പ്രതിദിന വർധനയിൽ കേരളം ഒന്നാമത്
ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ വിവിധ സംസ്ഥാനങ്ങളിൽ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ പ്രതിദിന കണക്കിൽ കേരളം ഒന്നാം സ്ഥാനത്ത്. പ്രതിദിന വർധനയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം മുന്നിൽ നിന്ന മഹാരാഷ്ട്രയെയും സമീപകാലത്ത് വൻ വർധന കാണിക്കുന്ന കർണാടകയെയും ഇന്നലെ പിന്നിലാക്കി കേരളത്തിലെ കണക്ക്. കേരളത്തിൽ 11,755 പുതിയ കേസുകൾ കണ്ടെത്തിയപ്പോൾ മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത് 11,416 കേസുകളാണ്.
കർണാടകയിൽ 10,517 പേർക്ക്. ആന്ധ്രപ്രദേശിൽ 5653, തമിഴ്നാട്ടിൽ 5242, ഡൽഹിയിൽ 2866 എന്നിങ്ങനെയാണു പ്രതിദിന വർധന. കേരളത്തിൽ ഇന്നലെ പരിശോധിച്ചത് 66,228 സാംപിളുകളാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.7 ശതമാനമായി ഉയർന്നിരിക്കുന്നു. പരിശോധനയിൽ പോസിറ്റീവാകുന്നവരുടെ നിരക്ക് ഉയർന്നുകൊണ്ടിരിക്കുന്നു എന്നാണിതു സൂചിപ്പിക്കുന്നത്.
കേരളത്തിൽ ഇതുവരെ കണ്ടെത്തിയ 2.77 ലക്ഷത്തിലേറെ കേസുകളിൽ 1.82 ലക്ഷത്തിലേറെ പേരാണ് രോഗമുക്തരായത്. 95,918 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. ആക്റ്റിവ് കേസുകളിൽ മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണു കേരളം. മഹാരാഷ്ട്രയിൽ 2.21 ലക്ഷത്തിലേറെയാണ് ആക്റ്റിവ് കേസുകൾ. ഇന്നലെ 26,440 പേർ രോഗമുക്തരായത് മഹാരാഷ്ട്രയിലെ ആക്റ്റിവ് കേസുകളിൽ കുറവുണ്ടാക്കിയിട്ടുണ്ട്. മൊത്തം 15.17 ലക്ഷം പിന്നിട്ടു അവിടുത്തെ മൊത്തം രോഗബാധിതർ.
കർണാടകയിൽ 1.20 ലക്ഷത്തിലേറെയാണ് ആക്റ്റിവ് കേസുകളുള്ളത്. മൊത്തം രോഗബാധിതർ ഏഴു ലക്ഷം പിന്നിട്ടു. 1,12,770 ടെസ്റ്റുകളാണ് സംസ്ഥാനത്ത് ഇന്നലെ നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊവിഡ് മരണങ്ങളിൽ രാജ്യത്ത് ഏറെ മുന്നിലുള്ള മഹാരാഷ്ട്രയിൽ ഇതുവരെ രേഖപ്പെടുത്തിയത് 40,040 മരണങ്ങളാണ്. ഇതിൽ 308 മരണവും ഇന്നലെ സ്ഥിരീകരിച്ചത്. 2.27 ലക്ഷത്തിലേറെ കേസുകൾ ഇതുവരെ കണ്ടെത്തിയ മുംബൈ നഗരത്തിൽ 9,391 പേർ രോഗം ബാധിച്ചു മരിച്ചിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ച നഗരം വീണ്ടും ബംഗളൂരുവാണ്. അവസാന 24 മണിക്കൂറിൽ 4,563 പേർക്കു കൂടി ബംഗളൂരുവിൽ രോഗം കണ്ടെത്തി. 2.76 ലക്ഷത്തിലേറെയാണ് ബംഗളൂരുവിലെ മൊത്തം കേസുകൾ. 3,320 പേർ ഇവിടെ മരിച്ചിട്ടുണ്ട്. അവസാന 24 മണിക്കൂറിൽ 30 പേർ നഗരത്തിൽ മരിച്ചു. 64,911 ആക്റ്റിവ് കേസുകളാണു ബംഗളൂരുവിലുള്ളത്. കർണാടകയിലെ മൊത്തം മരണസംഖ്യ 9,891. ഇതിൽ 102 പേരുടെ മരണം ഇന്നലെ രേഖപ്പെടുത്തിയതാണ്.
മരണസംഖ്യയിൽ മഹാരാഷ്ട്രയ്ക്കു പിന്നിൽ രാജ്യത്തു രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചത് 10,187 പേരാണ്. ഇന്നലെ 67 മരണം രേഖപ്പെടുത്തി 6.51 ലക്ഷം രോഗബാധിതരുണ്ടായ സംസ്ഥാനത്ത് ആക്റ്റിവ് കേസുകൾ 44,150. മൊത്തം കേസുകളിൽ രാജ്യത്തു രണ്ടാമത് ആന്ധ്രപ്രദേശ് തുടരുകയാണ്. ഏഴര ലക്ഷത്തിലേറെയായി അവിടുത്തെ ഇതുവരെയുള്ള രോഗബാധിതർ. എന്നാൽ, ഇപ്പോൾ ചികിത്സയിലുള്ളവർ 46,624 പേരാണ്. 6,194 പേർ ആന്ധ്രയിൽ രോഗം ബാധിച്ചു മരിച്ചിട്ടുണ്ട്. 11.56 ശതമാനമാണ് ആന്ധ്രയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
അതേസമയം, ഒരു ഘട്ടത്തിൽ വലിയ തോതിൽ രോഗബാധയുണ്ടായ ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.76 ശതമാനമായി താഴ്ന്നിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് റിക്കവറി നിരക്ക് 90 ശതമാനത്തിനു മുകളിലുമായി. മൂന്നു ലക്ഷത്തിലേറെ പേർക്ക് ഇതുവരെ രോഗബാധയുണ്ടായ ഡൽഹിയിൽ ഇപ്പോൾ ചികിത്സയിലുള്ളത് 22,007 പേരാണ്. 5740 പേർ ഇതുവരെ ഡൽഹിയിൽ മരിച്ചിട്ടുണ്ട്. ഇന്നലെ രേഖപ്പെടുത്തിയത് 48 മരണം കൂടി. ഇന്നലത്തെ കണക്കിൽ 23 പേർ കൂടി മരിച്ച കേരളത്തിൽ ഇതുവരെയുള്ള മരണസംഖ്യ 978 ആണ്.