പോഷണം
ഊർജലഭ്യത, വളർച്ചയ്ക്കും വികാസത്തിനും വേണ്ടിയുള്ള പദാർഥങ്ങളുടെ സംശ്ലേഷണം, രോഗങ്ങളിൽ നിന്നുള്ള സംരക്ഷണം എന്നിവയ്ക്കായി ജീവികൾ പോഷകങ്ങളെ ഉപയോഗപ്പെടുത്തുന്ന പ്രക്രിയയാണ് പോഷണം. പോഷണം രണ്ടുവിധം ഉണ്ട്. സപോഷണവും പരപോഷണവും
<സ്വപോഷണം (Autotrophic nutrition)
ചുറ്റുപാടുകളില്‍ നിന്ന് ലഭിക്കുന്ന ലഘുവായ അകാര്‍ബണിക (Inorganic) തന്മാത്രകള് ഉപയോഗിച്ച് സങ്കീര്‍ണമായ കാര്‍ബണിക (organic) സംയുക്തങ്ങള്‍ തയാറാക്കാനുള്ള കഴിവ്.
ഈ കഴിവുള്ള ജീവികളാണ് സ്വപോഷികള്‍. ഹരിത സസ്യങ്ങള്‍, ചില ഇനം ബാക്ടീരിയ (സള്‍ഫര്‍ ബാക്ടീരിയ) അയണ്‍ ബാക്ടീരിയ എന്നിവ സ്വപോഷികള്ക്ക് ഉദാഹരണങ്ങളാണ്.
<പരപോഷണം (Heterotrophic nutrition)
പരപോഷണം നടത്തുന്ന ജീവികളാണ് പരപോഷികള്‍. പരപോഷികളില് സസ്യഭുക്കുകളും മാംസഭുക്കുകളും ഉള്‍പ്പെടുന്നു.
പരപോഷികള്‍ മൂന്നുതരം
1. പരാദങ്ങള്‍ (parasites) : ആഹാരത്തിനായി മറ്റു സസ്യങ്ങളെയോ ജന്തുക്കളെയോ ആശ്രയിക്കുന്ന ജീവികളാണ് പരാദങ്ങള്‍.
<പരാദങ്ങള്‍ രണ്ടിനമുണ്ട്
(a) പൂര്‍ണ പരാദങ്ങള്‍ (total parasites): ഇവ ആതിഥേയ ജീവിയെ പൂര്‍ണമായി ആശ്രയിക്കുന്നു.
ഉദാ: മൂടില്ലാത്താളി, നാടവിര, മൂട്ട.
(b) അര്‍ധ പരാദങ്ങള്‍ (partial parasites) : ആഹാരത്തിനായി ആതിഥേയ ജീവിയെ ഭാഗികമായ മാത്രം ആശ്രയിക്കുന്നവ.
ഉദാ: ഇത്തിള്‍, ചന്ദനമരം
ഓര്‍മിക്കാന്‍
<പരാദങ്ങളെ മറ്റൊരു വിധത്തിലും തരം തിരിക്കാം.
ബാഹ്യപരാദം (ectoparasites), ആന്തര പരാദം (endoparasites)
2. സാപ്രോഫൈറ്റുകള്‍
(ശവോപജീവികള്‍):
മൃതമായ ജൈവവസ്തുക്കളില്‍ നിന്നും ആഹാരം സ്വീകരിക്കുന്ന സസ്യങ്ങളാണ് സാപ്രോഫൈറ്റുകള്‍.
ഉദാ: മോണോട്രോപ്പ്, ബാക്ടീരിയ, ഫംഗസുകള്‍.
വ്യത്യസ്ത സ്പീഷീസുകള്‍ തമ്മിലുള്ള പരപസ്പര ബന്ധം
ഈ ബന്ധത്തെ രണ്ടായി തരം തിരിക്കാം.
(a) സഹോപകാരിത (mutualism or symbiosis)
ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള രണ്ടു പങ്കാളികള്‍ക്കും ബന്ധം ഗുണകരമാണ്.
