പുതിയ രോഗബാധിതരെക്കാൾ കൂടുതൽ രോഗമുക്തർ
ന്യൂഡൽഹി: രാജ്യത്ത് ഒരു ദിവസം പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തെക്കാൾ കൂടുതൽ രോഗമുക്തരുണ്ടായ ദിനം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നു രാവിലെ എട്ടിനു പുതുക്കിയ കണക്കനുസരിച്ച് അവസാന 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചത് 93,337 പേർക്ക്. രോഗമുക്തരായത് 95,880 പേർ. രാജ്യത്തെ മൊത്തം കൊവിഡ് കേസുകൾ 53 ലക്ഷം പിന്നിട്ടു; രോഗമുക്തർ 42 ലക്ഷവും. റിക്കവറി നിരക്ക് 79.28 ശതമാനമായി ഉയർന്നിട്ടുണ്ട്. മരണനിരക്ക് 1.61 ശതമാനം.
അവസാന 24 മണിക്കൂറിൽ 1,247 പേരാണു മരിച്ചത്. ഇതോടെ മൊത്തം കൊവിഡ് മരണം 85,619. രാജ്യത്തിപ്പോൾ 10,13,964 ആക്റ്റിവ് കേസുകളാണുള്ളത്. മൊത്തം കേസുകൾ 53,08,014. മൊത്തം കേസുകളുടെ 19.10 ശതമാനമാണ് ഇപ്പോഴത്തെ കേസ് ലോഡ്. വെള്ളിയാഴ്ച 8.81 ലക്ഷം സാംപിളുകളാണു പരിശോധിച്ചതെന്ന് ഐസിഎംആർ വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ 21,656 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 11.67 ലക്ഷമാണ് സംസ്ഥാനത്തെ ഇതുവരെയുള്ള കൊവിഡ് ബാധിതർ. ആക്റ്റിവ് കേസുകൾ മൂന്നു ലക്ഷത്തിലേറെ. 405 പേരുടെ മരണം കൂടി 24 മണിക്കൂറിനിടെ രേഖപ്പെടുത്തി. സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ ഇതോടെ 31,791 ആയിട്ടുണ്ട്.
ആന്ധ്രപ്രദേശിൽ ആറു ലക്ഷത്തിലേറെയായി കേസുകൾ. 8,096 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 67 പേർ കൂടി മരിച്ച സംസ്ഥാനത്ത് മരണസംഖ്യ 5,244ൽ എത്തി. 84,423 ആക്റ്റിവ് കേസുകളാണ് ആന്ധ്രയിലുള്ളത്. ഒരു ദിവസം 49.59 ലക്ഷം പരിശോധനകൾ നടത്തിയ സംസ്ഥാനത്ത് പോസിറ്റിവിറ്റി നിരക്ക് 12.29 ശതമാനമാണ്. റിക്കവറി നിരക്ക് 85.29 ശതമാനവും. 5.30 ലക്ഷം കേസുകളാണു തമിഴ്നാട്ടിൽ. പുതുതായി രോഗം സ്ഥിരീകരിച്ചത് 5,488 പേർക്ക്. 67 പേർ കൂടി മരിച്ചു. തമിഴകത്തെ കൊവിഡ് മരണം 8,685 ആയിട്ടുണ്ട്. ആക്റ്റിവ് കേസുകൾ 46,506.
8,626 പുതിയ കേസുകൾ സ്ഥിരീകരിച്ച കർണാടകയിൽ മൊത്തം കേസുകൾ അഞ്ചുലക്ഷം കടന്നു. 3.94 ലക്ഷം പേർ രോഗമുക്തരായപ്പോൾ ആക്റ്റിവ് കേസുകൾ ഒരു ലക്ഷത്തിലേറെയാണ്. 179 പേരുടെ മരണം കൂടി രേഖപ്പെടുത്തിയ സംസ്ഥാനത്ത് മൊത്തം മരണസംഖ്യ 7,808. ഉത്തർപ്രദേശിൽ 3.42 ലക്ഷം കേസുകളും 4869 മരണവുമാണ് ഇതുവരെ. ഡൽഹിയിൽ 2.38 ലക്ഷത്തിലെത്തിയിട്ടുണ്ട് മൊത്തം രോഗബാധിതർ. 4,907 പേർ സംസ്ഥാനത്തു മരിച്ചു. 4,127 പുതിയ കേസുകളാണു രാജ്യതലസ്ഥാനത്ത് അവസാന ദിവസം രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളിൽ 3,192 പുതിയ കേസുകൾ കണ്ടെത്തി. മൊത്തം രോഗബാധിതർ 2.18 ലക്ഷം. 4,242 പേർ ഇതുവരെ സംസ്ഥാനത്തു മരിച്ചു.
ദിവസം നാലായിരത്തിലേറെ പുതിയ കേസുകൾ കണ്ടെത്തുകയാണ് ഇപ്പോൾ കേരളവും ഒഡിശയും. 3842 പുതിയ രോഗികളെ കണ്ടെത്തിയ ഛത്തിസ്ഗഡ് പ്രതിദിന വർധനയിൽ പുതിയ റെക്കോഡ് കുറിച്ചു. ഗുജറാത്തിൽ ഇതാദ്യമായി പ്രതിദിന വർധന 1400 കടന്നിട്ടുണ്ട്. മധ്യപ്രദേശിലും രാജസ്ഥാനിലും റെക്കോഡ് വർധനയാണ് പ്രതിദിന കേസുകളിൽ.
മധ്യപ്രദേശിൽ 2,552 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതർ ഒരു ലക്ഷം കടന്നു. തുടർച്ചയായി ഒമ്പതാം ദിവസമാണ് സംസ്ഥാനത്ത് രണ്ടായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 1,901 പേർ ഇതുവരെ സംസ്ഥാനത്തു മരിച്ചു. രാജസ്ഥാനിൽ 1817 പുതിയ കേസുകളാണ്. മൊത്തം രോഗബാധിതർ 1.11 ലക്ഷവും മരണസംഖ്യ 1,308ഉം.