മികച്ച നടൻ സുരാജ്, മികച്ച നടി കനി കുസൃതി; പുരസ്കാരങ്ങൾ ഇങ്ങനെ...
തിരുവനന്തപുരം: 50-ാമത് കേരള സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മന്ത്രി എ.കെ ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷത്തെ മികച്ച നടനായി സുരാജ് വെഞ്ഞാറമൂട് (വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ), നടിയായി കനി കുസൃതി (ബിരിയാണി) യും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രം, നടൻ, നടി വിഭാഗങ്ങളിലെല്ലാം കടുത്ത മത്സരമാണ് നടന്നത്. മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിശ്ചയിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ഇത്തവണത്തെ വിലയിരുത്തൽ. 119 സിനിമകളാണ് പരിഗണനയിലുണ്ടായിരുന്നത്.
അഞ്ചെണ്ണം കുട്ടികളുടെ സിനിമയാണ്. 50 ശതമാനത്തിലധികം എൻട്രികൾ നവാഗത സംവിധായകരുടേതാണ് എന്നത് ഈ മേഖലയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് മന്ത്രി എ കെ ബാലൻ വ്യക്തമാക്കി. 71 സിനിമകളാണ് നവാഗത സംവിധായകരുടേതായി ഉണ്ടായിരുന്നത്.
അവാർഡുകൾ ഇങ്ങനെ..
മികച്ച നടൻ: സുരാജ് വെഞ്ഞാറമൂട് ( വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ)
മികച്ച നടി: കനി കുസൃതി ( ബിരിയാണി)
മികച്ച ചിത്രം: വാസന്തി
മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി (ജല്ലിക്കെട്ട്)
മികച്ച സംഗീതസംവിധായകൻ: സുഷിൻ ശ്യാം
മികച്ച ഗായകൻ: നജീം അർഷാദ്
മികച്ച ഗായിക: മധുശ്രീ നാരായണൻ
കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്സ്
മികച്ച നവാഗതസംവിധായകൻ: രതീഷ് പൊതുവാൾ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ)
മികച്ച സ്വഭാവ നടി: സ്വാസിക (വാസന്തി)
കുട്ടികളുടെ ചിത്രം: നാനി
മികച്ച സ്വഭാവ നടൻ: ഫഹദ് ഫാസിൽ
മികച്ച ചലചിത്ര ലേഖനം: മാടമ്പള്ളിയിലെ മനോരോഗി (ബിബിൻ ചന്ദ്രൻ)
മികച്ച തിരക്കഥ: പി.എസ് റഫീഖ് (തൊട്ടപ്പൻ)
പ്രത്യേകപരാമർശം
മികച്ച നടനുള്ള പ്രത്യേക പരാമർശം: നിവിൻ പോളി (മൂത്തോൻ)
മികച്ച നടിക്കുള്ള പ്രത്യേക പരാമർശം: അന്ന ബെൻ
പ്രത്യേക ജൂറി അവാർഡ്: സിദ്ധാർഥ് പ്രിയദർശൻ (മരക്കാർ അറബിക്കടലിന്റെ സിംഹം)
മികച്ച ചിത്രസംയോജകൻ: കിരൺദാസ്
മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിറ
മോഹൻലാൽ, മമ്മൂട്ടി, സൂരാജ് വെഞ്ഞാറമ്മൂട്, സൗബിൻ ഷാഹിർ, ഇന്ദ്രൻസ്, നിവിൻ പോളി എന്നിവരാണ് മികച്ച നടനുള്ള പുരസ്കാരത്തിനായി മത്സരിച്ചത്. മഞ്ജു വാര്യർ, പാർവതി, രജിഷ വിജയൻ, അന്ന ബെൻ എന്നിവരാണ് നടിമാരുടെ പട്ടികയിലുണ്ടായിരുന്നത്.
ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് (ചെയർമാൻ), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ. ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ്.രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (മെമ്പർ സെക്രട്ടറി) എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്.