണം നീളുമ്പോഴാണ് ഏജന്‍സികള്‍ വഴിവിട്ട് പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്നത്. ജനങ്ങള്‍ക്കറിയേണ്ടത് വസ്തുതയാണ്. അതുകൊണ്ട് തന്നെ സ്വര്‍ണ്ണക്കളക്കടത്ത് കേസുമായും മറ്റ് അഴിമതികളുമായി ബന്ധപ്പെട്ടും മുഴുവന്‍ വിവരങ്ങളും നിയമത്തിന് മുമ്പില്‍ വന്നേ മതിയാകൂ.
അതിനെ തടസപ്പെടുത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണ്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പാണ് കൂടിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു ഈ കള്ളക്കടത്ത് സംഘത്തെ പൂര്‍ണമായി സഹായിച്ചത്. ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ ഇത്തരം അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക വഴി അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികത നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രി രാജിവച്ച് പോകുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും ചെന്നിത്തല പറഞ്ഞു.
മയക്കുമരുന്ന് കച്ചവടം നടത്തുന്ന പാര്‍ട്ടിസെക്രട്ടറിയുടെ മകനെ എന്തുകൊണ്ടാണ് പാര്‍ട്ടിയും മുഖ്യമന്ത്രിയും തള്ളിപ്പറയാത്തതെന്നും അദ്ദേഹം ചോദിച്ചു. പാര്‍ട്ടിസെക്രട്ടറിയും മുഖ്യമന്ത്രിയും പ്രതിക്കൂട്ടില്‍ നില്ക്കുന്ന അവസ്ഥയാണുള്ളത്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയുടെ പുതിയ പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സിബിഐ അന്വേഷിച്ചാല്‍ കൂടുതല്‍ കുടുങ്ങുമെന്ന് കണ്ടാണ് അവരെ വിലക്കാന്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.