2025ൽ ക്യാൻസർ ബാധിതരുടെ എണ്ണം 12 ശതമാനം ഉയരുമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി: രാജ്യത്തെ ക്യാൻസർ ബാധിതരുടെ എണ്ണം 2025ൽ 12 ശതമാനം വർധിക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ബംഗളൂരുവിലെ നാഷണൽ സെന്റർ ഫൊർ ഡിസീസ് ഇൻഫൊർമാറ്റിക്സ് ആൻഡ് റിസർച്ചും(എൻസിഡിഐആർ) ചേർന്നു നടത്തിയ പഠനത്തിൽ മുന്നറിയിപ്പ്. നിലവിൽ 13.9 ലക്ഷം ക്യാൻസർ രോഗ ബാധിതരാണ് രാജ്യത്തുള്ളത്. ഈ തോത് തുടർന്നാൽ 2025ൽ 15.7 ലക്ഷമായി രോഗബാധിതരുടെ എണ്ണം ഉയരുമെന്നാണു മുന്നറിയിപ്പ്. ആകെയുള്ള രോഗികളിൽ 27 ശതമാനം (3.7 ലക്ഷം) പേർ പുകയിലജന്യ ക്യാൻസർ ബാധിച്ചവരായിരിക്കും.
ജനസംഖ്യാ അടിസ്ഥാനത്തിലും രാജ്യത്തെ 58 സ്വകാര്യ ആശുപത്രികളിലുമുള്ള ക്യാൻസർ ബാധിതരുടെ കണക്കുകൾ പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. രോഗബാധിതരായ സ്ത്രീകളിൽ 14.8 ശതമാനം പേർ (രണ്ടു ലക്ഷം) സ്തനാർബുദ ബാധിതരായിരിക്കും. 5.4 ശതമാനം (75,000) ആയിരിക്കും സെർവിക്സ് ക്യാൻസർ ബാധിതരുടെ തോത്. 19.7 ശതമാനം പേർക്ക് (2.7 ലക്ഷം) കുടൽ, ആമാശയ സംബന്ധമായ ക്യാൻസർ.
രാജ്യത്ത് പുരുഷന്മാരിൽ ഏറ്റവുമധികം പേർക്ക് ക്യാൻസർ കണ്ടെത്തിയത് മിസോറാം തലസ്ഥാനമായ ഐസ്വാൾ ജില്ലയിലാണ്. ലക്ഷം പേരിൽ 269.4 ആണ് ഇവിടെ പുരുഷന്മാരിലെ രോഗനിരക്ക്. ഏറ്റവും കുറവ് മഹാരാഷ്ട്രയിലെ ഉസ്മാനാബാദ്, ബീഡ് ജില്ലകളിൽ- 39.5. സ്ത്രീകളിൽ ഏറ്റവും കൂടുതൽ ക്യാൻസർബാധിതരുള്ളത് അരുണാചൽ പ്രദേശിലെ പപ്പുംപരെ ജില്ലയിലാണ്. ലക്ഷം പേരിൽ രോഗബാധിതർ 219.8. ഏറ്റവും കുറവ് ഉസ്മാനാബാദ്, ബീഡ് ജില്ലകളിൽ- 49.4.
പുകയിലജന്യ ക്യാൻസറുകൾ ഏറ്റവും കൂടുതലുള്ളത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പുരുഷന്മാരിലാണ്. ശ്വാസകോശം, വായ, ഉദരം, അന്നനാളം തുടങ്ങിയവയെ ബാധിക്കുന്ന ക്യാൻസർ ഇവിടെ പൊതുവായി കാണപ്പെടുന്നു. സ്ത്രീകളിൽ സ്തനം, സെർവിക്സ്, അണ്ഡാശയം തുടങ്ങിയ ശരീരഭാഗങ്ങളെ ബാധഘിക്കുന്ന ക്യാൻസറുകളാണ് കൂടുതലായി കണ്ടെത്തിയത്. സ്ത്രീകളിൽ സ്താനാർബുദത്തിന്റെ തോത് വലിയ തോതിൽ ഉയരുന്നുണ്ടെന്നു കണ്ടെത്തിയ പഠനത്തിൽ പുരുഷന്മാരിൽ ശ്വാസകോശം, കഴുത്ത്, ശിരസ് എന്നിവിടങ്ങളിലെ രോഗബാധയുടെ നിരക്കാണ് ഉയരുന്നതെന്നും പറയുന്നു. അതേസമയം, സ്ത്രീകളിൽ സെർവിക്സ് ക്യാൻസർ കുറയുന്നുണ്ടെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
സ്തനാർബുദം, ശിരസിലും കഴുത്തിലുമുണ്ടാകുന്ന ക്യാൻസറുകൾ എന്നിവയെ ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷൻ എന്നിവ സംയുക്തമായി പ്രയോഗിച്ചാണു ചികിത്സിക്കുന്നത്. എന്നാൽ, സെർവിക്സ് ക്യാൻസറിന് റേഡിയൊ തെറാപ്പിയും കീമോതെറാപ്പിയുമാണ് ചികിത്സയെന്നും പഠന റിപ്പോർട്ട് പറയുന്നു.