ഉദാ: ലൈക്കന്‍, പയര്ചെടിയും റൈസോബിയം ബാക്ടീരിയവും, പശുവും കൊറ്റിയും, മുതലയും പ്ലോവര്പക്ഷിയും.
b) സഹഭോജിത (commensalism)
ഇതില്‍ പങ്കാളികളില്‍ ഒന്നിനു മാത്രമേ ബന്ധം ഉപകാരപ്രദമാകുന്നുള്ളു. മറ്റേതിന് ഗുണമോ ദോഷമോ ഇല്ല.
ഉദാ: സ്രാവും റിമോറയും, സന്യാസി ഞണ്ടും കടല്‍ പൂവും, മരവാഴയും താങ്ങുവൃക്ഷവും.
ട്രൈക്കോഡിന, കെറോണ എന്നീ പ്രോട്ടോസോവ വര്‍ഗത്തില്‍പ്പെട്ട ജീവികള്‍ക്ക് ഹൈഡ്ര,വോര്ട്ടിസെല്ല മുതലായ ജലജീവികളുമായുള്ള ബന്ധവും സഹഭോജിതയാണ്.
3.സിംബയോസിസ് (symbiosis):
തരം തിരിക്കല്‍ – മറ്റൊരു രീതി
വ്യത്യസ്ത സ്പീഷിസിലുള്ള രണ്ടോ അതിലധികമോ ജീവികള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെട്ടു ജീവിക്കുന്ന അവസ്ഥയാണ് സിംബയോസിസ്
സിംബയോട്ടിക് ബന്ധങ്ങള്‍
വ്യത്യസ്തരീതികളിലുണ്ട്.
1. മ്യൂചലിസം: ബന്ധം രണ്ടു പങ്കാളികള്‍ക്കും ഗുണകരമാകുന്നു.
2. കമന്സലിസം: ബന്ധം പങ്കാളികളില്‍ ഒന്നിനുമാത്രം ഗുണകരമാകുന്നു. മറ്റേതിന് ഗുണവും ദോഷവുമില്ല.
3. പരാദനം: ബന്ധം പങ്കാളികളില്‍ ഒന്നിന് ഗുണകരവും മറ്റേതിന് ദോഷകരവുമാവുന്ന അവസ്ഥ.
4.ഇരപിടിയന്‍ സസ്യങ്ങള്‍:
ചില സസ്യങ്ങള്‍ സ്വയം ആഹാരം തയാറാക്കുന്നതോടൊപ്പം മറ്റു ജീവികളെ കെണിയില്‍പ്പെടുത്തി ദഹിപ്പിച്ച് ആഹാരത്തിലെ പോഷകഘടകങ്ങളെ ആഗിരണം ചെയ്യുന്നു.
ഉദാ: ഡ്രൊസീറ (സണ്ഡ്യൂ) യൂട്രിക്കുലേറിയ, നെപ്പന്തസ്
പോഷണം സസ്യങ്ങളില്‍
സസ്യങ്ങള്‍ക്ക് ആവശ്യമായ പോഷക മൂലകങ്ങളെ രണ്ടുവിഭാഗങ്ങളായി തിരിക്കാം.
1) കൂടിയ അളവില്‍ ആവശ്യമുള്ളവ (macronutrients): കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, സള്‍ഫര്‍, കാത്സ്യം, മഗ്നീഷ്യം, സിലിക്കണ്‍.
2) കുറഞ്ഞ അളവില്‍ ആവശ്യമുള്ളവ (micronutrients):
ഇരുമ്പ്, മാംഗനീസ്, കോപ്പര്‍, മോളിബ്ഡിനം, സിങ്ക്, ബോറോണ്‍, ക്ലോറിന്‍, കൊബള്ട്ട്, വനേഡിയം, നിക്കല്‍, ക്രോമിയം, ഫ്ളൂറിന്, അയൊഡിന്‍.
ജലം കാണ്ഡത്തിലൂടെ എത്തുന്നതിന്
സഹായിക്കുന്ന ഘടകങ്ങള്‍
1. ടര്‍ഗര്‍ പ്രഷര്‍: കോശങ്ങളില്‍ ജലം നിറയുമ്പോള്‍ അവയില്‍ അനുഭവപ്പെടുന്ന മര്‍ദ്ദമാണ് ടര്‍ഗര്‍ പ്രഷര്‍.
