13 ദിവസം കൊണ്ട് 10 ലക്ഷം കേസുകൾ; കൊവിഡ് ബാധിതർ 40 ലക്ഷം പിന്നിട്ടു
ന്യൂഡൽഹി: കൊവിഡ് കേസുകളുടെ പ്രതിദിന വർധനയിൽ വീണ്ടും റെക്കോഡ് കുറിച്ചു രാജ്യം. ഇന്നു രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 86,432 പേർക്ക്. ഇതോടെ ഇതുവരെയുള്ള കൊവിഡ് ബാധിതർ 40,23,179 ആയി. 30 ലക്ഷത്തിലെത്തിയ ശേഷം വെറും 13 ദിവസം കൊണ്ടാണ് രാജ്യത്ത് വൈറസ് ബാധിതർ 40 ലക്ഷം മറികടക്കുന്നത്.
ലോകത്ത് മൊത്തം കേസുകളിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിന് തൊട്ടടുത്ത് എത്തിയിരിക്കുകയാണ് ഇന്ത്യ. ബ്രസീലിൽ 40,91,801 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചതെന്നാണ് വേൾഡോ മീറ്ററിന്റെ കണക്കിൽ കാണുന്നത്. ലോകത്ത് ഒന്നാം സ്ഥാനത്തുള്ള യുഎസിൽ 63 ലക്ഷത്തിലേറെയാണ് മൊത്തം കേസുകൾ.
അതേസമയം, ഇന്ത്യയിൽ രോഗമുക്തരായവർ 31.07 ലക്ഷത്തിലേറെയായിട്ടുണ്ട്. റിക്കവറി നിരക്ക് 77.23 ശതമാനം. അവസാന 24 മണിക്കൂറിൽ 1,089 മരണം കൂടിയാണ് കൊവിഡ് കണക്കിൽ രേഖപ്പെടുത്തിയത്. ഇതോടെ മൊത്തം മരണസംഖ്യ 69,561 ആയി ഉയർന്നു. മരണനിരക്ക് 1.73 ശതമാനമായി താഴ്ന്നിട്ടുണ്ട്. 8,46,395 ആക്റ്റിവ് കേസുകളാണ് ഇപ്പോൾ രാജ്യത്തുള്ളത്. 10.59 ലക്ഷത്തിലേറെ സാംപിളുകൾ ഇന്നലെ പരിശോധിച്ചെന്ന് ഐസിഎംആർ വ്യക്തമാക്കി.
രാജ്യത്ത് കൊവിഡ് കേസുകൾ ആദ്യ ഒരു ലക്ഷത്തിലെത്താൻ 110 ദിവസമെടുത്തു. അവിടെ നിന്ന് 10 ലക്ഷത്തിലെത്താൻ വേണ്ടിവന്നത് 59 ദിവസം. 21 ദിവസം കൊണ്ട് 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷത്തിലെത്തി. പിന്നീട് 30 ലക്ഷത്തിലെത്താൻ 16 ദിവസം മതിയായിരുന്നു; അവസാന 10 ലക്ഷത്തിന് 13 ദിവസവും