അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ: അന്തിമ ഫലം വൈകാൻ സാധ്യത, തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് ട്രംപ്
അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമം നടന്നതായുള്ള ഡൊണാൾഡ് ട്രംപിന്റെ ആരോപണത്തോടടെ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലേയ്ക്ക് നീങ്ങാൻ സാധ്യത. തിരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെട്ട് ട്രംപ് രംഗത്ത് വന്നിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിലെ വിജയം തീരുമാനിക്കേണ്ടത് ട്രംപല്ല ജനങ്ങളാണെന്ന വാദവുമായി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനും രംഗത്ത് എത്തിയിരുന്നു. ഇതോടെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രതിസന്ധി ഘട്ടത്തിലേക്ക് എത്തിച്ചേരുകയായിരുന്നു.
അതെ സമയം മിക്ക സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ ഇത് വരെ അവസാനിച്ചിട്ടില്ല. പല സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ സംബന്ധിച്ച് വ്യത്യസ്തമായ നിയമങ്ങളാണ് ഉള്ളത്. ഡൊണാൾഡ് ട്രംപ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയതോടെ വോട്ടെണ്ണൽ പ്രക്രിയയ്ക്ക് ആഴ്ചകൾ വേണ്ടിവരുമെന്നാണ് സൂചന. 2000 ലെ തെരഞ്ഞെടുപ്പിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് കോടതിയാണ് അന്തിമ ഫലം സംബന്ധിച്ച തീരുമാനമെടുത്തത്. വോട്ടെടുപ്പു കഴിഞ്ഞു ഒരു മാസത്തിനു ശേഷമാണ് ജോർജ് ബുഷിനെ കോടതി വിജയിയായി അന്ന് പ്രഖ്യാപിച്ചത്.
പുലർച്ച എണ്ണിയ വോട്ടുകളിൽ കൃത്രിമം നടന്നുവെന്നാണ് ട്രംപിന്റെ ആരോപണം. അതെ സമയം 238 ഇലക്ട്റൽ വോട്ടുകളാണ് ജോ ബൈഡൻ ഇപ്പോൾ നേടിയിരിക്കുന്നത്. 217 ഇലക്ട്റൽ വോട്ടുകൾ ട്രംപും നേടിയിട്ടുണ്ട്. പെൻസിൽവാനിയ, വിസ്കോൺസിൻ, മിഷിഗൺ, ജോർജിയ എന്നിവടങ്ങളിലെ ഫലം ഇപ്പോഴും പുറത്തു വന്നിട്ടില്ല. അതെ സമയം നിർണ്ണായകമായ ഫ്ലോറിഡ, ഒഹായോ , ടെക്സാസ് എന്നീ സംസ്ഥാനങ്ങളിൽ ട്രംപ് വിജയിച്ചിട്ടുണ്ട്.
മിഷിഗൻ, വിസ്കോൻസെന്, നോർത്ത് കാരലൈന, ജോർജിയ, നെവാഡ എന്നീ സ്റ്റേറ്റുകളിൽ ആരു ജയിക്കുമെന്നു കാര്യത്തിൽ ഇതുവരെ വ്യക്തമായ ഒരു ചിത്രം ലഭിച്ചിട്ടില്ല. നിർണ്ണായകമായ ഈ സംസ്ഥാങ്ങളിൽ തപാൽ വോട്ടുകളായിരിക്കും വിജയിയെ തീരുമാനിക്കുക. റിപ്പബ്ലിക്കൻ പാർട്ടിയുടെ കോട്ടയായി കരുതിയിരുന്ന അരിസോണയിൽ ജോ ബൈഡനാണ് വിജയിച്ചത്. 24 വർഷത്തിന് ശേഷമാണ് ഈ സംസ്ഥാനത്തു നിന്നും ഒരു ഡെമോക്രാറ്റിക് സ്ഥാനാർത്ഥി വിജയിക്കുന്നത്. കൊറോണ മഹാമാരിയെ തുടർന്ന് പ്രത്യേകം തയ്യാറാക്കിയ ബൂത്തുകളിലായിരുന്നു ഇത്തവണ വോട്ടുകൾ രേഖപ്പെടുത്തിയത്.