വേരിലെ കോശങ്ങളില്‍ ഇപ്രകാരം രൂപംകൊള്ളുന്ന മര്‍ദ്ദമാണ് റൂട്ട് പ്രഷര്‍ (മൂലമര്‍ദം). ഈ മര്‍ദം മൂലം സൈലം കുഴലുകളില്‍കൂടി ജലം മുകളിലേക്ക് തള്ളിവിടപ്പെടുന്നു.
2. സസ്യസ്വേദനം മൂലം അനുഭവപ്പെടുന്ന വലിവ്
ഇലകളിലെ കോശങ്ങളില്‍ നിന്നും ജലം ബാഷ്പരൂപത്തില്‍ ആസ്യരന്ധ്രങ്ങളിലൂടെ പുറത്തുപോകുന്ന പ്രവര്‍ത്തനമാണ് സസ്യസ്വേദനം. ജലം നഷ്ടപ്പെടുന്ന കോശങ്ങളിലേക്ക് സമീപത്തുള്ള കോശങ്ങളില്‍ നിന്നു ജലം കടക്കാനുള്ള പ്രവണത ഉണ്ടാകുന്നു. ജലതന്മാത്രകള്ക്ക് പരസ്പരം ഒട്ടിച്ചേര്ന്നിരിക്കാനുള്ള കഴിവുണ്ട്. ഇതിന് കൊഹിഷന്‍ ബലം എന്നു പറയുന്നു. കൊഹിഷന്‍ ബലം മൂലം അനുഭവപ്പെടുന്ന വലിവ് ജലം മുകളിലേക്കുയരാന്‍ കാരണമാകുന്നു.
3. ആപാനം
ഗാഢതാക്രമത്തിലുള്ള വ്യത്യാസം മൂലം ജലത്തിനോടു പ്രതിപത്തി കാണിക്കുന്ന ചില ഖര വസ്തുക്കളോ അര്‍ധ ഖരവസ്തുക്കളോ ജലം വലിച്ചെടുക്കുന്ന പ്രക്രിയയാണ് ആപാനം. സൈലം കുഴലുകളുടെ ഭിത്തി നിര്‍മിച്ചിരിക്കുന്ന സെല്ലുലോസും ലിഗ്നിനും ജലത്തോട് വളരെയധികം പ്രതിപത്തി കാണിക്കുന്നു. തന്മൂലം സൈലം കുഴലുകളിലേക്ക് കോശഭിത്തിയിലൂടെ ആപാനം മൂലം ജലം പ്രവഹിക്കുന്നു.
4. കാപ്പിലറി പ്രവര്‍ത്തനം അഥവാ കേശികത്വം
ഒരഗ്രം പാത്രത്തിലെ ജലത്തില്‍ താഴ്ത്തിവച്ചിരിക്കുന്ന നേര്‍ത്ത കുഴലില്‍ ജലവിതാനം പാത്രത്തിലെ ജലനിരപ്പിനേക്കാള്‍ അല്പം ഉയര്‍ന്നു സ്ഥിതിചെയ്യുന്നു. ഇതാണ് കേശികത്വം. ജല തന്മാത്രകളും കുഴലിന്റെ ഉള്ഭിത്തിയും തമ്മിലുള്ള അഡ്ഹിഷന്‍ ബലവും ജല തന്മാത്രകള്ക്ക് പരസ്പരമുള്ള കൊഹിഷന്‍ ബലവും മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. കാപ്പിലറിപ്രവര്ത്തനവും ജലം മുകളിലേക്കുയരാന്‍ ഒരു കാരണമാണ്.
പ്രകാശസംശ്ലേഷണം
സസ്യങ്ങളില്‍ ആഹാരനിര്‍മാണം നടക്കുന്നത് പ്രകാശ സംശ്ലേഷണം എന്ന രാസപ്രവര്ത്തിനത്തിലൂടെയാണ്.
ഹരിത സസ്യങ്ങള്‍ സൂര്യപ്രകാശം, ഹരിതകം എന്നിവയുടെ സാന്നിധ്യത്തില്‍ ജലം, കാര്‍ബണ്‍ ഡയോക്സൈഡ് എന്നിവയെ കൂട്ടിച്ചേര്‍ത്ത് ഗ്ലൂക്കോസ് നിര്‍മിക്കുന്ന പ്രവര്‍ത്തനമാണ് പ്രകാശ സംശ്ലേഷണം.
