കൊവിഡ് പ്രതിദിന വർധന: കേരളം നാലാമത്
ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ കൊവിഡ് കേസുകളുടെ പ്രതിദിന വർധനയിൽ കേരളം നാലാമത്. ഇന്നലെ കേരളത്തിൽ പുതുതായി കണ്ടെത്തിയത് 7,006 കേസുകളാണ്. ഇതോടെ ഇപ്പോൾ ചികിത്സയിലുള്ളവർ അമ്പതിനായിരം കടക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിനം കണ്ടെത്തുന്ന കേസുകൾ കുത്തനെ ഉയരുകയാണ് കേരളത്തിൽ. സാംപിൾ പരിശോധനയും വർധിപ്പിച്ചിട്ടുണ്ട്. 58,799 സാംപിളുകൾ അവസാന 24 മണിക്കൂറിൽ പരിശോധിച്ചതായി സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ വ്യക്തമാക്കി.
ഇന്നലെ 20,419 പുതിയ രോഗബാധിതരെ കണ്ടെത്തിയ മഹാരാഷ്ട്ര തന്നെയാണ് പ്രതിദിന വർധനയിൽ ഒന്നാം സ്ഥാനത്ത്. 2.69 ലക്ഷം ആക്റ്റിവ് കേസുകളും മഹാരാഷ്ട്രയിലുണ്ട്. 8,811 പുതിയ കേസുകൾ സ്ഥിരീകരിച്ചു കർണാടകയിൽ. 1.01 ലക്ഷം ആക്റ്റിവ് കേസുകളാണ് അവിടെയുള്ളത്. 67,857 ടെസ്റ്റുകൾ 24 മണിക്കൂറിനിടെ കർണാടക നടത്തി. ഒരൊറ്റ ദിവസം 75,990 ടെസ്റ്റുകൾ നടത്തിയ ആന്ധ്രപ്രദേശിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 7,293 പേർക്കാണ്. 65,794 ആക്റ്റിവ് കേസുകളാണ് ഇപ്പോൾ ആന്ധ്രയിലുള്ളത്. ഈ മൂന്നു സംസ്ഥാനങ്ങൾക്കും പുറകിലാണ് ഇന്നലത്തെ പ്രതിദിന വർധനയിൽ കേരളം.
തമിഴ്നാട്ടിൽ പ്രതിദിന വർധന ആറായിരത്തിൽ താഴെയായി തുടരുകയാണ്. ഇന്നലെ സ്ഥിരീകരിച്ചത് 5,647 പുതിയ കേസുകൾ. 46,336 ആക്റ്റിവ് കേസുകളാണ് തമിഴകത്ത്. ഇപ്പോൾ കേരളത്തിലുള്ളതിനെക്കാൾ കുറവ്. 1.56 ലക്ഷം സാംപിളുകൾ പരിശോധിച്ച ഉത്തർപ്രദേശിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 4,412 പേർക്കാണ്. 57,086 ആക്റ്റിവ് കേസുകളുണ്ട് യുപിയിൽ.
പശ്ചിമ ബംഗാളിൽ 3,181ഉം ഒഡിശയിൽ 4,356ഉം പുതിയ കേസുകൾ ഇന്നലെ കണ്ടെത്തി. പ്രതിദിന വർധനയിലെ റെക്കോഡാണ് ഒഡിശയിൽ. 25,544 ആക്റ്റിവ് കേസുകളാണ് പശ്ചിമ ബംഗാളിലുള്ളത്. ഒഡിശയിൽ 34,423 പേർ ഇപ്പോൾ ചികിത്സയിലുണ്ട്.
ഡൽഹിയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 3,372 പേർക്കാണ്. 57,688 ടെസ്റ്റുകൾ നടത്തി. 30,867 പേരാണ് രാജ്യതലസ്ഥാനത്ത് ഇപ്പോൾ ചികിത്സയിലുള്ളത്. എഴുപതു ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന മരണസംഖ്യയാണ് ഇന്നലെ ഡൽഹിയിൽ രേഖപ്പെടുത്തിയത്. 46 പേർ മരിച്ചു. ഇതോടെ ഡൽഹിയിലെ മൊത്തം കൊവിഡ് മരണം 5,100 കടന്നു.
മഹാരാഷ്ട്രയിൽ 35,191 പേരും തമിഴ്നാട്ടിൽ 9,233 പേരും കർണാടകയിൽ 8,503 പേരും ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്. 5,663 പേരാണ് ആന്ധ്രയിൽ ഇതുവരെ മരിച്ചിട്ടുള്ളത്. ഉത്തർപ്രദേശിലെ ഇതുവരെയുള്ള മരണസംഖ്യ 5,517 ആണ്. പശ്ചിമ ബംഗാളിൽ 4,721 പേർ മരിച്ചിട്ടുണ്ട്. മൊത്തം കേസുകൾ 1.66 ലക്ഷം കടന്ന കേരളത്തിൽ 656 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചത്.
മഹാരാഷ്ട്രയിലെ മൊത്തം കേസുകൾ 13.21 ലക്ഷത്തിലെത്തി. ആന്ധ്രയിൽ 6.68 ലക്ഷവും തമിഴ്നാട്ടിൽ 5.75 ലക്ഷവും, കർണാടകയിൽ 5.66 ലക്ഷവും കേസുകളാണുള്ളത്. ഉത്തർപ്രദേശിൽ 4.62 ലക്ഷം കേസുകളായി. ഡൽഹിയിൽ 2.64 ലക്ഷവും പശ്ചിമ ബംഗാളിൽ 2.44 ലക്ഷവും കേസുകളുണ്ട്.