കൊവിഡ് കേസുകളിൽ പുതിയ റെക്കോഡ്; പ്രതിദിന വർധന 83,883
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ പ്രതിദിന വർധനയിൽ പുതിയ റെക്കോഡ്. ഒരു ദിവസം ഇതാദ്യമായി എൺപതിനായിരത്തിലേറെ പേർക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നു രാവിലെ എട്ടിനു പുതുക്കിയ കണക്കിൽ അവസാന 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത് 83,883 പേർക്ക്. ഇതോടെ മൊത്തം വൈറസ്ബാധിതർ 38 ലക്ഷം പിന്നിട്ടു. രോഗമുക്തരായവർ 29.70 കടന്നിട്ടുണ്ട്. റിക്കവറി നിരക്ക് 77.09 ശതമാനമായെന്ന് ആരോഗ്യ മന്ത്രാലയം. മരണനിരക്ക് 1.75 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
അവസാന 24 മണിക്കൂറിൽ 1,043 പേരാണ് രാജ്യത്തു കൊവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ മൊത്തം മരണം 67,376 ആയിട്ടുണ്ട്. മൊത്തം കേസുകൾ 38,53,406. ഇപ്പോൾ ചികിത്സയിലുള്ളത് 8.15 ലക്ഷത്തിലേറെ പേരാണ്. മൊത്തം കേസ് ലോഡിന്റെ 21.16 ശതമാനമാണിത്. ബുധനാഴ്ച 11,72,179 സാംപിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ വ്യക്തമാക്കി. ഇതാദ്യമായാണ് ഇത്രയും കൊവിഡ് ടെസ്റ്റുകൾ ഒരു ദിവസം നടത്തുന്നത്.
മഹാരാഷ്ട്രയിൽ പതിനേഴായിരത്തിലേറെയും ആന്ധ്രപ്രദേശിൽ പതിനായിരത്തിലേറെയും പേർക്കാണ് അവസാന 24 മണിക്കൂറിൽ രോഗബാധ കണ്ടെത്തിയത്. ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഒരു ദിവസം പതിനേഴായിരത്തിലേറെ പേർക്ക് രോഗം കണ്ടെത്തുന്നത് ഇതാദ്യമായാണ്. മഹാരാഷ്ട്രയിലെ മൊത്തം കേസുകൾ 8.25 ലക്ഷം കടന്നിട്ടുണ്ട്. ആന്ധ്രയിൽ നാലര ലക്ഷവും പിന്നിട്ടു. മൂന്നാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ 4.39 ലക്ഷത്തിലേറെ പേർക്കാണ് ഇതുവരെ രോഗബാധയുണ്ടായത്.
കർണാടകയിലെ മൊത്തം കേസുകൾ 3.61 ലക്ഷത്തിലെത്തി. ഉത്തർപ്രദേശിൽ 2.41 ലക്ഷം കേസുകളാണുള്ളത്. ഡൽഹിയിൽ 1.79 ലക്ഷമായി. കേസുകളിൽ രണ്ടു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് അവസാന 24 മണിക്കൂറിൽ ഡൽഹിയിൽ- 2,509 കേസുകൾ. പശ്ചിമ ബംഗാളിൽ 1.68 ലക്ഷവും ബിഹാറിൽ 1.40 ലക്ഷവും തെലങ്കാനയിൽ 1.30 ലക്ഷവും അസമിൽ 1.11 ലക്ഷവും കേസുകളുണ്ട്.
മഹാരാഷ്ട്രയിലെ മൊത്തം മരണസംഖ്യ കാൽ ലക്ഷം പിന്നിട്ടു. അവസാന കണക്കനുസരിച്ച് 25,195 പേരാണ് ഇതുവരെ സംസ്ഥാനത്തു മരിച്ചത്. തമിഴ്നാട്ടിൽ 7,516 പേരും കർണാടകയിൽ 5,950 പേരും ഡൽഹിയിൽ 4,481 പേരും ആന്ധ്രയിൽ 4,125 പേരും യുപിയിൽ 3611 പേരും പശ്ചിമ ബംഗാളിൽ 3339 പേരും ഇതുവരെ വൈറസ് ബാധിച്ചു മരിച്ചിട്ടുണ്ട്.