പ്രകാശസംശ്ലേഷണത്തിന്റെ രണ്ടു ഘട്ടങ്ങള്‍
1) പ്രകാശഘട്ടം: പ്രകാശഘട്ടത്തിനാവശ്യമായ ഊര്‍ജം ലഭിക്കുന്നത് സൂര്യപ്രകാശത്തില്‍ നിന്നാണ്. ഈ ഘട്ടത്തില്‍ ജലം വിഘടിച്ച് ഹൈഡ്രജനും ഓക്സിജനും ഉണ്ടാകുന്നു. ഈ രാസപ്രവര്‍ത്തനത്തെ ഫോട്ടോളിസിസ് എന്നും പറയുന്നു. ഹരിതകണത്തിലെ ഗ്രാനയില്വെച്ചാണ് ഈ പ്രവര്‍ത്തനം നടക്കുന്നത്.
2) ഇരുണ്ടഘട്ടം
ഈ ഘട്ടത്തില്‍ ഹൈഡ്രജനും കാര്‍ബണ്‍ ഡയോക്സൈഡും സംയോജിച്ച് ഗ്ലൂക്കോസ് ഉണ്ടാകുന്നു. ഇതു നടക്കുന്നത് ഹരിതകണത്തിലെ സ്ട്രോമയില്‍ വച്ചാണ്. ഈ പ്രവര്‍ത്തനം നടക്കാന്‍ പ്രകാശം ആവശ്യമില്ലാത്തതിനാലാണ് ഈ ഘട്ടത്തെ ഇരുണ്ടഘട്ടം എന്നു പറയുന്നത്. അതായത് പ്രകാശമുണ്ടെങ്കിലും ഇല്ലെങ്കിലും ഈ പ്രവര്‍ത്തനം നടക്കും.
പോഷണം ജന്തുക്കളില്‍
പോഷണത്തിന്റെ ഘട്ടങ്ങള്‍:
1. ആഹാരസ്വീകരണം : ആഹാരം ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തനം.
2. ദഹനം : ആഹാരത്തെ ലഘുപദാര്ത്ഥങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനം.
3. ആഗിരണം : ദഹിച്ച ആഹാരത്തിലെ പോഷക ഘടകങ്ങളെ ശരീരത്തിനുള്ളിലേക്ക് ആഗിരണം ചെയ്യുന്ന പ്രവര്‍ത്തനം.
4. സ്വാംശീകരണം : ആഗിരണം ചെയ്ത പദാര്‍ത്ഥങ്ങളെ ശരീരത്തിന്റെ ഭാഗമാക്കി മാറ്റുന്ന പ്രവര്‍ത്തനം.
5. വിസര്‍ജനം : ആഗിരണത്തിനു ശേഷം അവശേഷിക്കുന്ന വസ്തുക്കളെ പുറന്തള്ളുന്ന പ്രവര്‍ത്തനം.
ദഹനം രണ്ടുവിധം
1. കോശത്തിനുള്ളില്‍ വച്ചു നടക്കുന്ന ദഹനം. ഉദാ: അമീബ ആഹാരത്തെ കോശത്തിനുള്ളിലേക്ക് ഉള്‍ക്കൊള്ളുന്നു. അവിടെ വച്ച് ദഹനം നടക്കുന്നു.
2. കോശത്തിനുവെളിയില് വച്ചു നടക്കുന്ന ദഹനം ആഹാരം ദഹനേന്ദ്രിയത്തിനുള്ളില് പ്രത്യേക അറകളില്‍ വച്ച് നടക്കുന്നു. ആഗിരണം ചെയ്യപ്പെടുന്ന പോഷകങ്ങള്‍ കോശങ്ങള്‍ക്ക് ലഭിക്കുന്നു.
പോഷണം മനുഷ്യനില്‍
നാം കഴിക്കുന്ന ഭക്ഷണത്തിലെ വലിയ തന്മാത്രകളെ കുടലിലെ ചെറുസുഷിരങ്ങളിലൂടെ രക്തത്തില്‍ പ്രവേശിക്കാന്‍ തക്ക ചെറിയ തന്മാത്രകളാക്കി വിഭജിക്കുന്ന പ്രക്രിയയാണ് ദഹന വ്യവസ്ഥയില്‍ നടക്കുന്നത്.
