ലഡാഖ്: കടന്നുകയറാനുള്ള മൂന്നാമത്തെ ചൈനീസ് ശ്രമവും തകർത്തു
ന്യൂഡൽഹി: ലഡാഖിൽ അതിക്രമിച്ചു കടക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ മൂന്നു ശ്രമങ്ങൾ മൂന്നു ദിവസത്തിനിടെ ഇന്ത്യൻ സേന തകർത്തു. ചൊവ്വാഴ്ച ദക്ഷിണ- പൂർവ ലഡാഖിലെ ചുമാർ പ്രദേശത്താണ് യഥാർഥ നിയന്ത്രണ രേഖ മറികടന്നു മുന്നേറാൻ ചൈനീസ് ശ്രമമുണ്ടായത്. ഇതായിരുന്നു അവരുടെ മൂന്നാം ശ്രമവും. ചൈനീസ് സേനയുടെ എട്ടോളം കവചിത വാഹനങ്ങൾ അവരുടെ ചെപൂസി ക്യാംപിൽ നിന്ന് യഥാർഥ നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യൻ ഭൂപ്രദേശത്തേക്ക് എത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ പറയുന്നു.
ഏതു ശ്രമവും തടയാൻ പാകത്തിന് ഇന്ത്യയുടെ രക്ഷാസേന അവിടെ നിലയുറപ്പിച്ചിരുന്നു. ഇന്ത്യയുടെ സൈനിക വാഹനങ്ങളും അവിടെയുണ്ടായിരുന്നു. ഇന്ത്യൻ വാഹനങ്ങളും സൈനികരെയും കണ്ട ചൈനീസ് പട്ടാളം അവരുടെ ക്യാംപിലേക്കു തന്നെ മടങ്ങിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ. ഏതു മേഖലയിലും ചൈനീസ് സൈന്യം കടന്നുകയറാമെന്നതിനാൽ ഇന്ത്യൻ രക്ഷാസേന അതീവ ജാഗ്രതയിലാണെന്നും അവർ. ഓഗസ്റ്റ് 29ന് രാത്രിയിൽ അതിർത്തിയിലുണ്ടായ സംഘർഷത്തിനു ശേഷം ചൈനയുടെ ഭാഗത്തുനിന്ന് ഏതു നിമിഷവും പ്രകോപനം പ്രതീക്ഷിക്കുന്നുണ്ടെന്നും സൈനിക വൃത്തങ്ങൾ.
ഇതിനിടെ, അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാൻ ബ്രിഗേഡ് കമാൻഡർ തലത്തിൽ നടന്ന ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്. ചർച്ചകൾ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറയുന്നു. ഈ ചർച്ചകൾ നടക്കുന്നതിനിടെയാണ് ചൈനീസ് സേന അതിർത്തി കടന്നുകയറാനുള്ള ശ്രമങ്ങൾ നടത്തുന്നതും. ഇന്ത്യൻ സേനയുടെ സമയോചിതമായ ഇടപെടലുകളാണ് ചൈനീസ് ശ്രമങ്ങൾ പരാജയപ്പെടുത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രസ്താവനയിൽ പറഞ്ഞു.
കാലാ ടോപ്, ഹെൽമെറ്റ് ടോപ് പ്രദേശങ്ങളിലാണ് ചൈനീസ് സൈന്യം അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നത്. ചൊവ്വാഴ്ച ചൈനീസ് നീക്കമുണ്ടായ ചുമാർ അതിർത്തി പട്രോൾ പ്രദേശവും കാലാ ടോപ്പിലാണ്. കഴിഞ്ഞ ദിവസവും കാലാ ടോപ്പിൽ കടന്നുകയറാൻ ചൈന ശ്രമിച്ചിരുന്നു. ചൈനീസ് മുന്നേറ്റം കണ്ട ഇന്ത്യൻ സേന അവരെ സ്പോട്ട് ചെയ്തിട്ടുണ്ടെന്ന് മെഗാ ഫോണിൽ വിളിച്ചു മുന്നറിയിപ്പു നൽകുകയായിരുന്നു. അതിർത്തി ലംഘിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യൻ സേന വ്യക്തമാക്കിയെന്ന് സൈനിക വൃത്തങ്ങൾ.
ഇന്ത്യൻ മണ്ണിലുള്ള കുന്നിൻപ്രദേശമാണ് കാലാ ടോപ്. എന്നാൽ, ഈ പ്രദേശത്ത് സൈനികരെ വിന്യസിക്കാറില്ല. 2014ൽ ചൈനീസ് പട്ടാളം കാലാ ടോപ്പിൽ കയറി ടെന്റുകൾ കെട്ടിയിരുന്നു. ഇന്ത്യ ശക്തമായി എതിർത്തതോടെ രണ്ടു മാസത്തിനു ശേഷം അവർ പിന്മാറി. വർഷങ്ങളായി ഈ പ്രദേശത്തു ചൈന കണ്ണു വയ്ക്കുന്നുണ്ട്.
ചൈനീസ് നീക്കങ്ങൾ തടയാൻ പാങ്കോങ് തടാകത്തിന്റെ ദക്ഷിണ തീരത്ത് ഇന്ത്യയുടെ സൈനിക വിന്യാസം ശക്തമാക്കിയിട്ടുണ്ട്. ലഡാഖിലെ സ്ഥിതിഗതികൾ ഇന്നലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വിശദമായി വിലയിരുത്തി. ഉന്നത ഉദ്യോഗസ്ഥരുമായി രണ്ടു മണിക്കൂറോളമാണ് രാജ്നാഥ് ചർച്ച നടത്തിയത്. യഥാർഥ നിയന്ത്രണ രേഖയിലെ ചൈനീസ് കടന്നുകയറ്റ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം ശക്തമായ സൈനിക സാന്നിധ്യം ഉറപ്പിക്കണമെന്ന് ചർച്ചയിൽ തീരുമാനമായി. കൂടുതൽ ടാങ്കുകളും ടാങ്ക് വേധ മിസൈലുകളും അടക്കം ആയുധങ്ങളും വാഹനങ്ങളും അതിർത്തിയിൽ സജ്ജമാക്കും. പാങ്കോങ് തടാകത്തിന്റെ തെക്കൻ തീരത്തെ തന്ത്രപ്രധാന മലനിരകളിലെല്ലാം ഇന്ത്യൻ സൈന്യത്തിന്റെ ആധിപത്യമുണ്ടെന്ന് സൈനിക വൃത്തങ്ങൾ പറയുന്നു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, കരസേനാ മേധാവി എം.എം. നരവനെ, എയർ ചീഫ് മാർഷൽ ആർകെഎസ് ബദൂരിയ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. കിഴക്കൻ ലഡാഖിൽ നിന്ന് 310 കിലോമീറ്റർ അകലെ ഹോതൻ വ്യോമതാവളത്തിൽ ജെ-20 ദീർഘദൂര ഫൈറ്റർ ജെറ്റുകൾ അടക്കം യുദ്ധ സജ്ജീകരണങ്ങൾ ചൈന ഒരുക്കിയിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ.
ഈ സാഹചര്യത്തിൽ ഇന്ത്യൻ വ്യോമസേനയുടെ നീരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സുഖോയിയും ജാഗ്വറും മിറാഷും അടക്കം ഇന്ത്യൻ വ്യോമസേനയുടെ മുൻനിര ഫൈറ്റർ ജെറ്റുകൾ കിഴക്കൻ ലഡാഖിലെ വ്യോമതാവളങ്ങളിലുണ്ട്.