രണ്ടു കോടി വരെയുള്ള വായ്പയ്ക്ക് പിഴപ്പലിശ ഒഴിവാക്കാം: കേന്ദ്രം
ന്യൂഡൽഹി: രണ്ടു കോടി രൂപ വരെയുള്ള വായ്പകൾക്ക് മൊറട്ടോറിയം കാലയളവിലെ പലിശയ്ക്ക് പിഴപ്പലിശ ഒഴിവാക്കാമെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കൊവിഡ് 19 വ്യാപനത്തെത്തുടർന്ന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ ആറു മാസ മൊറട്ടോറിയം കാലയളവിലാകും പിഴപ്പലിശ ഒഴിവാക്കുക.
ചെറുകിട- ഇടത്തരം വ്യവസായം, വിദ്യാഭ്യാസം, ഭവനം, ക്രെഡിറ്റ് കാർഡ് കുടിശിക, വാഹനം, വ്യക്തിഗതം, വീട്ടുപകരണങ്ങൾ എന്നിവയ്ക്കായുള്ള വായ്പയ്ക്കാണ് ഇളവ്. രണ്ടു കോടി രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്ക് ഈ ആനുകൂല്യമുണ്ടാവില്ലെന്നും കേന്ദ്ര ധനമന്ത്രാലയം വെള്ളിയാഴ്ച നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഇതിനായി ആവശ്യമെങ്കിൽ പാർലമെന്റിന്റെ അനുമതി തേടാമെന്നും സർക്കാർ അറിയിച്ചു.
ഏതു വിധത്തിലുള്ള പലിശയിളവും ബാങ്കുകളെ ബാധിക്കുമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ മുൻനിലപാട്. എന്നാൽ, ലോക്ഡൗൺ വിവിധ മേഖലകളെ ബാധിച്ചതെങ്ങനെയെന്നു പരിശോധിച്ച സിഎജി രാജീവ് മെഹ്റിഷിയുടെ നേതൃത്വത്തിലുള്ള സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പിഴപ്പലിശ ഒഴിവാക്കാമെന്ന പുതിയ നിലപാട്. പിഴപ്പലിശ ഒഴിവാക്കുന്നതു പോലും സാമ്പത്തികഭാരമുണ്ടാക്കുമെന്നും അംഗീകരിക്കാനാവില്ലെന്നുമാണു ബാങ്കുകളുടെ വാദം.
കൊവിഡ്19നെ തുടർന്ന് ആർബിഐ പ്രഖ്യാപിച്ച ആറു മാസ മൊറട്ടോറിയം ഓഗസ്റ്റ് 31ന് അവസാനിച്ചിരുന്നു. ഇതേത്തുടർന്നാണു കേന്ദ്രത്തിന്റെ സത്യവാങ്മൂലം. കേസ് നാളെ വീണ്ടും സുപ്രീം കോടതി പരിഗണിക്കും. രണ്ടു വർഷം മൊറട്ടോറിയം നൽകാൻ സന്നദ്ധമെന്നു കേന്ദ്ര സർക്കാരും ആർബിഐയും നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതേസമയം, എല്ലാ മേഖലയിലെയും വായ്പകളുടെ മൊറട്ടോറിയം കാലയളവിലെ പലിശ പൂർണമായും എഴുതിത്തള്ളിയാൽ ബാങ്കുകൾക്ക് ആകെ 6 ലക്ഷം കോടിയുടെ നഷ്ടമുണ്ടാകുമെന്നു ധനമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഇത് ഭൂരിപക്ഷം ബാങ്കുകൾക്കും താങ്ങാനാവില്ലെന്നു മാത്രമല്ല, അവയുടെ നിലനിൽപ്പിനെ ബാധിക്കുകയും ചെയ്യുമെന്നും ധനമന്ത്രാലയം പറയുന്നു.