ദഹന വ്യവസ്ഥയുടെ ഭാഗങ്ങള്‍
വായ് : ദഹന വ്യവസ്ഥയുടെ ആദ്യഭാഗം. ഇവിടെ വച്ച് ആഹാരം ചവച്ചരച്ച് ഉമിനീരുമായി കലരുന്നു. ദഹനപ്രക്രിയയുടെ ആരംഭം കുറിക്കുന്നത് ഉമിനീരാണ്. വായയുടെ വ്യത്യസ്ത വശങ്ങളിലായി സ്ഥിതിചെയ്യുന്ന മൂന്നുജോഡി ഉമിനീര് ഗ്രന്ഥികളില്‍ നിന്നാണ് ഉമിനീര് ഊറിവരുന്നത്. പരോട്ടിഡ്, സബ്മാന്‍ഡിബുലാര്‍, സബ്ലിംഗ്വല്‍ എന്നിവയാണിവ.
പല്ല്
പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് 32 പല്ലുകളാണുള്ളത്. അവ നാലു വിഭാഗങ്ങളില്‍പ്പെടുന്നു. 1. കോമ്പല്ല് (4എണ്ണം), 2. ഉളിപ്പല്ല് (8എണ്ണം), 3. ചര്‍വണകം (12എണ്ണം). 4. അഗ്രചര്‍വണകം (8എണ്ണം) ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം പല്ലിന്റെ ഇനാമല്‍.
ഉമിനീരിലുള്ള ടയലിന്‍ എന്ന എന്‍സൈം സെല്ലുലോസ് ആവരണം നീക്കപ്പെട്ട കാര്‍ബോഹൈഡ്രേറ്റുകളെ – അതായത് നല്ലപോലെ വേവിച്ച അരിയും മറ്റു ധാന്യങ്ങളും – വിവിധ പടവുകളിലായി മാള്‍ട്ടോസ് എന്ന പഞ്ചസാരയാക്കി മാറ്റുന്നു.
ഉമിനീരിന് മറ്റൊരു ധര്‍മം കൂടിയുണ്ട്. ഭക്ഷണത്തെ നനച്ച് മൃദുവാക്കി വിഴുങ്ങുന്നതിന് സൗകര്യപ്പെടുത്തുക.
ഉമിനീരില്‍ അടങ്ങിയിരിക്കുന്ന രാസാഗ്നി – ടയലിന്‍. ഒരു ദിവസം ഏതാണ്ട് 1.5 ലിറ്റര്‍ ഉമിനീര് ഉണ്ടാകുന്നുണ്ട്.
ആമാശയം
വായില്‍നിന്ന് ഇറക്കിയ ഭക്ഷണം ഏതാണ്ട് രണ്ട് മൂന്നു മിനിറ്റിനുള്ളില്‍ ആമാശയത്തിലെത്തുന്നു.
ഓര്‍മിക്കാന്‍
നാം കഴിക്കുന്ന ആഹാരത്തെ കീഴ്പോട്ടു കൊണ്ടുപോകുന്നതിന് സഹായിക്കുന്ന അന്നനാളത്തിലെ പേശികളുടെ തരംഗ രൂപത്തിലുള്ള സങ്കോചത്തിന് പറയുന്ന പേര് – പെരിസ്റ്റാള്‍സിസ്.
ആമാശയത്തിന്റെ നിരന്തര ചലനം ഭക്ഷണത്തെ നല്ലവണ്ണം കശക്കിച്ചേര്ക്കുന്നു. ആമാശയഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ദഹനരസം ആഹാരത്തെ നന്നായി ദഹിപ്പിക്കുന്നു. പെപ്സിന്‍, ലൈപ്പേസ്, റെനിന് എന്നീ രാസാഗ്നികള്ക്കുപുറമെ നേര്‍ത്ത ഹൈഡ്രോക്ലോറിക് ആസിഡും ആമാശയരസത്തില്‍ അടങ്ങിയിരിക്കുന്നു. ഹൈഡ്രേക്ലോറിക് ആസിഡ് ഒരു രോഗാണുനാശിനി കൂടിയാണ്.
പെപ്സിന്‍ – മാംസ്യാഹരത്തിലടങ്ങിയിരിക്കുന്ന പ്രോട്ടീനുകളെ ദഹിപ്പിച്ച് പെപ്ടോണാക്കി മാറ്റുന്നു.
