കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് ബിഹാറിൽ റാലികൾ
പാറ്റ്ന: ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണച്ചൂടിൽ കൊവിഡ് മാർഗനിർദേശങ്ങൾ കാറ്റിൽ പറക്കുന്നു. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചാൽ കർശന നടപടിയെന്നൊക്കെ തെരഞ്ഞെടുപ്പു കമ്മിഷൻ മുന്നറിയിപ്പു നൽകിയിട്ടുണ്ടെങ്കിലും അതൊന്നും കളത്തിൽ കാണാനില്ല. തെരഞ്ഞെടുപ്പു റാലികൾക്ക് ജനങ്ങൾ വൻതോതിലാണു തടിച്ചുകൂടുന്നത്. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് പലപ്പോഴും റാലികൾ നടക്കുന്നതും.
ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി, ബിഹാർ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ചുമതലയുള്ള മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, മുൻ കേന്ദ്രമന്ത്രിയും ഛപ്ര എംപിയുമായ രാജീവ് പ്രതാപ് റൂഡി, ഗയയിലെ എംപി വിജയ് മാഞ്ചി, ബിജെപി ദേശീയ വക്താവ് സയ്യിദ് ഷാനവാസ് ഹുസൈൻ, മുൻ സംസ്ഥാന മന്ത്രി നരേന്ദ്ര സിങ് എന്നിവർക്ക് കൊവിഡ് ബാധിച്ചു കഴിഞ്ഞു. പക്ഷേ, ഇതൊന്നും തെരഞ്ഞെടുപ്പു പ്രചാരണത്തിൽ നിയന്ത്രണത്തിന് കാരണമാവുന്നില്ല. ഒരു നിയന്ത്രണവുമില്ലാതെയാണ് ജനങ്ങൾ റാലികൾക്ക് എത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും റാലികൾക്ക് നിയന്ത്രണങ്ങൾ പാലിച്ചിരുന്നുവെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ഈ റാലികളിലും മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടതായി ആരോപണങ്ങളുമുണ്ട്. വലിയ തോതിൽ ആളുകൾ ഈ റാലികൾക്കും എത്തിയിരുന്നു. സാമൂഹിക അകലം പാലിക്കാതെയും മാസ്ക് താഴ്ത്തിവച്ചും അണികൾ മോദിയുടെ റാലിയിൽ ആവേശത്തോടെ പങ്കെടുത്തതിന്റെ വിഡിയോയും പ്രചരിക്കുന്നുണ്ട്. മോദിയും മുഖ്യമന്ത്രി നിതീഷ്കുമാറും വേദി പങ്കിട്ട റാലിയിൽ ജനങ്ങളെ നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ താത്പര്യം കാണിച്ചില്ലെന്നാണു പരാതി. രാഹുൽ ഗാന്ധിയും തേജസ്വി യാദവും പങ്കെടുത്ത റാലിയെക്കുറിച്ചും ഇത്തരം ആരോപണങ്ങളുണ്ട്.
ഇതിനെക്കാൾ വളരെയേറെ കഷ്ടമാണ് മറ്റു പല റാലികളിലെയും അവസ്ഥ. ജാഗ്രതാ നിർദേശങ്ങൾ ഒന്നാകെ കാറ്റിൽ പറത്തിയാണ് ജനക്കൂട്ടങ്ങളെത്തിയത്. ഇത്തരം റാലികൾ തെരഞ്ഞെടുപ്പു കമ്മിഷന്റെ ശ്രദ്ധയിലെത്തിയിട്ടുണ്ടെന്ന് പോളിങ് ഉദ്യോഗസ്ഥർ പറയുന്നുണ്ട്. മാർഗനിർദേശങ്ങൾക്കു പുല്ലുവില കൽപ്പിക്കുന്നത് അപകടകരമാണെന്ന് അവർ മുന്നറിയിപ്പു നൽകുന്നു. സ്ഥാനാർഥികളും സംഘാടകരും കൊവിഡ് മാർഗനിർദേശങ്ങൾക്കു വില കൽപ്പിക്കുന്നില്ല എന്നാണ് ആക്ഷേപം.
