ആദായ നികുതി വിവാദത്തിൽ ട്രംപ്
വാഷിങ്ടൺ: യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വർഷം വെറും 750 ഡോളർ മാത്രമാണ് ഡോണൾഡ് ട്രംപ് ആദായ നികുതി അടച്ചതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. പ്രസിഡന്റായി വൈറ്റ് ഹൗസിലെത്തിയ ആദ്യ വർഷവും 750 ഡോളർ മാത്രമാണ് അടച്ചത്. ഇരുപതിലേറെ വർഷത്തെ ആദായ നികുതി റിട്ടേൺ കണക്കുകൾ ഉദ്ധരിച്ചാണ് ന്യൂയോർക്ക് ടൈംസിന്റെ ഈ റിപ്പോർട്ട്. അതേസമയം, 2017ൽ ട്രംപോ അദ്ദേഹത്തിന്റെ കമ്പനികളോ ഇന്ത്യയിൽ നികുതിയായി 1,45,400 ഡോളർ നികുതിയടച്ചിട്ടുണ്ട്.
2016ലാണ് വ്യവസായിയായ ട്രംപ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഡെമൊക്രറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്റനെതിരേ അട്ടിമറി വിജയം നേടുകയായിരുന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥിയായിരുന്ന അദ്ദേഹം. ഈ നവംബറിൽ വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴാണ് നികുതി വിവാദം യുഎസ് പ്രസിഡന്റിനെ പിടികൂടുന്നത്. ഡെമൊക്രറ്റിക് എതിരാളി ജോ ബൈഡനുമായുള്ള ട്രംപിന്റെ ആദ്യ പ്രസിഡൻഷ്യൽ ഡിബേറ്റ് ചൊവ്വാഴ്ചയാണ്. അതിനു തൊട്ടുമുൻപാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്.
കഴിഞ്ഞ 15 വർഷത്തിനിടെ പത്തു വർഷവും ട്രംപ് ആദായ നികുതിയേ നൽകിയിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നേടിയതിലും കൂടുതൽ പണം നഷ്ടമായി എന്നു കാണിച്ചാണിതെന്നും റിപ്പോർട്ട്. നികുതിയടയ്ക്കാത്ത വ്യവസായി എന്ന ആരോപണം കോളിളക്കമാവുമെന്നു വ്യക്തമായതോടെ ഉടൻ നിഷേധ പ്രസ്താവനയുമായി രംഗത്തുവന്നിട്ടുണ്ട് അദ്ദേഹം. ഇതു തീർത്തും വ്യാജവാർത്തയാണ്- വൈറ്റ്ഹൗസ് പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
അമെരിക്കൻ പ്രസിഡന്റുമാർ നിയമപരമായി അവരുടെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ പരസ്യമാക്കേണ്ടതില്ല. എന്നാൽ, റിച്ചാർഡ് നിക്സൺ മുതൽ എല്ലാവരും അതു ചെയ്തിട്ടുണ്ട്. ആധുനിക കാലത്ത് സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ പരസ്യമാക്കാത്ത ഏക പ്രസിഡന്റാണ് ട്രംപ്. തന്റെ നികുതി റിട്ടേണുകൾ സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയാണ് അദ്ദേഹം. തന്റെ റിട്ടേണുകൾ ആവശ്യപ്പെട്ടവർക്കെതിരേ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു പ്രസിഡന്റ്.
വർഷം ആയിരക്കണക്കിനു ഡോളർ ലാഭമുണ്ടാക്കുന്ന വ്യവസായിയാണു ട്രംപ്. എന്നാൽ, നികുതി നൽകാതിരിക്കാനായി വലിയ നഷ്ടക്കണക്കുകൾ അദ്ദേഹം കാണിക്കുന്നു. ഇപ്പോൾ സാമ്പത്തിക വെല്ലുവിളി ഏറിയ സാഹചര്യത്തിൽ ബിസിനസിൽ നിന്നു കൂടുതൽ പണമുണ്ടാക്കുന്നതിനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് രേഖകൾ കാണിക്കുന്നുണ്ട്. അത് പ്രസിഡന്റ് ജോലിയുമായി പൊരുത്തപ്പെടുന്നതല്ല. വിരുദ്ധ താത്പര്യമാണ് രണ്ടു തമ്മിൽ- ന്യൂയോർക്ക് ടൈംസ് പറയുന്നു.