റെനിന് പാലിലെ പ്രോട്ടീനുകളെ ദഹിപ്പിക്കാന്‍ കൂറേക്കൂടി എളുപ്പമായ തൈരിലെ പ്രോട്ടീനാക്കി മാറ്റുന്നു.
ലൈപ്പേസ് – കൊഴുപ്പുകളെ ദഹിപ്പിക്കുന്നു.
ഏതാണ്ട് 1.2 മുതല്‍ 1.5 ലിറ്റര്‍ വരെ ദഹനരസം ഒരു ദിവസം ആമാശയം ഉല്പാദിപ്പിക്കുന്നുണ്ട്.
കരള്‍
ആമാശയത്തില്‍ വച്ച് ദഹനപ്രക്രിയ പൂര്‍ത്തിയാക്കിയ ഭക്ഷണം ചെറുകുടലിന്റെ തുടക്കഭാഗമായ ഡുവോഡിനത്തില്‍ പ്രവേശിക്കുന്നു. ഡുവോഡിനത്തില്‍ വച്ചാണ് കരളുല്പാദിപ്പിക്കുന്ന പിത്തനീരും പാന്‍ക്രിയാസില്‍ നിന്നു വരുന്ന എന്‍സൈമുകളും കൂടി ദഹനപ്രക്രിയ പൂര്‍ത്തിയാക്കുന്നത്.
പിത്ത ലവണങ്ങള്‍, പിത്ത വര്‍ണ്ണകങ്ങള്‍, മ്യൂസിന്, വെള്ളം എന്നിവയാണ് പിത്തരസത്തിന്റെ ഘടകങ്ങള്‍. നിഷ്ക്രിയമായിത്തീര്‍ന്ന ചുവന്നരക്താണുക്കളില്നിന്ന് ഇരുമ്പിന്റെ അംശം കളഞ്ഞാണ് കരള്‍ പിത്തരസത്തിലെ ബിലിറൂബിന്‍ ഉല്പാദിപ്പിക്കുന്നത്. ഈ പിത്തരസം പിത്തസഞ്ചിയില്‍ (ഗാള്‍ ബ്ലാഡറില്‍) സംഭരിച്ചു വയ്ക്കപ്പെടുന്നു. ബിലിറൂബിനാണ് പിത്തരസത്തിന് മഞ്ഞനിറം നല്‍കുന്നത്.
മഞ്ഞപ്പിത്തം
കരളിന്റെ പ്രവര്‍ത്തനത്തില്‍ വരുന്ന തകരാറുകള്‍കൊണ്ട് രക്തത്തില്‍ ബിലിറൂബിന്റെ അംശം അധികം കലര്‍ന്നാല്‍ കണ്ണിലും തൊലിയിലും മഞ്ഞനിറം കാണുന്നു. ഇതാണ് മഞ്ഞപ്പിത്തം. ബിലിറൂബിന്‍ ദഹനത്തില്‍ ഒരു പങ്കുമില്ല. കൊഴുപ്പിനെ ചെറുകണികകളാക്കാന് പിത്തരസം സഹായിക്കുന്നു. പിത്തരസം കുറഞ്ഞാല്‍ കൊഴുപ്പു കലര്‍ന്ന ഒരു തരം വയറിളക്കം ഉണ്ടാകുന്നു. ഗ്ലൂക്കോസായി മാറാത്ത പഞ്ചസാരകളെ ഗ്ലൂക്കോസാക്കി മാറ്റുന്നത് കരളാണ്. ശരീരത്തിന് ഉടനെ ആവശ്യമില്ലാത്ത ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി സംഭരിച്ചു വയ്ക്കുന്നു. ആവശ്യംവരുമ്പോള്‍ വീണ്ടും ഗ്ലൂക്കോസാക്കി മാറ്റുന്നു.
