രാജ്യത്ത കൊവിഡ് ബാധിതതരുടെ എണ്ണം 39 ലക്ഷം കടന്നു; 1096 പേർ മരിച്ചു
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് രോഗവ്യാപനം വർധിക്കുകയാണ്. ഇന്ത്യയിൽ കൊവിഡ് രോഗ ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു. ഇന്നലെ 83,341 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 39,36,748 ആയി. 8,31,124 പേർ നിലവിൽ ചികിൽസയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1096 പേരാണ് ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ വൈറസ് ബാധിച്ച് രാജ്യത്ത് ജീവൻ നഷ്ടമായവരുടെ എണ്ണം 68,472 ആയി ഉയർന്നു.രാജ്യത്ത് 30,37,152 പേർ കോവിഡ് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് സെപ്റ്റംബർ മൂന്നുവരെ 4,66,79,145 സാംപിളുകൾ പരിശോധിച്ചു. ഇന്നലെ മാത്രം 11,69,765 സാംപിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയതായി ഐസിഎംആർ അറിയിച്ചു.
രാജ്യത്തെ ആകെ കൊവിഡ് മരണങ്ങളിൽ 70 ശതമാനവും അഞ്ചു സംസ്ഥാനങ്ങളിൽ നിന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആന്ധ്രാപ്രദേശ്, ഡൽഹി, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവയാണ് ഈ അഞ്ചു സംസ്ഥാനങ്ങളെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
കൊവിഡ് ബാധിച്ച് ചികിത്സയിലുളളവരിൽ ഏറിയ പങ്കും അഞ്ചു സംസ്ഥാനങ്ങളിൽ നിന്നാണ്. തമിഴ്നാട്, ഉത്തർപ്രദേശ്, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളാണ് ഈ പട്ടികയിലുളളത്. രാജ്യത്തെ ആകെ ചികിത്സയിലുളളവരുടെ 62 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണെന്നും ആരോഗ്യമന്ത്രാലയം സെക്രട്ടറി അറിയിച്ചു.