വൈറ്റ്ഹൗസിലെ ആദ്യ രണ്ടുവർഷക്കാലത്ത് വിദേശത്തുനിന്നുള്ള ട്രംപിന്റെ വരുമാനം 73 ദശലക്ഷം ഡോളറാണെന്ന് റിപ്പോർട്ട് പറയുന്നു. ഇതിൽ ഏറെയും സ്കോട്ട്ലൻഡിലും അയർലൻഡിലുമുള്ള ഗോൾഫ് പ്രോപ്പർട്ടികളിൽ നിന്നാണ്. ഇന്ത്യ, ഫിലിപ്പീൻസ്, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ലൈസൻസിങ് ഇടപാടുകളിൽ നിന്നും വരുമാനം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് 2.3 ദശലക്ഷം ഡോളർ വരുമാനം കിട്ടി. ഫിലിപ്പീൻസിൽ നിന്ന് മൂന്നു ദശലക്ഷവും തുർക്കിയിൽ നിന്ന് ഒരു ദശലക്ഷവുമാണ് ലഭിച്ചത്.
നിരവധി വിദേശ സംരംഭങ്ങൾക്ക് ആ രാജ്യങ്ങളിൽ നികുതി നൽകുന്നുണ്ട് ട്രംപ്. അദ്ദേഹത്തിന്റെ സെൽഫ്-മെയ്ഡ് കോടീശ്വരൻ ഇമേജിന്റെ പൊള്ളത്തരം വെളിവാക്കുന്നതാണ് ഈ കണക്കുകളെന്ന് ന്യൂയോർക്ക് ടൈംസ് അവകാശപ്പെടുന്നു.
ഇതൊക്കെ കള്ളമാണ്. മുൻപും മാധ്യമങ്ങൾ ഇങ്ങനെ പ്രസിഡന്റിനെ അപമാനിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഞാൻ നികുതി അടച്ചിട്ടുണ്ട്. ഇപ്പോൾ ഓഡിറ്റിലിരിക്കുന്ന എന്റെ ടാക്സ് റിട്ടേണുകൾ പുറത്തുവരുമ്പോൾ നിങ്ങൾക്കതു കാണാം. ഏറെക്കാലമായി എന്റെ റിട്ടേണുകൾ ഓഡിറ്റിലാണ്- ട്രംപ് പറയുന്നു. നികുതി കൈകാര്യം ചെയ്യുന്ന ഇന്റേണൽ റവന്യൂ സർവീസ് (ഐആർഎസ്) തന്നോടു നന്നായി പെരുമാറുന്നില്ലെന്നും ട്രംപ് ആരോപിച്ചു. അവർ എന്നോടു വളരെ മോശമായാണു പെരുമാറുന്നത്. ന്യൂയോർക്ക് ടൈംസും അതു തന്നെ ചെയ്യുന്നു. അവർ എന്തെങ്കിലും കഥകൾ കിട്ടുമോ എന്നാണു നോക്കുന്നത്. അവർക്കു കഴിയുന്നതൊന്നും അവർ ചെയ്യുന്നുമില്ല- ട്രംപ് ആരോപിച്ചു.
ഞാൻ ധാരാളം പണം നികുതിയായി നൽകിയിട്ടുണ്ട്. ഫെഡറൽ നികുതിക്കു പുറമേ സംസ്ഥാന നികുതികളും നൽകിയിട്ടുണ്ട്. ന്യൂയോർക്ക് സംസ്ഥാനം എന്നിൽ നിന്ന് ധാരാളം പണം ഈടാക്കി. ഞാൻ ധാരാളം പണം ആദായ നികുതിയായി നൽകുകയും ചെയ്തു. അതെല്ലാം പുറത്തുവരും. ഓഡിറ്റിനു ശേഷം പുറത്തുവരാൻ പോകുകയാണ്- ട്രംപ് പറഞ്ഞു. വിവിധ കമ്പനികളുടേതായി 108 പേജ് വരുന്ന നികുതി റിട്ടേണുകളാണ് താൻ നൽകിയിട്ടുള്ളതെന്നും ട്രംപ്. അതൊക്കെ വലിയ റിട്ടേണുകളാണ്. വളരെ വലിയ റിട്ടേണുകൾ. എല്ലാം പൂർണമാണ്, കൃത്യമാണ്- അദ്ദേഹം അവകാശപ്പെട്ടു.