പാന്‍ക്രിയാസ് (ആഗ്നേയഗ്രന്ഥി)
ആമാശയത്തിന്റെ അടിഭാഗത്തിന് പിന്‍വശത്തായി സ്ഥിതിചെയ്യുന്ന 10-15 സെ.മീ നീളവും കാരറ്റിന്റെ ആകൃതിയുമുള്ള അവയവമാണ് പാന്‍ക്രിയാസ്. ഇതില്‍ നിന്നും ഒരു കുഴല്‍ വഴി ഡുവോഡിനത്തിലേക്ക് ആഗ്നേയരസം സ്രവിക്കുന്നു. കാര്‍ബോഹൈഡ്രേറ്റുകളെയും കൊഴുപ്പുകളെയും പ്രോട്ടീനുകളെയും ചെറുകുടലിന്റെ ഭിത്തിയിലുള്ള രക്തക്കുഴലുകളിലേക്ക് കടക്കാന്‍ പറ്റുന്നതരത്തിലുള്ള ഭക്ഷ്യഘടകങ്ങളാക്കി മാറ്റുന്നത് ആഗ്നേയരസമാണ്.
ചെറുകുടല്‍
ചെറുകുടലിന്റെ ഉള്‍വശത്തുള്ള സ്തരങ്ങള്‍ നിരവധി മടക്കുകളും ഞൊറികളുമുള്ളതാണ്. കൈ വിരലുകള്‍പോലെ തൂങ്ങിക്കിടക്കുന്ന ഈ മുകുളങ്ങളില്‍ അതിസൂക്ഷ്മ രക്തക്കുഴലുകളും ലിംഫ് വാഹികളുമുണ്ട്.
ആഗിരണം
ഗ്ലൂക്കോസ്, അമിനോ ആസിഡുകള്‍ എന്നിവ രക്തലോമികകളിലേക്കും ഫാറ്റി ആസിഡുകള്‍, ഗ്ലിസറോള്‍ എന്നിവ ലിംഫ്വാഹിയിലേക്കും ആഗിരണം ചെയ്യപ്പെടുന്നു. ചെറുകുടലിന്റെ അറ്റമെത്തുമ്പോഴേക്കും ദഹിച്ചു തീര്‍ന്നിട്ടുള്ള ഭക്ഷണപദാര്ത്ഥമെല്ലാം ആഗിരണം ചെയ്യപ്പെട്ടിരിക്കും.
സ്വാംശീകരണം
ആഗിരണം ചെയ്ത പോഷക തന്മാത്രകളെ ഊര്ജോല്പാദനത്തിനായോ ശരീരഭാഗങ്ങളുടെ നിര്മിതിക്കായോ പ്രയോജനപ്പെടുത്തുന്ന പ്രവര്‍ത്തനമാണ് സ്വാംശീകരണം. അധികം വരുന്ന ഗ്ലൂക്കോസിനെ ഗ്ലൈക്കോജന്‍, കൊഴുപ്പ് എന്നിവയാക്കി മാറ്റി കരളിലും പേശികളിലും സംഭരിക്കുന്നു. അമിനോ ആസിഡുകള്‍ ഉപയോഗിച്ച് വിവിധതരം മാംസ്യങ്ങള്‍ ഉല്പാദിപ്പിക്കുന്നു. ഗ്ലിസറോളും ഫാറ്റി ആസിഡും ലിംഫില്‍ നിന്നും ഔരസലിംഫ് വാഹിയിലൂടെ രക്തത്തില്‍ ചേരുന്നു.
വിസര്‍ജനം
ശേഷിച്ച ദഹിക്കാത്ത ഭക്ഷണവും ജലവും വന്‍കുടലില്‍ പ്രവേശിക്കുന്നു. അവിടെ നിന്നും ജലത്തിന്റെ ഭൂരിഭാഗവും വലിച്ചെടുക്കപ്പെടുകയും ബാക്കിയുള്ളത് മലമായി വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു.