മാസ്ക്കും സാമൂഹിക അകലവും ഇല്ലാതെ നൂറുകണക്കിനാളുകൾ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെയും പ്രതിപക്ഷ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവിന്റെയും റാലികളിൽ പങ്കെടുക്കുന്നുണ്ട്. ഇതേക്കുറിച്ച് ആളുകളോടു ചോദിച്ചാൽ അവരുടെ മറുപടി മറന്നുപോയെന്നും പോക്കറ്റിൽ നിന്നു നഷ്ടപ്പെട്ടുവെന്നും കടുത്ത ചൂടു മൂലം മാസ്ക് വയ്ക്കാൻ പറ്റുന്നില്ലെന്നുമൊക്കെയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
റാലി നടക്കുന്ന വേദികളിൽ കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാൻ മജിസ്ട്രേറ്റുമാരെ നിയോഗിച്ചിട്ടുണ്ട്. ഇവരോട് കർശന നടപടികളെടുക്കാൻ പറഞ്ഞിട്ടുണ്ടെന്നാണ് അഡീഷനൽ ചീഫ് ഇലക്റ്ററൽ ഓഫിസർ സഞ്ജയ് കുമാർ സിങ് അവകാശപ്പെടുന്നത്. വേദികളിലിരിക്കുന്ന നേതാക്കൾ മാസ്ക് ധരിക്കുന്നുണ്ട്. സാമൂഹിക അകലവും പാലിക്കുന്നുണ്ട്. എന്നാൽ, ഹെലികോപ്റ്റർ ഇറങ്ങുന്നതു കാണാനും നേതാക്കളെ അടുത്തു കാണാനും വരെ ജനങ്ങൾ തിക്കിത്തിരക്കുകയാണ്.
കഴിഞ്ഞ ദിവസം ഭഗൽപുരിൽ തേജസ്വി യാദവിന്റെ റാലിസ്ഥലത്ത് വലിയ ജനക്കൂട്ടമായിരുന്നു. അവർ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചു. ആദ്യം നിതീഷിനെ തോൽപ്പിക്കാം, അതു കഴിഞ്ഞാവാം കൊറോണയെ- തേജസ്വി യാദവിനു ജയ് വിളിച്ചുകൊണ്ട് ഒരു സംഘം അണികൾ പറഞ്ഞത് ഇങ്ങനെ. കഹൽഗാവിൽ ബിജെപി നേതാവ് മനോജ് തിവാരിയുടെ റാലിക്കും ഏതാണ്ട് ഇതേ സ്ഥിതിയായിരുന്നു. സാമൂഹിക അകലം പാലിക്കുക അസാധ്യമെന്ന് അവിടെയുണ്ടായിരുന്ന പാർട്ടിയുടെ പ്രാദേശിക നേതാക്കളും സ്ഥാനാർഥിയും പറയുന്നു.
മുഖ്യമന്ത്രി നിതീഷ്കുമാർ ദിവസവും നാലും അഞ്ചും റാലികളിൽ പ്രസംഗിക്കുന്നുണ്ട്. അവിടെയെല്ലാം സ്ഥിതി ഇതു തന്നെയാണ്. ബിഹാറിൽ കാട്ടുഭരണം നടപ്പാക്കിയ ലാലു പ്രസാദിനെയും അവരുടെ പാർട്ടിക്കാരെയുമാണ് കൊറോണ പിടിക്കുക എന്നായിരുന്നു ഗോപാൽഗഞ്ച് ജില്ലയിലെ ഭോറിൽ റാലിക്കെത്തിയ ഒരു നിതീഷ് ആരാധകന്റെ പ്രതികരണം!