അറസ്റ്റിലായത് ഭീകരാക്രമണത്തിനു പദ്ധതിയിട്ടവർ
ന്യൂഡൽഹി, കോൽക്കത്ത: പശ്ചിമ ബംഗാളിലും കേരളത്തിലുമായി അറസ്റ്റിലായ ഒമ്പത് അൽ ക്വയ്ദ ഭീകരർ രാജ്യത്തെ വിവിധ നഗരങ്ങളിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ട സജീവ സംഘത്തിൽ ഉൾപ്പെടുന്നവരാണെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇവർ ഇതിനുവേണ്ടി സജീവമായി ഫണ്ട് സമാഹരണം നടത്തുന്നുണ്ടെന്നും എന്‍ഐഎ വൃത്തങ്ങൾ. അൽ ക്വയ്ദയുടെ പാക്കിസ്ഥാൻ സ്പോൺസർ ചെയ്യുന്ന മൊഡ്യൂളിൽ പെട്ടവരാണ് ഇവർ.
കേരളത്തിലും പശ്ചിമ ബംഗാളിലും അടക്കം രാജ്യത്തെ പല സംസ്ഥാനങ്ങളിലായി ഈ മൊഡ്യൂൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു റെയ്ഡ് നടത്തിയതെന്നും എൻഐഎ വൃത്തങ്ങളിൽ നിന്ന് അറിയുന്നു. ഇന്നു പുലർച്ചെ കേരളത്തിലും ബംഗാളിലുമായി ഒരേ സമയം റെയ്ഡുകൾ നടത്തുകയായിരുന്നു. സെപ്റ്റംബർ 11നു രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ബംഗാളിൽ നിന്ന് ആറു പേരെയും കേരളത്തിൽ നിന്ന് മൂന്നു പേരെയുമാണ് റെയ്ഡിൽ പിടികൂടിയത്.
പ്രകോപനം സൃഷ്ടിക്കുന്ന തരത്തിലുള്ള കുറിപ്പുകൾ, ആയുധങ്ങൾ, നാടൻ തോക്കുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, സ്ഫോടക വസ്തുക്കൾ, സ്വിച്ചുകൾ, ബാറ്ററികൾ, പ്രാദേശികമായി നിർമിച്ച രക്ഷാകവചങ്ങൾ തുടങ്ങിയവ ഇവരിൽ നിന്നു പിടിച്ചെടുത്തിട്ടുണ്ട്.
ഡൽഹിയിൽ ആക്രമണം നടത്താൻ ഈ മൊഡ്യൂൾ പദ്ധതിയിട്ടിരുന്നുവെന്നും എൻഐഎ വൃത്തങ്ങൾ പറയുന്നു. ആയുധങ്ങൾ ശേഖരിക്കാനായി സംഘാംഗങ്ങളിൽ ചിലർ ഡൽഹിയിലെത്താനിരുന്നതാണെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ആയുധങ്ങൾ ഭീകരർക്കു നൽകാനായി ഇവർ കശ്മീരിലേക്കും പോകാനിരുന്നതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണത്തിനുള്ള ശ്രമങ്ങളാണ് ഇവരുടെ അറസ്റ്റോടെ തടയപ്പെട്ടിരിക്കുന്നതെന്ന് എന്‍ഐഎ കരുതുന്നു.
മുർഷിദാബാദ് സ്വദേശിയായ അബു സുഫിയാനാണ് ഇന്ത്യയിൽ ഈ സംഘത്തെ നയിക്കുന്നത്. ഇയാൾ ഇന്ന് അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുണ്ട്. അറസ്റ്റിലായവരെ രണ്ടു സംസ്ഥാനത്തും കോടതികളിൽ ഹാജരാക്കി തുടരന്വേഷണത്തിനായി കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും എന്‍ഐഎ വൃത്തങ്ങൾ പറഞ്ഞു.