ഒരു രാജ്യം, ഒരു വോട്ടർ പട്ടിക; നീക്കം തുടങ്ങി കേന്ദ്രം
ന്യൂഡൽഹി: പാർലമെന്റ്, നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകൾക്ക് പൊതുവായി ഒറ്റ വോട്ടർ പട്ടിക തയാറാക്കുന്നതു കേന്ദ്ര സർക്കാർ പരിഗണിക്കുന്നു. കഴിഞ്ഞ 13ന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇക്കാര്യം ചർച്ച ചെയ്തു. പാർലമെന്റിലേക്കം സംസ്ഥാന നിയമസഭകളിലേക്കുമായി ഒരുമിച്ചു തെരഞ്ഞെടുപ്പു നടത്തുക (ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്) എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ചതിനു പിന്നാലെയാണ് വോട്ടർപട്ടിക ഒന്നുമതിയെന്ന ആലോചന.
എങ്ങനെ ഇതു പ്രാബല്യത്തിലാക്കാം എന്നതിന് രണ്ടു സാധ്യതകളാണ് യോഗം പരിഗണിച്ചത്. രാജ്യം മുഴുവൻ ഒറ്റ വോട്ടർ പട്ടികയാക്കാൻ ഭരണഘടനയുടെ 243കെ, 243 ഇസഡ്എ എന്നീ അനുച്ഛേദങ്ങൾ ഭേദഗതി ചെയ്യുക എന്നതാണ് ആദ്യത്തേത്. അല്ലെങ്കിൽ മുനിസിപ്പൽ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾക്കു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ തയാറാക്കുന്ന വോട്ടർ പട്ടിക പ്രാബല്യത്തിൽ വരുത്താൻ സംസ്ഥാന സർക്കാരുകൾ നിയമ ഭേദഗതി വരുത്തണം. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, ലെജിസ്ലേറ്റിവ് സെക്രട്ടറി ജി. നാരായണ രാജു, പഞ്ചായത്തിരാജ് സെക്രട്ടറി സുനിൽകുമാർ, തെരഞ്ഞെടുപ്പു കമ്മിഷൻ സെക്രട്ടറി ജനറൽ ഉമേഷ് സിൻഹ ഉൾപ്പെടെ മൂന്നു പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷനുകൾക്ക് പഞ്ചായത്ത്, മുനിസിപ്പൽ തെരഞ്ഞെടുപ്പുകൾ സംബന്ധിച്ച മുഴുവൻ കാര്യങ്ങളും നടത്താൻ അധികാരം നൽകുന്നവയാണ് 243കെ, 243 ഇസഡ്എ എന്നീ അനുച്ഛേദങ്ങൾ. പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകൾ നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് അധികാരം നൽകുന്ന വകുപ്പാണ് 324 (1). മറ്റൊരു വിധത്തിൽ പറഞ്ഞാൽ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷനുകൾക്ക് തദ്ദേശ തെരഞ്ഞെടുപ്പുകൾക്ക് വോട്ടർ പട്ടിക തയാറാക്കുന്നതുൾപ്പെടെ നടത്താൻ പൂർണ സ്വാതന്ത്ര്യമുണ്ട്. ചില സംസ്ഥാനങ്ങൾ ഇപ്പോൾത്തന്നെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ തയാറാക്കിയ വോട്ടർ പട്ടികയാണ് തദ്ദേശ തെരഞ്ഞെടുപ്പിനും ഉപയോഗിക്കുന്നത്. എന്നാൽ, കേരളം, ഉത്തർപ്രദേശ്, ഉത്തരഖണ്ഡ്, ഒഡീശ, അസം, മധ്യപ്രദേശ്, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, ജമ്മു കശ്മീർ സംസ്ഥാനങ്ങൾ മുനിസിപ്പൽ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾക്ക് സ്വന്തം വോട്ടർപട്ടികയാണ് ഉപയോഗിക്കുന്നത്.
സംസ്ഥാനങ്ങൾ ഭേദഗതി വരുത്തുന്നതാണ് ഉചിതമെന്ന നിലപാടാണ് പഞ്ചായത്തിരാജ് സെക്രട്ടറി സുനിൽകുമാർ സ്വീകരിച്ചത്. തുടർന്ന് സംസ്ഥാനങ്ങളുമായി ചർച്ച നടത്തി ഒരു മാസത്തിനുള്ളിൽ അടുത്ത നടപടി തീരുമാനിക്കാൻ ക്യാബിനറ്റ് സെക്രട്ടറിയോട് നിർദേശിക്കുകയായിരുന്നു പി.കെ. മിശ്ര. രാജ്യമൊട്ടാകെ ഒരു വോട്ടർ പട്ടികയെന്നത് ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ടുവച്ചിരുന്ന വാഗ്ദാനമാണ്. പഞ്ചായത്തു മുതൽ പാർലമെന്റ് വരെ ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് എന്നതും പാർട്ടിയുടെ പ്രകടന പത്രികയിലുണ്ടായിരുന്നു.
നിലവിൽ ഓരോ തെരഞ്ഞെടുപ്പിനും ഓരോ വോട്ടർ പട്ടികയെന്നത് പലപ്പോഴും വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്. പഞ്ചായത്തിലേക്കു വോട്ടുള്ള വ്യക്തിക്ക് പാർലമെന്റ് വോട്ടർ പട്ടികയിൽ പേരില്ലാതാകുന്നതും നിയമസഭയിൽ വോട്ട് ചെയ്തയാൾക്ക് പഞ്ചായത്തിൽ വോട്ട് ലഭിക്കാതാകുന്നതുമൊക്കെ പരാതിക്ക് ഇടയാക്കാറുണ്ട്. കൂടാതെ ഓരോ തെരഞ്ഞെടുപ്പിനും വോട്ടർ പട്ടിക തയാറാക്കുകയെന്നത് ഒരേ ജോലി അനാവശ്യമായി ആവർത്തിക്കേണ്ടി വരുന്ന സാഹചര്യവുമുണ്ടാക്കുന്നു. ഇതിനുവേണ്ടി വലിയതോതിൽ പണവും ചെലവഴിക്കുന്നു. ഇങ്ങനെ ഒരേ ജോലി ആവർത്തിക്കുന്നതും പണം വെറുതേ പാഴാക്കുന്നതുമെല്ലാം തടയാമെന്നതാണ് ഒരു രാജ്യം ഒരു വോട്ടർ പട്ടികയെന്ന ആശയത്തിനു പിന്നിലെന്നു സർക്കാർ വൃത്തങ്ങൾ.
രാജ്യത്തിന്റെ ഖജനാവിന് വലിയ ലാഭമാണ് ഈ ആശയം പ്രാവർത്തികമാകുന്നതിലൂടെ ലഭിക്കുകയെന്ന് ഒരു മുൻ ചീഫ് ഇലക്ഷൻ കമ്മിഷണർ പറഞ്ഞു. എന്നാൽ, ഇതിനു സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരുമായി സമവായമുണ്ടാകേണ്ടതുണ്ട്. പരസ്പരം സംശയിക്കുന്ന രാഷ്ട്രീയ കക്ഷികൾക്കിടയിൽ ഇതെത്രത്തോളം പ്രാവർത്തികമെന്നു സംശയമുണ്ടെന്നും അദ്ദേഹം.