16 ദിവസം കൊണ്ട് 10 ലക്ഷം കേസുകൾ; കൊവിഡ് ബാധിതർ 30 ലക്ഷം പിന്നിട്ടു
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും അറുപത്തൊമ്പതിനായിരത്തിലേറെ കൊവിഡ് കേസുകൾ ഒരു ദിവസം കണ്ടെത്തി. ഇന്നു രാവിലെ എട്ടു വരെയുള്ള അവസാന 24 മണിക്കൂറിൽ സ്ഥിരീകരിച്ചത് 69,239 കേസുകൾ. കഴിഞ്ഞദിവസം 69,874 പേർക്കു രോഗം സ്ഥിരീകരിച്ചതാണ് ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധന. അറുപതിനായിരത്തിലേറെ പുതിയ രോഗബാധിതരെ കണ്ടെത്തുന്നത് തുടർച്ചയായി അഞ്ചാം ദിവസമാണ്. രാജ്യത്തെ മൊത്തം രോഗബാധിതർ 30,44,940 ആയി ഉയർന്നു. 20 ലക്ഷം പിന്നിട്ട് 16 ദിവസം കൊണ്ടാണ് വൈറസ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നത്. ഇരുപതു ലക്ഷം കടന്നത് ഓഗസ്റ്റ് ഏഴിനായിരുന്നു.
912 പേർ അവസാന 24 മണിക്കൂറിനിടെ മരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം കൊവിഡ് മരണം 56,706 ആയി. അതേസമയം, രോഗമുക്തരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. 22,80,566 പേർ ഇതുവരെ കൊവിഡിൽ നിന്നു മുക്തി നേടിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
റിക്കവറി നിരക്ക് 74.90 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.86 ശതമാനമാണ്. 7.07 ലക്ഷത്തിലേറെ പേരാണ് ഇപ്പോൾ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്. എട്ടു ലക്ഷത്തിലേറെ സാംപിളുകൾ ശനിയാഴ്ച പരിശോധിച്ചെന്ന് ഐസിഎംആർ വ്യക്തമാക്കി. വെള്ളിയാഴ്ച പത്തു ലക്ഷത്തിലേറെ സാംപിളുകൾ പരിശോധിച്ചിരുന്നു.
14,492 പേർക്കാണ് മഹാരാഷ്ട്രയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ മൊത്തം കേസുകൾ 6.71 ലക്ഷം കടന്നു. മൊത്തം മരണം 21,995 ആയിട്ടുണ്ട്. 297 പേരാണ് അവസാന 24 മണിക്കൂറിൽ മരിച്ചത്. തമിഴ്നാട്ടിൽ 5,980 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. മൊത്തം വൈറസ്ബാധിതർ 3.73 ലക്ഷത്തിലേറെയായി. 80 പേർ കൂടി മരിച്ച തമിഴകത്ത് മൊത്തം മരണം 6420. ആന്ധ്രയിലെ മൊത്തം കേസുകൾ 3.45,216 ആണ്. 2.52 ലക്ഷത്തിലേറെ പേർ രോഗമുക്തരായിട്ടുണ്ട്. 3189 പേർ ഇതുവരെ മരിച്ചു.
കർണാടകയിൽ 7330 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. മൊത്തം കേസുകൾ 2.70 ലക്ഷം മറികടന്നിരിക്കുകയാണ്. 93 മരണം കൂടി രേഖപ്പെടുത്തിയതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 4615 ആയിട്ടുണ്ട്. 2979 പുതിയ കേസുകൾ കണ്ടെത്തിയ ബംഗളൂരു അർബനിൽ രോഗവ്യാപനത്തിന് ശമനമായിട്ടില്ല. 28 പേരാണ് ഈ പ്രദേശത്ത് 24 മണിക്കൂറിനിടെ മരിച്ചത്.
ഉത്തർപ്രദേശിൽ മൊത്തം കേസുകൾ 1.82 ലക്ഷമായിട്ടുണ്ട്. 2,867 പേരാണ് ഇതുവരെ മരിച്ചത്. ഡൽഹിയിലെ മൊത്തം കേസുകൾ 1.60 ലക്ഷം കടന്നു. 4,284 പേർ ഇതുവരെ മരിച്ചു. പശ്ചിമ ബംഗാളിൽ മൊത്തം കേസുകൾ 1.35 ലക്ഷമാണ്. 3200ലേറെ പുതിയ കേസുകൾ അവസാന 24 മണിക്കൂറിലും റിപ്പോർട്ട് ചെയ്തു സംസ്ഥാനത്ത്. മരണസംഖ്യ 2737 ആയി ഉയർന്നു. അവസാന 24 മണിക്കൂറിൽ മരിച്ചത് 48 പേർ.
ബിഹാറിൽ 1.19 ലക്ഷം കേസുകളും 601 മരണവുമാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. തെലങ്കാനയിൽ 1.01 ലക്ഷം കേസുകളുണ്ട്. 744 പേരാണു സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചത്.