വാഗ്ദാന ലംഘനം തുടർക്കഥ; ഓഫ്സെറ്റ് നയത്തിൽ മാറ്റം വേണം: സിഎജി
ന്യൂഡൽഹി: റഫാൽ അടക്കം പ്രതിരോധ മേഖലയിലെ ഇടപാടുകളിൽ വിദേശ കമ്പനികൾ ഓഫ്സെറ്റ് കരാറുകൾ പാലിക്കപ്പെടാതെ പോകുന്നത് ഗൗരവത്തോടെ കാണണമെന്ന് സിഎജി. ഓഫ്സെറ്റ് നയത്തിൽ തന്നെ മാറ്റം അനിവാര്യമാണെന്ന് സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റഫാലിൽ മാത്രമല്ല പകരം വാഗ്ദാനങ്ങൾ നൽകിക്കൊണ്ടുള്ള ഓഫ്സെറ്റ് കരാറുകൾ പാലിക്കപ്പെടാതെ പോകുന്നത്.
റഫാൽ ഇടപാടിൽ ഉയർന്ന സാങ്കേതിക വിദ്യയുടെ രൂപത്തിലും മറ്റും കരാർ മൂല്യത്തിന്റെ 50 ശതമാനം ഇന്ത്യയ്ക്കു തിരിച്ചു നൽകാമെന്ന ഓഫ് സെറ്റ് കരാർ സമയബന്ധിതമായി പാലിച്ചിട്ടില്ലെന്നാണ് സിഎജി കുറ്റപ്പെടുത്തുന്നത്. കരാർ മൂല്യത്തിന്റെ 30 ശതമാനം ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന് (ഡിആർഡിഒ) ഉയർന്ന സാങ്കേതിക വിദ്യയായി നൽകാമെന്ന വാഗ്ദാനം ഇതുവരെ പാലിച്ചിട്ടില്ല.
2016 സെപ്റ്റംബറിലാണ് റഫാൽ കരാർ ഒപ്പുവച്ചത്. ഇതിനു മുന്നോടിയായി 2015 സെപ്റ്റംബറിൽ നൽകിയ വാഗ്ദാനമാണിത്. ഏഴു വർഷം കൊണ്ടാണ് ഓഫ്സെറ്റ് കരാറുകൾ പാലിക്കേണ്ടതെങ്കിലും ആദ്യ മൂന്നുവർഷവും ഫ്രഞ്ച് കമ്പനികളായ ഡാസോ ഏവിയേഷനും എംബിഡിഎയും കരാറുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുകയായിരുന്നു.
ഓഫ്സെറ്റ് കരാറിലെ 57 ശതമാനവും എംബിഡിഎ പാലിക്കേണ്ടത് ഏഴാം വർഷത്തിലാണ്, അതായത് 2023ൽ. ഡാസോ 58 ശതമാനവും പാലിക്കേണ്ടതും അവസാന വർഷത്തിൽ. ഈ വ്യവസ്ഥയെയും റിപ്പോർട്ട് വിമർശിക്കുന്നുണ്ട്. പലപ്പോഴും പകരം വാഗ്ദാനങ്ങൾ നൽകുന്ന ഓഫ്സെറ്റ് കരാറുകൾക്ക് വിദേശ കമ്പനികൾ ആദ്യം വലിയ താത്പര്യം കാണിക്കും. പ്രധാന കരാർ നേടിയെടുക്കുന്നതിനാണിത്. അതു കഴിഞ്ഞാൽ ഈ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ അവർ പുറകോട്ടുപോകും- റഫാൽ അടക്കം പ്രതിരോധ മേഖലയിലെ വിവിധ കരാറുകൾ ചൂണ്ടിക്കാട്ടി സിഎജി വിമർശിക്കുന്നു.
ഡാസോയിൽ നിന്നും എംബിഡിഎയിൽ നിന്നും ലഭ്യമാവേണ്ട ആറു പുതിയ സാങ്കേതിക വിദ്യകൾ 2016 ഏപ്രിലിൽ ഡിആർഡിഒ കണ്ടെത്തിയിരുന്നു. ഇതിൽ അഞ്ചും കൈമാറാനാവുമെന്ന് കമ്പനികൾ സമ്മതിച്ചിട്ടില്ലെന്നാണു റിപ്പോർട്ടുകൾ. അവരുടെ കോർ ബിസിനസിൽ വരുന്നതല്ല അതെന്നാണു സൂചനകൾ. ആറാമത്തേത് കാവേരി എന്ജിനുകളുടെ വികസനത്തിനുള്ള സാങ്കേതിക വിദ്യാ സഹായമാണ്. എന്നാൽ, നമുക്കാവശ്യമായ അപ്ഗ്രഡേഷന് കഴിയും വിധത്തിലുള്ള സഹായം നൽകാനാവുമെന്ന ഉറപ്പ് ഇതിലും ഇതുവരെ ലഭിച്ചിട്ടില്ല.
ഓഫ്സെറ്റ് കരാറുകൾ പാലിക്കപ്പെടാതെ വരുന്ന സാഹചര്യത്തിൽ ഓഫ് സെറ്റ് നയത്തിൽ തന്നെ മാറ്റം കൊണ്ടുവരണമെന്നാണു സിഎജി നിർദേശം. കരാർ കാലാവധി തീരുന്നതിന്റെ അവസാന ഘട്ടത്തിലേക്ക് ഓഫ്സെറ്റുകൾ വയ്ക്കുന്നതു നല്ലതല്ല. ഓഫ്സെറ്റ് വാഗ്ദാനങ്ങൾ സമയബന്ധിതമായി പാലിക്കപ്പെടാതെ പോകുന്നതിനു പിഴയീടാക്കുന്നതുമില്ല.
2005 മുതൽ 2018 മാർച്ച് വരെ 66,427 കോടിയുടെ 46 ഓഫ്സെറ്റ് കരാറുകൾ വിദേശ കമ്പനികളുമായി ഒപ്പുവച്ചിട്ടുണ്ട്. ഇതിൽ 19,223 കോടി രൂപയുടെ വാഗ്ദാനങ്ങൾ 2018 ഡിസംബറിനകം പാലിക്കേണ്ടതായിരുന്നു. എന്നാൽ, 11,396 കോടിയുടെ വാഗ്ദാനങ്ങളാണ് അവർ പാലിക്കാൻ മുന്നോട്ടുവന്നത്. ഇതിൽ തന്നെ 5,457 കോടിയുടെ വാഗ്ദാനങ്ങളാണ് പ്രതിരോധ മന്ത്രാലയം സ്വീകരിച്ചത്. ബാക്കിയൊക്കെ കരാർ നിബന്ധനകൾക്കു ചേരാത്തതും പ്രതിരോധ മേഖലയിലെ വാങ്ങൽ നടപടിക്രമങ്ങൾക്കു വിരുദ്ധവുമായിരുന്നു- സിഎജി വിശദീകരിക്കുന്നു.