ആഗിരണത്തിനുശേഷം
അവശേഷിക്കുന്ന വസ്തുക്കള്‍
ജലം – 75%
ഖരരൂപത്തിലുള്ള ഘടകങ്ങള്‍ 25%
ഖരഘടകങ്ങള്
നിര്‍ജീവമായ ബാക്റ്റീരിയ
കൊഴുപ്പ് മാംസ്യം
ദഹന വിധേയമാകാത്ത സെല്ലുലോസും മറ്റു നാരുകളും
നിര്‍ജലീകരം നടന്ന ദഹനരസങ്ങള്‍
പിത്തരസത്തിലെ ചിലഘടകങ്ങള്‍ (ഉദാ: ബിലിറൂബിന്‍, ബിലിവെര്ഡിന്)
സമീകൃതാഹാരം
എല്ലാ പോഷകഘടകങ്ങളും ആവശ്യമായ അളവിലും കൃത്യമായ അനുപാതത്തിലും അടങ്ങിയിട്ടുള്ള ആഹാരം
പോഷകഘടകങ്ങള്‍
ധാന്യകങ്ങള് രണ്ടുവിധം
ഘടകമൂലകങ്ങള്‍ – കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍
ജലത്തില്‍ ലയിക്കാത്തവ: അന്നജം
ജലത്തില്‍ ലയിക്കുന്നവ: പഞ്ചസാരകള്‍
ഏറ്റവും ലഘുഘടനയുള്ള പഞ്ചസാര: ഗ്ലൂക്കോസ്
കൊഴുപ്പുകള്‍ ( lipid, ie fats and oils)
ഘടകമൂലകങ്ങള്‍ : C2, H4O)
കൊഴുപ്പുകള്‍ രണ്ടു വിധമുണ്ട്
1. പൂരിതകൊഴുപ്പുകള്‍ (saturated fats):
കൊഴുപ്പു തന്മാത്രയിലെ കാര്‍ബണ്‍ ആറ്റങ്ങള്‍ ഹൈഡ്രജന്‍ ആറ്റങ്ങള്‍കൊണ്ട് പൂരിതമായവ.
ഉദാ: സ്റ്റിയറിക് ആസിഡ്, പാമെറ്റിക് ആസിഡ്
2. അപൂരിത കൊഴുപ്പുകള്‍ (unsaturated fats): കൊഴുപ്പു തന്മാത്രയിലെ കാര്‍ബണ്‍ ആറ്റങ്ങള്‍ ഹൈഡ്രജന്‍ ആറ്റങ്ങള്‍കൊണ്ട് പൂരിതമല്ലാത്തവ. ഉദാ: ഒലിയിക് ആസിഡ്
മാംസ്യങ്ങള്‍
ലഘുതന്മാത്രകളായ അമിനോ ആസിഡുകള്‍ കൂടിച്ചേര്‍ന്നാണ് മാംസ്യതന്മാത്രകള് രൂപം കൊള്ളുന്നത്.
രണ്ടുതരം അമിനോ ആസിഡുകള്‍
1. അവശ്യ അമിനോആസിഡുകള്‍ : ഇവ ശരീരത്തില്‍ നിര്‍മിക്കപ്പെടുന്നില്ല. ആഹാരത്തിലൂടെ ലഭിക്കണം.
2. ശരീരത്തില്‍ നിര്‍മിക്കപ്പെടുന്നവ
ഓര്‍മിക്കാന്‍
ശരീരത്തിലെ ഊര്‍ജദായക ഘടകം – ധാന്യകവും കൊഴുപ്പും
ശരീരകലകളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യമായ ഭക്ഷണ ഘടകം – മാംസ്യം
ഒരു ഗ്രാം കൊഴുപ്പില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജത്തിന്റെ അളവ് 9.3 കലോറി
< മാംസ്യത്തിലെ അടിസ്ഥാന ഘടകങ്ങള്‍ – അമിനോ ആസിഡുകള്‍
< ദഹനപ്രക്രിയ ആരംഭിക്കുന്നത് – വായില്‍നിന്ന്
< ദഹനപ്രക്രിയ പൂര്‍ണമാകുന്നത് – ചെറുകുടലില്‍ വെച്ച്
< ആമാശയ രസത്തിലടങ്ങിയിരിക്കുന്ന രാസാഗ്നികള്‍ – പെപ്സിന്‍, റെനിന്
< മാംസ്യത്തിന്റെ ദഹനത്തിന് സഹായിക്കുന്ന ആമാശയരസത്തിലെ രാസാഗ്നി – പെപ്സിന്‍
< കൊഴുപ്പിന്റെ വിഘടനത്തിന് സഹായിക്കുന്ന രാസാഗ്നികള്‍ – ലൈപ്പേസ്, അമിലോസ്
< മാംസ്യത്തിന് വിഘടനം സംഭവിക്കുമ്പോള്‍ അത് – അമിനോ ആസിഡുകളായി മാറുന്നു.
< കൊഴുപ്പിന് വിഘടനം സംഭവിക്കുമ്പോള്‍ അത് – ഫാറ്റി ആസിഡും ഗ്ലിസറോളുമായി മാറുന്നു.