സെപ്റ്റംബറിൽ മെട്രൊ ട്രെയിനുകൾ ഓടിയേക്കും
ന്യൂഡൽഹി: കൊവിഡ് ലോക് ഡൗണിൽ നിന്നു പുറത്തുകടക്കുന്നതിന്റെ ഭാഗമായുള്ള അൺ ലോക് നാല് ഘട്ടം സെപ്റ്റംബർ ഒന്നിന് ആരംഭിക്കുമ്പോൾ മെട്രൊ ട്രെയിനുകളുടെ സർവീസും തുടങ്ങുമെന്നു സൂചന. പതിനഞ്ചു ദിവസം പരീക്ഷണാടിസ്ഥാനത്തിലാവും സർവീസ് ആരംഭിക്കുകയെന്നും സൂചനയുണ്ട്. മാർച്ച് മുതൽ മുടങ്ങിക്കിടക്കുകയാണ് മെട്രൊ ട്രെയിൻ ഗതാഗതം.
മെട്രൊ ട്രെയിനുകളുടെ സർവീസ് ഇനിയും വൈകിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയിട്ടുണ്ട് കേന്ദ്ര സർക്കാർ എന്നാണു ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. സാമൂഹിക അകലം പാലിക്കാൻ തക്കവണ്ണം യാത്രക്കാരെ കുറച്ചാവും സർവീസ് നടത്തുക.
അതേസമയം, സ്കൂളുകളും കോളെജുകളും നാലാം ഘട്ടത്തിലും തുറക്കാനിടയില്ല. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ജെഇഇ (മെയിൻ), നീറ്റ് പരീക്ഷകൾ തന്നെ മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയരുന്ന പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ഇനിയും നീളും. ജെഇഇ, നീറ്റ് പരീക്ഷകൾ ഇപ്പോൾ നടത്തുന്നതിനെതിരേ വിദ്യാർഥികൾ പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്.
സ്കൂളുകൾ തുറക്കുന്നതിലെ തീരുമാനം അതതു സംസ്ഥാന സാഹചര്യങ്ങൾ പരിശോധിച്ച് എടുക്കാൻ സംസ്ഥാന സർക്കാരുകളെ അനുവദിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഇപ്പോൾ തുറന്നു പ്രവർത്തിക്കാൻ അനുമതിയില്ലാത്ത മേഖലകളിലെ ബാറുകൾക്ക് കൗണ്ടർ വിൽപ്പന അനുവദിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഒറ്റയ്ക്കു നിൽക്കുന്ന സിനിമാ തീയെറ്ററുകൾ തുറക്കാനും അനുമതി നൽകിയേക്കും. സാമൂഹിക അകലം പാലിച്ച് സീറ്റിങ്, സമ്പർക്കമില്ലാതെ ടിക്കറ്റ് നൽകൽ തുടങ്ങിയ നിബന്ധനകളോടെയാവും ഇത്. എന്നാൽ, മാളുകളിലെ മൾട്ടിപ്ലക്സുകൾ ഈ ഘട്ടത്തിലും തുറക്കാനിടയില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്