സർക്കാരും സിപിഎമ്മും പ്രതിരോധത്തിൽ
തിരുവനന്തപുരം: ലൈഫ് മിഷൻ - റെഡ് ക്രെസന്റ് ഇടപാടിൽ സിബിഐ അന്വേഷണത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ സ്വത്ത് കൈമാറ്റം തടയണമെന്ന എൻഫോഴ്സ്മെന്റ് ഇടപെടലുമായതോടെ എൽഡിഎഫ് സർക്കാരും സിപിഎമ്മും പ്രതിരോധത്തിലായി. കേന്ദ്ര സർക്കാരിന്റെ മിക്കവാറും എല്ലാ അന്വേഷണ ഏജൻസികളും കേരള സർക്കാരിനെ കേന്ദ്രീകരിച്ചുള്ള വിവിധ അന്വേഷണങ്ങളിലാണ്. ഇതുവരെയും സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ഒരു തെളിവും ഈ ഏജൻസികൾക്ക് കിട്ടിയില്ല എന്നതാണ് ആകെയുള്ള ആശ്വാസം.
അന്വേഷണത്തിൽ രാഷ്ട്രീയ മാനം കാണുന്ന സിപിഎം, ലൈഫ് മിഷൻ ചെയർമാൻ എന്ന നിലയിൽ സിബിഐ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുമോ എന്ന ആശങ്കയിലുമാണ്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ ഉൾപ്പെടെ ഈ ഏജൻസികൾ കേന്ദ്രസർക്കാരിന്റെ ചട്ടുകമായി പ്രവർത്തിച്ചു എന്ന ആക്ഷേപമുള്ളതിനാൽ ഇവിടെയും ഇനി നടക്കാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലിൽ അസാധാരണ നടപടികളുമായി ഭരണപക്ഷത്തെ അങ്കലാപ്പിലാക്കാൻ സിബിഐ ഉൾപ്പെടെ ഇടപെടാനുള്ള സാധ്യതയും സിപിഎം തള്ളുന്നില്ല. കോൺഗ്രസ്മുഖ്യമന്ത്രിമാർ സിബിഐ അവരവരുടെ സംസ്ഥാനത്ത് വിലക്കിയതിന്റെ വിവരങ്ങൾ പാർട്ടി സംസ്ഥാന സെക്രട്ടറി ഇന്നലെ വ്യക്തമാക്കിയത് ഈ വിഷയം രാഷ്ട്രീയമായി പാർട്ടി കൈകാര്യം ചെയ്യാനുദ്ദേശിക്കുന്നതിന്റെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്.
കോൺഗ്രസ് എംഎൽഎ അനിൽ അക്കരെ നൽകിയ പരാതിയെ തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽ കേസെടുത്ത സിബിഐ നടപടിയെ അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തിയത് ഇതിന്റെ ഭാഗമാണ്. കോൺഗ്രസ് - ബിജെപി കൂട്ടുകെട്ടിന്റെ തുടർച്ചയാണിതെന്ന ആരോപണത്തിന് പുറമെ യുഡിഎഫ് നേതാക്കൾ പ്രതികളായ ടൈറ്റാനിയം, മാറാട് കേസുകൾ കൈമാറി വർഷങ്ങളായിട്ടും ഏറ്റെടുക്കാത്തത് കോൺഗ്രസ് - ബിജെപി സഖ്യത്തിന്റെ തീരുമാനപ്രകാരമാണെന്നും സിപിഎം ആരോപിക്കുന്നതിന്റെയും ലക്ഷ്യം വ്യക്തമാണ്.
സ്വർണ കള്ളക്കടത്ത് പിടിച്ച് 60 ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ പ്രതികളായില്ലെന്നും പിടിയിലായവർ ലീഗ് - ബിജെപി ബന്ധമുള്ളവരാണെന്നും അന്വേഷണം ബിജെപി നേതാക്കളിലേക്കെത്തുമെന്ന ഘട്ടത്തിലാണ് വഴിതിരിച്ചുവിടുന്നതെന്നും സിപിഎം കുറ്റപ്പെടുത്തുമ്പോൾ പ്രതിപക്ഷത്തിന് വ്യക്തമായ മറുപടിയില്ലായിരുന്നു. അവിടെ തൽക്കാലം പിടിച്ചുനിൽക്കാൻ സിബിഐ അന്വേഷണം യുഡിഎഫിനും ബിജെപിക്കും പ്രയോജനപ്പെടും. കോടിയേരിയുടെ ആദ്യമകൻ ഗുരുതരമായ ആരോപണത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ രണ്ടാമത്തെ മകനും സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ വലയിലാവുമ്പോൾ അതിൽ പാർട്ടിക്ക് പ്രതിരോധിക്കാനുമാവുന്നില്ല.
പ്രായപൂർത്തിയായ മക്കളുടെ കാര്യത്തിൽ പാർട്ടിക്ക് ഉത്തരവാദിത്വമില്ലെന്ന് നേരത്തെ സിപിഎം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സംസ്ഥാന സെക്രട്ടറിയുടെ രണ്ട് മക്കളും അതീവ ഗുരുതരമായ വ്യത്യസ്ത കേസുകളിൽ ഉൾപ്പെട്ടതിലെ അമർഷം നേതാക്കളിൽ പലർക്കുമുണ്ടെങ്കിലും അവർ തൽക്കാലം പ്രതികരണങ്ങളിൽനിന്ന് മാറി നിൽക്കുകയാണ്.
പങ്കില്ലെന്ന് സർക്കാർ
ലൈഫ് മിഷൻ വടക്കാഞ്ചേരി പദ്ധതി റെഡ് ക്രെസന്റിന് കൈമാറിയതോടെ തുടർ നടപടികളിൽ സർക്കാരിന് പങ്കില്ല. ഇത് വിദേശനാണ്യ വിനിമയ കൈമാറ്റ നിയമത്തിന്റെ പരിധിയിൽ വരുന്നില്ലെന്നാണ് സർക്കാരിന്റെ വിശദീകരണം. സർക്കാരോ, ഉദ്യോഗസ്ഥരോ പണം കൈപ്പറ്റിയിട്ടില്ല. ഗുണഭോക്താക്കൾക്ക് വീടുവച്ചു നൽകാനുള്ള റെഡ് ക്രെസന്റ് തീരുമാനം അതുകൊണ്ടുതന്നെ ഒരുവിധ നിയമത്തിന്റെയും ലംഘനമില്ലെന്നാണ് സർക്കാരിന്റെ വാദം.