രാജ്യത്ത് 24 മണിക്കൂറിനിടെ 77,266 പേർക്ക് കൊവിഡ്; 1057 മരണം
ന്യൂഡൽഹി: കൊവിഡ് കേസുകളുടെ പ്രതിദിന വർധനയിൽ വീണ്ടും റെക്കോഡ്. 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി സ്ഥിരീകരിച്ചത് 77,266 കേസുകൾ. ഇതോടെ മൊത്തം രോഗബാധിതർ 33,87,500 ആയി. 1,057 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 61,529ൽ എത്തി. 25.83 ലക്ഷം പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. 76.28 ശതമാനം റിക്കവറി നിരക്ക്. മരണനിരക്ക് 1.82 ശതമാനമായി കുറഞ്ഞെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നു രാവിലെ വ്യക്തമാക്കി.
രാജ്യത്ത് ഇപ്പോൾ ചികിത്സയിലുള്ള കൊവിഡ്ബാധിതർ 7,42,023 ആണ്. മൊത്തം കേസ് ലോഡിന്റെ 21.90 ശതമാനം. ഓഗസ്റ്റ് 23ന് 30 ലക്ഷം കടന്ന മൊത്തം കേസുകൾ അതിവേഗമാണ് ഉയരുന്നത്. 75,000നു മുകളിൽ പ്രതിദിന വർധന കാണിക്കുന്നത് തുടർച്ചയായി രണ്ടാം ദിവസം. അതിനു മുൻപ് തുടർച്ചയായി എട്ടു ദിവസം അറുപതിനായിരത്തിനു മുകളിലായിരുന്നു. ആയിരത്തിലേറെ പേരുടെ മരണം സ്ഥിരീകരിക്കുന്നത് തുടർച്ചയായി മൂന്നാം ദിവസമാണ്. 9.01 ലക്ഷത്തിലേറെ സാംപിളുകൾ ഇന്നലെ പരിശോധിച്ചെന്ന് ഐസിഎംആർ വ്യക്തമാക്കി. 9.24 ലക്ഷം സാംപിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്. പരിശോധനയിൽ നേരിയ കുറവുണ്ടായിട്ടും പുതിയ രോഗികളുടെ എണ്ണം വർധിച്ചിരിക്കുകയാണ്.
മഹാരാഷ്ട്രയിൽ വീണ്ടും 14,000ൽ ഏറെ കേസുകൾ കണ്ടെത്തി. സംസ്ഥാന ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് അവസാന 24 മണിക്കൂറിൽ സ്ഥിരീകരിച്ചത് 14,718 കേസുകൾ. കഴിഞ്ഞദിവസം 14,888 പുതിയ രോഗികളെയാണു കണ്ടെത്തിയിരുന്നത്. 355 പേർ കൂടി സംസ്ഥാനത്തു മരിച്ചു. മഹാരാഷ്ട്രയിലെ മൊത്തം കേസുകൾ 7.33 ലക്ഷം കടന്നിട്ടുണ്ട്. മരണസംഖ്യ 23,444. തമിഴ്നാട്ടിൽ മൊത്തം കേസുകൾ നാലു ലക്ഷം കടന്നിട്ടുണ്ട്. 4,03,242 പേർക്കാണ് ഇതുവരെ സംസ്ഥാനത്തു രോഗം ബാധിച്ചത്. 3,43,930 പേർ രോഗമുക്തരായി. 6,948 പേർ മരിച്ചു.
ആന്ധ്രയിൽ 3.93 ലക്ഷത്തിലേറെയാണ് കേസുകൾ. രോഗമുക്തരായത് 2.95 ലക്ഷം. 3633 പേർ മരിച്ചു. കർണാടകയിലെ മൊത്തം രോഗബാധിതർ 3.09 ലക്ഷമാണ്. 2.19 ലക്ഷം പേർ രോഗമുക്തി നേടി. 5,232 പേരാണ് ഇതുവരെ മരിച്ചത്. ഉത്തർപ്രദേശിൽ 2.08 ലക്ഷം രോഗബാധിതരും 3,217 മരണവുമാണ് ഇതുവരെ. ഡൽഹിയിൽ 1.67 ലക്ഷം കേസുകളാണുള്ളത്. രാജ്യതലസ്ഥാനത്തെ മരണസംഖ്യ 4,369. പശ്ചിമ ബംഗാളിൽ വൈറസ് ബാധിതർ ഒന്നര ലക്ഷം കടന്നു. 1.21 ലക്ഷം പേർ സംസ്ഥാനത്ത് രോഗമുക്തരായിട്ടുണ്ട്. 3,017 പേരാണ് ഇതുവരെ മരിച്ചത്. ബിഹാറിൽ 1.28 ലക്ഷം കേസുകളാണുള്ളത്. 662 പേർ മരിച്ചു.