മാസ്ക് വേണോ, ലോക്ഡൗൺ വേണോ; സ്വയം തീരുമാനിക്കൂ: ഉദ്ധവ്
മുംബൈ: ഉത്സവ സീസണിൽ കൊവിഡ് വ്യാപനം വീണ്ടും ഏറുമെന്ന ആശങ്ക നിലനിൽക്കെ ജനങ്ങൾക്കു മുന്നറിയിപ്പു നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മാസ്ക് വേണോ ലോക്ഡൗൺ വേണോ എന്നു ജനങ്ങൾ സ്വയം തീരുമാനിക്കണമെന്ന് അദ്ദേഹം. സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ തീവ്രത കുറയുന്നുണ്ട്. എന്നാൽ, ജനങ്ങളുടെ അലംഭാവം വലിയ വിനയായി മാറും.
നവരാത്രി, ദീപാവലിക്കാലത്ത് അധിക ജാഗ്രതയും ശ്രദ്ധയും അനിവാര്യമാണ്. ലോകത്തു പല രാജ്യങ്ങളിലും കൊവിഡിന്റെ ശക്തമായ രണ്ടാം വരവുണ്ടായിട്ടുണ്ട്. രണ്ടാമതും ലോക്ഡൗൺ വേണ്ടിവന്നു. മഹാരാഷ്ട്ര സർക്കാർ ഇനിയും ലോക്ഡൗൺ ആഗ്രഹിക്കുന്നില്ല. തുറന്നതൊന്നും അടയ്ക്കാൻ താത്പര്യമില്ല. ജനങ്ങളാണു ശ്രദ്ധിക്കേണ്ടത്. മാസ്ക് ധരിക്കുന്നതടക്കം മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചേ തീരൂ- ഉദ്ധവ് ജനങ്ങൾക്കു നൽകിയ സന്ദേശത്തിൽ പറയുന്നു.
കേസുകൾ കുറയുകയും ആശുപത്രികളിൽ ബെഡ്ഡുകൾ ഒഴിവു വരുകയും ചെയ്യുന്നുണ്ട്. പക്ഷേ, ജനങ്ങളുടെ ജാഗ്രത കുറയാൻ പാടില്ല. എന്താണു വേണ്ടതെന്ന് നിങ്ങൾ തീരുമാനിക്കുക- മുഖ്യമന്ത്രി പറയുന്നു. ലോക്കൽ ട്രെയിനുകളിൽ കൂടുതൽ പേർക്ക് യാത്ര അനുവദിക്കുമെന്ന് ഉദ്ധവ് പറഞ്ഞു. ലോക്കൽ ട്രെയിനുകൾ വർധിപ്പിക്കാൻ റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെടും. അതു നടപ്പായാൽ കൂടുതൽ യാത്രകളുണ്ടാവും. പക്ഷേ, ജനങ്ങൾ കൂട്ടം കൂടാനോ അനാവശ്യമായി തിക്കിത്തിരക്കാനോ പാടില്ല.
ക്ഷേത്രങ്ങൾ തുറക്കുന്നത് വളരെ സൂക്ഷിച്ചേ ഉണ്ടാകൂ എന്നും അദ്ദേഹം. ആഘോഷങ്ങൾ വരുമ്പോൾ എന്തുകൊണ്ട് ക്ഷേത്രങ്ങൾ തുറക്കുന്നില്ലെന്ന് പലരും ചോദിക്കുന്നുണ്ട്. നിങ്ങൾ കാത്തിരിക്കൂ, അതിന്റെ ഉത്തരവാദിത്വം ഞങ്ങൾക്കല്ലേ- ഉദ്ധവ് പറയുന്നു.
മുംബൈയിൽ മാസ്ക് ധരിക്കാതെ യാത്ര ചെയ്യുന്ന നിരവധി പേരെ താൻ കാണുന്നുണ്ട്. മുൻകരുതലുകൾ എടുത്തില്ലെങ്കിൽ കൊറോണയെ ക്ഷണിച്ചുവരുത്തുകയാണ്. ജനങ്ങളിൽ നിന്നു പിന്തുണ കിട്ടിയില്ലെങ്കിൽ സർക്കാരിന് ഒന്നും ചെയ്യാനാവില്ല- മുഖ്യമന്ത്രി പറഞ്ഞു.