മഹാരാഷ്ട്രയിൽ കേസുകൾ കുറഞ്ഞു; പ്രതിദിന വർധനയിൽ കേരളം വീണ്ടും ഒന്നാമത്
ന്യൂഡൽഹി: മഹാരാഷ്ട്രയിലും കർണാടകയിലും കൊവിഡ് കേസുകളുടെ പ്രതിദിന വർധനയിൽ കുറവു വന്നപ്പോൾ ഒരു ദിവസം സ്ഥിരീകരിക്കുന്ന പുതിയ കേസുകളിൽ കേരളം വീണ്ടും ഒന്നാമതെത്തി. ഇന്നു രാവിലെ അവസാനിച്ച 24 മണിക്കൂറിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത് 8,142 പുതിയ കേസുകളാണ്; കേരളത്തിൽ 8,369 കേസുകളും. കർണാടകയിൽ 5,872 പേർക്കാണു പുതുതായി രോഗം കണ്ടെത്തിയത്.
തുടർച്ചയായി രണ്ടാം ദിവസവും തമിഴ്നാട്ടിൽ മൂവായിരത്തിനു തൊട്ടുമുകളിലാണു പുതിയ കേസുകൾ. ആന്ധ്രപ്രദേശിൽ 3,746 പേർക്കു കൂടി രോഗം കണ്ടെത്തിയപ്പോൾ പശ്ചിമ ബംഗാളിൽ 4,069 പേർക്കു കൂടി രോഗം കണ്ടെത്തി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണു പശ്ചിമ ബംഗാളിൽ.
പതിമൂന്നു ശതമാനത്തിലേറെയാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ദേശീയ ശരാശരി 7.87 ശതമാനമായിരിക്കെയാണിത്. 62,030 സാംപിളുകൾ ഇന്നലെ സംസ്ഥാനത്തു പരിശോധിച്ചു. കേരളത്തിലെ മൊത്തം കേസുകൾ 3.48 ലക്ഷം കടന്നപ്പോൾ അതിൽ 2.67 ലക്ഷത്തിലേറെ പേരും രോഗമുക്തരായിട്ടുണ്ട്. 26 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 1,232 ആയി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ മരണനിരക്കാണു കേരളത്തിൽ.
മഹാരാഷ്ട്രയിലെ മൊത്തം കേസുകൾ 16.17 ലക്ഷം പിന്നിട്ടു. 1.58 ലക്ഷത്തിലേറെ ആക്റ്റിവ് കേസുകൾ സംസ്ഥാനത്തുണ്ട്. 7.82 ലക്ഷമാണ് കർണാടകയിലെ മൊത്തം കേസുകൾ. ഇതിൽ 6.71 ലക്ഷം പേരും രോഗമുക്തരായി. 3086 പുതിയ രോഗബാധിതരെ കൂടി കണ്ടെത്തി തമിഴ്നാട്. 6.97 ലക്ഷമാണ് സംസ്ഥാനത്തെ ഇതുവരെയുള്ള കൊവിഡ് കേസുകൾ. ആറര ലക്ഷത്തിലേറെ പേരും രോഗമുക്തരായിട്ടുണ്ട്.
രാജ്യത്ത് മൊത്തം കേസുകളിൽ മഹാരാഷ്ട്രയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ആന്ധ്രപ്രദേശിൽ 7.93 ലക്ഷമായി ഇതുവരെയുള്ള രോഗബാധിതർ. 7.54 ലക്ഷത്തിലേറെ പേരും രോഗമുക്തരുമായിട്ടുണ്ട് ആന്ധ്രയിൽ. 32,376 ആക്റ്റിവ് കേസുകളാണ് ഇപ്പോഴുള്ളത്.
കേരളത്തിലെക്കാൾ കുറവാണ് പശ്ചിമ ബംഗാളിലെ മൊത്തം കേസുകൾ. 3.33 ലക്ഷം പേർക്കാണ് അവിടെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആക്റ്റിവ് കേസുകൾ 35,579. ടെസ്റ്റുകൾ കുറവാണ് എന്നതാണു ബംഗാളിലെ യഥാർഥ അവസ്ഥ പുറത്തുകൊണ്ടുവരാത്തത് എന്ന പരാതി സംസ്ഥാന സർക്കാരിനെതിരേ ഉയരുന്നുണ്ട്. ബുധനാഴ്ച 43,592 പരിശോധനകളാണു ബംഗാളിൽ നടത്തിയത്. 87.45 ശതമാനം റിക്കവറി നിരക്കുണ്ട് സംസ്ഥാനത്ത്. ഒമ്പതു ശതമാനത്തിലേറെയാണ് കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.