യുഎസ് സുപ്രീം കോടതി ജഡ്ജിയായി അമി ബാരറ്റ് സത്യപ്രതിജ്ഞ ചെയ്തു
വാഷിങ്ടൺ: ഡെമൊക്രറ്റുകളുടെ കടുത്ത എതിർപ്പ് മറികടന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നോമിനി അമി ബാരറ്റ് യുഎസ് സുപ്രീം കോടതിയിലെ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ സുപ്രീം കോടതിയിലെ ഒമ്പതു ജഡ്ജിമാരിൽ മൂന്നു പേർ ട്രംപ് നോമിനേറ്റ് ചെയ്തവരായി.
ജീവിതകാലത്തേക്കാണ് യുഎസിൽ സുപ്രീം കോടതി ജസ്റ്റിസുമാരെ നിയമിക്കുന്നത്. റിട്ടയർമെന്റ് പ്രായം ഇല്ലാതെ. ബാരറ്റ് കൂടിയെത്തുന്നതോടെ യുഎസ് സുപ്രീം കോടതിയിൽ യാഥാസ്ഥിതിക ഭൂരിപക്ഷം 6-3 എന്നായി മാറുമെന്നും നിഗമനം. നാൽപ്പത്തെട്ടുകാരിയായ ബാരറ്റ് മത യാഥാസ്ഥിതിക ചിന്താഗതിക്കാരിയായാണ് അറിയപ്പെടുന്നത്.
നവംബർ മൂന്നിലെ തെരഞ്ഞെടുപ്പിനു ശേഷം വിജയിക്കുന്ന പ്രസിഡന്റിന് പുതിയ ജസ്റ്റിസിനെ നോമിനേറ്റ് ചെയ്യാനുള്ള അവസരം വേണമെന്നാണ് ഡെമൊക്രറ്റുകൾ വാദിച്ചിരുന്നത്. തെരഞ്ഞെടുപ്പു പ്രക്രിയകൾ നടക്കുന്നതിനിടെ നിലവിലുള്ള പ്രസിഡന്റ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതു ജനാധിപത്യപരമല്ലെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, താൻ തെരഞ്ഞെടുക്കപ്പെട്ട കാലാവധി തീർന്നിട്ടില്ലെന്നും ഇപ്പോഴും പ്രസിഡന്റാണെന്നുമായിരുന്നു ട്രംപിന്റെ നിലപാട്.
റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റ് തിങ്കളാഴ്ച വൈകിട്ട് ട്രംപിന്റെ നോമിനിക്ക് ജസ്റ്റിസ് ആവാനുള്ള അംഗീകാരം നൽകി. 48നെതിരേ 52 വോട്ടുകൾക്കായിരുന്നു ഇത്. ഡെമൊക്രറ്റുകളുടെ ഒന്നിച്ചുള്ള പ്രതിരോധം റിപ്പബ്ലിക്കൻ പാർട്ടിയെയും ഒന്നിപ്പിച്ചുനിർത്തി. സെനറ്റിന്റെ അംഗീകാരം ലഭിച്ച് ഒരു മണിക്കൂറിനു ശേഷം യുഎസിന്റെ നൂറ്റിപ്പതിനഞ്ചാമത് ജസ്റ്റിസായുള്ള ബാരറ്റിന്റെ സത്യപ്രതിജ്ഞയും നടന്നു.
വൈറ്റ്ഹൗസിന്റെ സൗത്ത് ലോണിലായിരുന്നു ട്രംപിന്റെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ. ജസ്റ്റിസ് ക്ലാരൻസ് തോമസ് സത്യവാചകം ചൊല്ലിക്കൊടുത്തു. അമെരിക്കയുടെ ചരിത്രത്തിൽ നിർണായക ദിവസമാണ് ഇതെന്ന് ചടങ്ങിൽ ട്രംപ് പറഞ്ഞു. അമെരിക്കയുടെ ബുദ്ധിശാലിയായ നിയമപണ്ഡിതയാണ് അമി ബാരറ്റെന്നും ട്രംപ്. നവംബർ മൂന്നിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുൻപ് ട്രംപ് നേടുന്ന നിർണായക വിജയമാണിത്.
സെനറ്റിനു നന്ദി പറഞ്ഞ ബാരറ്റ് തന്നിൽ ഏൽപ്പിച്ച ജോലികൾ കഴിയുംവിധം ഭംഗിയായി നിർവഹിക്കുമെന്ന് യുഎസിലെ ജനങ്ങൾക്ക് ഉറപ്പുനൽകി.