96,551 പുതിയ കേസുകൾ; 1,209 മരണം കൂടി
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ പ്രതിദിന വർധനയിൽ പുതിയ റെക്കോഡ്. ഇന്നു രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ 96,551 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 1,209 പേരുടെ മരണം കൂടി രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്ബാധിതർ 45 ലക്ഷം പിന്നിട്ടു. മരണസംഖ്യ 76,271 ആയി ഉയർന്നിട്ടുണ്ട്. രോഗമുക്തി നേടിയവർ 35 ലക്ഷം കടന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം.
റിക്കവറി നിരക്ക് 77.65 ശതമാനമായപ്പോൾ മരണനിരക്ക് 1.67 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ മൊത്തം കൊവിഡ് കേസുകൾ 45,62,414. ഇതിൽ രോഗമുക്തി നേടിയവർ 35,42,663. ആക്റ്റിവ് കേസുകൾ 9.43 ലക്ഷത്തിലേറെയാണ്. മൊത്തം കേസ് ലോഡിന്റെ 20.68 ശതമാനമാണിത്. സെപ്റ്റംബർ അഞ്ചിനാണ് ഇന്ത്യയിൽ കൊവിഡ് കേസുകൾ 40 ലക്ഷം കടന്നത്. 11.63 ലക്ഷത്തിലേറെ സാംപിളുകൾ ഇന്നലെ പരിശോധിച്ചെന്ന് ഐസിഎംആർ വ്യക്തമാക്കുന്നു. ഇതുവരെയുള്ള കൊവിഡ് പരിശോധനകൾ 5.40 കോടിയിലേറെയായിട്ടുണ്ട്.
രോഗബാധയിൽ വൻ കുതിപ്പു നടത്തുന്ന മഹാരാഷ്ട്രയിൽ അവസാന 24 മണിക്കൂറിൽ സ്ഥിരീകരിച്ചത് 23,446 കേസുകളാണ്. അവിടുത്തെ മൊത്തം രോഗബാധിതർ 9.90 ലക്ഷം കടന്നു. ബുധനാഴ്ച 23,816 കേസുകൾ സ്ഥിരീകരിച്ചതാണ് മഹാരാഷ്ട്രയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധന. പ്രതിദിന വർധനയിൽ രണ്ടാമത്തെ ഉയർന്ന സംഖ്യയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറിനിടെ 448 പേരുടെ മരണം കൂടി സംസ്ഥാനത്തു കൊവിഡ് കണക്കിൽ രേഖപ്പെടുത്തി. ഇതോടെ ഇതുവരെയുള്ള മരണസംഖ്യ 28,282ൽ എത്തിയിട്ടുണ്ട്. 38 പേർ കൂടി മരിച്ച മുംബൈയിലെ ഇതുവരെയുള്ള മരണസംഖ്യ 8,023.
ഏഴു ലക്ഷത്തിലേറെ പേരാണ് മഹാരാഷ്ട്രയിൽ രോഗമുക്തി നേടിയത്. 70.72 ശതമാനം റിക്കവറി നിരക്ക്. 2.61 ലക്ഷത്തിലേറെ ആക്റ്റിവ് കേസുകൾ. ഇതിൽ 69,456 പേർ പൂനെയിലാണു ചികിത്സയിലുള്ളത്. താനെയിൽ 28,460 പേരും മുംബൈയിൽ 26,629 പേരും ചികിത്സയിലുണ്ട്.
10,175 പുതിയ കേസുകളാണ് ആന്ധ്രപ്രദേശിൽ കണ്ടെത്തിയത്. സംസ്ഥാനത്തെ മൊത്തം കേസുകൾ ഇതോടെ 5.37 ലക്ഷത്തിലെത്തി. മരണനിരക്ക് 0.87 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 4,702 പേരാണ് ആന്ധ്രയിൽ ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചത്. 4.35 ലക്ഷത്തിലധികം പേർ രോഗമുക്തി നേടി. 4.86 ലക്ഷമാണ് തമിഴ്നാട്ടിലെ ഇതുവരെയുള്ള കൊവിഡ് കേസുകൾ. ഇതിൽ 4.29 ലക്ഷം പേർ രോഗമുക്തരായി. 8,154 മരണം. കർണാടകയിലെ മൊത്തം കേസുകൾ 4.30 ലക്ഷത്തിലെത്തി. 3.22 ലക്ഷം പേരാണ് രോഗമുക്തരായത്. 6937 പേർ ഇതുവരെ മരിച്ചു. 2.92 ലക്ഷം മൊത്തം രോഗബാധിതരാണ് ഉത്തർപ്രദേശിൽ. 2.21 ലക്ഷവും രോഗമുക്തി നേടി. 4,206 മരണം.
ഡൽഹിയിലെ മൊത്തം കേസുകൾ രണ്ടു ലക്ഷത്തിലധികമാണ്. 1.75 ലക്ഷം പേർ രോഗമുക്തി നേടിയ രാജ്യതലസ്ഥാനത്ത് 4,666 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചത്. 1.93 ലക്ഷം കേസുകളായി പശ്ചിമ ബംഗാളിൽ. 3,771 പേർ ഇതുവരെ സംസ്ഥാനത്തു മരിച്ചു. ബിഹാറിൽ 1.53 ലക്ഷവും തെലങ്കാനയിൽ ഒന്നര ലക്ഷവും അസമിൽ 1.33 ലക്ഷവും ഗുജറാത്തിൽ 1.09 ലക്ഷവും രോഗബാധിതരാണ് ഇതുവരെയുണ്ടായിട്ടുള്ളത്.