ഫയല്‍ ചോര്‍ച്ചയെങ്കില്‍ അന്വേഷിക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: തന്റെ ഓഫീസില്‍ നിന്ന് ഫയലുകള്‍ പുറത്തുപോകുന്നുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫയല്‍ ബിജെപി നേതാക്കള്‍ക്ക് കിട്ടിയത് ഓഫീസിന്റെ വീഴ്ച്ചയാണോ, ഇക്കാര്യം പരിശോധിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അത് പരിശോധിക്കാം എന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഈ ഫയല്‍ മാത്രമല്ല ഇതിനു മുന്‍പും സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്ന് പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മുഖ്യമന്ത്രിയുടെ ഒപ്പ് സംബന്ധിച്ച് ബിജെപി ഉയത്തിക്കൊണ്ടുവന്ന വിവാദത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഫയലിലെ ഒപ്പു സംബന്ധിച്ച് ബിജെപി വക്താവിന് സാധാരണ ഗതിയില്‍ കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാവും ആസ്ലാപണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവര്‍ക്കതിനെ കുറിച്ച് നിശ്ചയം ഇല്ലാത്തത് കൊണ്ടായിരിക്കാം പരാതി. ഒപ്പ് എന്റേതാണ്. അന്ന് മലയാള ഭാഷാ ദിനാചരണത്തിന്റെ ഫയല്‍ മാത്രമല്ല ഒപ്പിട്ടത്. 2018 സെപ്റ്റംബര്‍ ആറിന് 39 ഫയലുകള്‍ ഒപ്പിട്ടിട്ടുണ്ട്.
എന്റെ കൈയിലും യാത്രയുടെ ഘട്ടത്തില്‍ ഐ പാഡ് ഉണ്ടാകാറുണ്ട്. ആറാം തീയതി ഫയല്‍ അയച്ച് കിട്ടി. അതില്‍ ഒപ്പിട്ട് തിരിച്ചയച്ചതാണ്. അതിന്റെ രേഖയും കൈയിലുണ്ട്. ആറാം തീയതി എന്ന ദിവസം 39 ഫയലുകള്‍ ഒപ്പിട്ട് തിരിച്ചയച്ചിട്ടുണ്ട്. എല്ലാ ദിവസവും ഇങ്ങനെ ഫയല്‍ അയക്കാറുണ്ട്. അതെല്ലാം ഞാന്‍ നോക്കി അംഗീകരിച്ച് ഒപ്പിട്ട് തിരിച്ചയച്ചിട്ടുണ്ട്. ഒപ്പ് വ്യാജമല്ല. ( ഫയല്‍ അയച്ച തീയതിയാണ് ആറാം തീയതി, ഞാന്‍ തിരിച്ചയച്ചതല്ല)
യുഡിഎഫ് ഇപ്പോള്‍ ഈ നിലയിലാണ് സ്വീകരിക്കുന്നത്.
ബിജെപി പറയും യുഡിഎഫ് ഏറ്റെടുക്കും. ബിജെപിക്ക് അറിയാതിരിക്കാം. കുഞ്ഞാലിക്കുട്ടിക്ക് ഇത് അറിയാതെ ഇരിക്കില്ല. സംസ്ഥാനത്ത് 2013 ആഗസ്റ്റ് 24 മുതല്‍ ഈ പറയുന്ന ഫയല്‍ പ്രൊസസിങ് ഇ-ഓഫീസ് വഴി നടത്താമെന്ന് ഉത്തരവിറക്കി. അന്ന് മുതല്‍ ഇത് നടക്കുന്നതാണ്. കുഞ്ഞാലിക്കുട്ടി അത് ചെയ്തിട്ടുണ്ടോയെന്ന് അറിയില്ല. എന്നാല്‍ മനസിലാക്കാത്തതല്ല. കോണ്‍ഗ്രസിനേക്കാളും വാശിയോടെ ലീഗാണ് ബിജെപിയുടെ ആരോപണം ഏറ്റെടുക്കുന്നത്.
മുന്‍പന്തിയില്‍ നില്‍ക്കണമെന്ന് ലീഗിന് തോന്നുന്നുണ്ടാകും.ഗവേഷണം നടത്തി കണ്ടെത്തിയതായിരിക്കും ഇത്. 2018 ലേക്ക് പോകണമെങ്കില്‍ അത് തീരെ അറിയാതെവില്ല. കുറച്ച് സമയത്തേക്ക് പുകമറ നില്ക്കട്ടെ എന്ന് കരുതിക്കാണും. ഫയല്‍ ബിജെപി നേതാക്കള്‍ക്ക് എങ്ങനെ കിട്ടിയെന്ന് പരിശോധിക്കാം. ഐ പാഡില്‍ ഫയല്‍ വരും. അതില്‍ ഇടുന്നത് ഡിജിറ്റല്‍ ഒപ്പ് തന്നെയാണ്.
2018 ലെ ഫയല്‍, മലയാള ഭാഷ ദിനാചരണത്തിന്റേത് രഹസ്യ ഫയലല്ല. ഏത് വഴിക്കാണ് പോയതെന്ന് പരിശോധിക്കാം. വിദേശത്ത് നിന്ന് ഒപ്പിടാന്‍ നേരത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഫയല്‍ പ്രൊസസിങിന് ഇ-സോഫ്റ്റ്വെയര് ഉപയോഗിക്കാമെന്നാണ്. തിരുവനന്തപുരത്തിന് പുറത്തായിരുന്നപ്പോഴെല്ലാം ഇത് ഉപയോഗിച്ചു. അതില്‍ തെറ്റില്ല.