പുതിയ കേസുകൾ 78,357; ആയിരത്തിലേറെ മരണം കൂടി
ന്യൂഡൽഹി: ഇന്നു രാവിലെ എട്ടിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ കണക്കനുസരിച്ച് രാജ്യത്ത് അവസാന 24 മണിക്കൂറിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 78,357 പേർക്ക്. 1,045 പേരുടെ മരണവും ഒരു ദിവസത്തിനിടെ രേഖപ്പെടുത്തി. ഇതോടെ മൊത്തം കോവിഡ് ബാധിതർ 37,69,523 ആയി ഉയർന്നു. മരണസംഖ്യ 66,333.
രോഗമുക്തരായവർ 29 ലക്ഷം കടന്നിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 76.98 ശതമാനമാണ് റിക്കവറി നിരക്ക്. മരണനിരക്ക് 1.76 ശതമാനമായി കുറഞ്ഞു. 8,01,282 ആക്റ്റിവ് കേസുകളാണ് രാജ്യത്തുള്ളത്. മൊത്തം കേസുകളുടെ 21.26 ശതമാനമാണിത്. ഇതുവരെയുള്ള കൊവിഡ് പരിശോധനകൾ 4.43 കോടി കവിഞ്ഞെന്ന് ഐസിഎംആർ കണക്കുകൾ. ചൊവ്വാഴ്ച 10,12,367 ടെസ്റ്റുകളാണു നടത്തിയത്.
മഹാരാഷ്ട്രയിൽ 15,765 പേർക്കു കൂടി രോഗബാധ കണ്ടെത്തി. ഇതോടെ സംസ്ഥാനത്തെ മൊത്തം കേസുകൾ എട്ടു ലക്ഷം കടന്നു. 320 പേരുടെ മരണമാണ് അവസാന 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ മൊത്തം മരണസംഖ്യ ഇതോടെ 24,903 ആയിട്ടുണ്ട്. 8,08,306 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരായത്. ഇപ്പോൾ ചികിത്സയിലുള്ളത് 1,98,523 പേരാണ്. 5.84 ലക്ഷത്തിലേറെ പേർ രോഗമുക്തരായി.
മുംബൈ നഗരത്തിലെ മൊത്തം കേസുകൾ 1,46,947. പൂനെ നഗരത്തിൽ 1,02,849 കേസുകളാണുള്ളത്. 7,693 പേർ മുംബൈ നഗരത്തിൽ ഇതുവരെ മരിച്ചു; പൂനെയിൽ 2,579 പേരും.
മൊത്തം കേസുകളിൽ രാജ്യത്തു രണ്ടാം സ്ഥാനത്തെത്തിയ ആന്ധ്രപ്രദേശിൽ വീണ്ടും പതിനായിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 10,368 പുതിയ കേസുകളാണ് സംസ്ഥാന ആരോഗ്യ മന്ത്രാലയം കാണിക്കുന്നത്. മൊത്തം രോഗബാധിതർ 4.45 ലക്ഷത്തിലെത്തി. ഇതിൽ 3.39 ലക്ഷം പേരാണ് രോഗമുക്തരായത്. 4,053 പേർ ഇതുവരെ സംസ്ഥാനത്തു മരിച്ചു. 84 പേരാണ് അവസാന 24 മണിക്കൂറിൽ മരിച്ചത്. ഇന്നലെ 59,834 ടെസ്റ്റുകൾ നടത്തിയെന്നും സംസ്ഥാന ആരോഗ്യ മന്ത്രാലയം.
തമിഴ്നാട്ടിൽ 5,928 പേർക്കു കൂടി രോഗം കണ്ടെത്തിയിട്ടുണ്ട്. മൊത്തം കേസുകൾ 4.34 ലക്ഷത്തിന് തൊട്ടടുത്തെത്തി. 96 മരണം കൂടി രേഖപ്പെടുത്തിയ സംസ്ഥാനത്ത് ഇതുവരെയുള്ള മരണസംഖ്യ 6,031. കർണാടകയിൽ 9,058 പുതിയ കേസുകളാണ് 24 മണിക്കൂറിൽ സ്ഥിരീകരിച്ചത്. 135 പേർ കൂടി മരിച്ചു. 3.51 ലക്ഷത്തിലേറെയാണ് കർണാടകയിലെ മൊത്തം കേസുകൾ. മൊത്തം മരണം 5,837. സംസ്ഥാനത്ത് ഇപ്പോൾ ചികിത്സയിലുള്ളത് 90,999 പേരാണ്.
5,571 രോഗബാധിതരെ കൂടി കണ്ടെത്തിയ ഉത്തർപ്രദേശിൽ മൊത്തം കേസുകൾ 2.35 ലക്ഷം കടന്നു. 56 പേർ കൂടി മരിച്ച സംസ്ഥാനത്ത് ഇതുവരെയുള്ള കൊവിഡ് മരണം 3,542 ആയിട്ടുണ്ട്.