എം.സി. കമറുദ്ദീനെതിരെ ലീഗ്; യുഡിഎഫ് ജില്ലാ ചെയര്മാന് സ്ഥാനത്ത് നിന്ന് നീക്കി
കോഴിക്കോട്: കാസര്‍ഗോഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീനെ യുഡിഎഫ് ജില്ലാ ചെയര്മാന് സ്ഥാനത്ത് നിന്ന് നീക്കിയതായി മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യാനായി പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എം.സി. കമറുദ്ദീന് എംഎല്‍എയുമായി ഫോണില്‍ സംസാരിച്ചു. വിമര്‍ശനങ്ങളും പരാതികളും സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്തു. നിക്ഷേപകരുടെ തുക നഷ്ടം വരാതെ സംരക്ഷിക്കും.
ഇക്കാര്യത്തിനാണ് ലീഗ് മുന്‍ഗണന നല്‍കുന്നത്. എം.സി. കമറുദ്ദീന്റെ നിലവിലെ ബാധ്യതകളും ആസ്തികളും സംബന്ധിച്ച് ഈമാസം 30 ന് മുന്‍പായി കണക്കെടുപ്പ് നടത്തി വിവരം നല്‍കണം. നിക്ഷേപകര്‍ക്ക് നല്‍കാനുള്ള തുക എം.സി. കമറുദ്ദീന്റെ ആസ്തി വിറ്റ് ആറുമാസത്തിനുള്ളില്‍ നല്‍കണം. ഇത് സംബന്ധിച്ച സെറ്റില്‍മെന്റിന് ജില്ലാ മുസ്ലീംലീഗ് ട്രഷാര്കല്ലട മാഹീന് ഹാജിയെ ചുമതലപ്പെടുത്തിയതായും ലീഗ് നേതൃത്വം അറിയിച്ചു. ആസ്തിയും കടബാധ്യതയും എത്ര വീതമുണ്ടെന്ന് നേതൃത്വത്തെ അറിയിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ ഉള്ള ആസ്തി ഉപയോഗപ്പെടുത്തി നിക്ഷേപകരുടെ പണം നല്‍കണം.
പണം നല്കാന് സാധിക്കുന്നില്ലെങ്കില്‍ ബന്ധുക്കളുടെ കൈയില്‍ നിന്നോ അഭ്യുദയകാംക്ഷികളില്‍ നിന്നോ പണം സ്വരൂപിച്ച് നിശ്ചിത സമയത്തിനുള്ളില്‍ തുക പൂര്‍ണമായും നല്‍കണമെന്നും ലീഗ് നേതൃത്വം നിര്‍ദേശിച്ചു. ഈ വിഷയത്തെ പാര്‍ട്ടി ഗൗരവത്തോടെ കാണുന്നെന്നും നിക്ഷേപകരുടെ ആശങ്കയ്ക്കര് പ്രാഥമിക പരിഗണന നല്‍കുന്നെന്നും മുസ്ലിം ലീഗ് നേതൃത്വം വ്യക്തമാക്കി.സംസ്ഥാന അധ്യക്ഷന്‍ ഹൈദരാലി ശിഹാബ് തങ്ങള്‍, കെപിഎ മജീദ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടത്തിയത്.
ഇന്നലെ രാവിലെ മലപ്പുറത്തെത്തിയ കമറുദ്ദീനെ നേരിട്ട് കാണാന്‍ മുസ്ളീം ലീഗ് നേത്യത്വം തയ്യാറായില്ല. ജില്ലാ ഭാരവാഹികളുമായി പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.പി.എ. മജീദും ഉച്ചയോടെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. നാല് കമ്പനികളാണ് എം.സി.കമറുദ്ദീന് ചെയര്‍മാനായി രൂപവത്കരിച്ചത്. ചന്തേര മാണിയാട്ട് ആസ്ഥാനമാക്കി 2006-ല്‍ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലാണ് ആദ്യം രൂപവത്കരിച്ചത്. 2008-ല്‍ കമര്‍ ഫാഷന്‍ ഗോള്‍ഡ്, 2009- നുജൂം ഗോള്‍ഡ്, 2012-ല്‍ ഫാഷന്‍ ഓര്‍ണമെന്റ്സ് എന്നീ സ്ഥാപനങ്ങള്‍കൂടി രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ (ആര്.ഒ.സി.) രജിസ്റ്റര്‍ചെയ്തു.
ഈ നാല് കമ്പനികളിലായി 749 പേരാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. ജൂവലറിയുടെ ചെറുവത്തൂര്‍ ശാഖയില്‍ 320, പയ്യന്നൂര്‍-187, കാസര്‍ഗോഡ് -242 എന്നിങ്ങനെയാണ് നിക്ഷേപകരുടെ കണക്ക്. ഇവരില്‍നിന്ന് ഏകദേശം 150 കോടിയോളം രൂപ മൂല്യമുള്ള സ്വര്‍ണവും പണവുമാണ് നിക്ഷേപമായി സ്വീകരിച്ചത്.ഓരോവര്‍ഷവും കമ്പനിയുടെ വിറ്റുവരവ്, ലാഭം, ആസ്തി/ബാധ്യത കണക്ക്, ആദായനികുതി റിട്ടേണ്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ആര്.ഒ.സി.ക്ക് സമര്‍പ്പിക്കണമെന്നാണ് ചട്ടം.എന്നാല്‍ 2017-നുശേഷം കമ്പനിയുമായി ബന്ധപ്പെട്ട ഒരു രേഖയും ആര്.ഒ.സി.ക്ക് സമര്‍പ്പിച്ചിട്ടില്ല. ഓരോ വര്‍ഷവും നടക്കേണ്ട കമ്പനിയുടെ ജനറല്‍ ബോഡി യോഗവും 2017-നുശേഷം നടന്നിട്ടില്ല.