രോഗബാധിതർ 27 ലക്ഷം, പുതിയ കേസുകൾ 55,000
ന്യൂഡൽഹി: രാജ്യത്ത് ഇന്നു രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 55,079 പേർക്ക്. 876 മരണങ്ങളും ഒരു ദിവസത്തിനിടെ രേഖപ്പെടുത്തി. ഇതോടെ മൊത്തം കേസുകൾ 27,02,742 ആയി. ഇതുവരെയുള്ള കൊവിഡ് മരണം 51,797. ഇതുവരെ രോഗമുക്തരായത് 19.77 ലക്ഷത്തിലേറെ പേരാണ്. ആക്റ്റിവ് കേസുകൾ 6,73,166 ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം.
മഹാരാഷ്ട്രയിൽ മൊത്തം രോഗബാധിതർ ആറു ലക്ഷം പിന്നിട്ടിട്ടുണ്ട്. ഇതുവരെ 20,265 പേർ സംസ്ഥാനത്തു മരിച്ചു. തമിഴ്നാട്ടിൽ 3.43 ലക്ഷത്തിലേറെയാണ് മൊത്തം കേസുകൾ. 5,886 മരണം. ആന്ധ്രയിൽ 2.96 ലക്ഷം കേസുകളും 2732 മരണവുമാണ് ഇതുവരെ. കർണാടകയിൽ രോഗബാധിതരുടെ എണ്ണം 2,33,283ൽ എത്തി. മരണസംഖ്യ 4,062. ഉത്തർപ്രദേശിൽ രോഗബാധിതർ 1.58 ലക്ഷം കടന്നു. 2,515 പേരാണു സംസ്ഥാനത്ത് ഇതുവരെ മരിച്ചത്.
പ്രതിദിന വർധന ആയിരത്തിൽ താഴെയായി കുറഞ്ഞ ഡൽഹിയിൽ 1,53,367 കേസുകളാണുള്ളത്. ഇതിൽ 1,38,301 പേരും രോഗമുക്തരായിട്ടുണ്ട്. 4,214 പേരാണ് ഇതുവരെ രാജ്യതലസ്ഥാനത്തു കൊവിഡ് ബാധിച്ചു മരിച്ചത്. അതേസമയം പശ്ചിമ ബംഗാളിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്. 3080 പേർക്ക് ഇന്നലെ പുതുതായി രോഗം കണ്ടെത്തി.
ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നതിലെ സംസ്ഥാനത്തെ റെക്കോഡാണിത്. 1,19,578 പേരാണ് സംസ്ഥാനത്തെ മൊത്തം വൈറസ്ബാധിതർ. ഇതിൽ 75 ശതമാനം പേരും രോഗമുക്തി നേടിയിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം അവകാശപ്പെടുന്നു. 2,473 പേരാണ് പശ്ചിമ ബംഗാളിൽ ഇതുവരെ വൈറസ് ബാധിച്ചു മരിച്ചത്.
ബിഹാറിലെ മൊത്തം കേസുകൾ 1.06 ലക്ഷത്തിലേറെയാണ്. 76,706 പേർ രോഗമുക്തരായ സംസ്ഥാനത്ത് 542 പേരാണ് ഇതുവരെ മരിച്ചത്. തെലങ്കാനയിലെ മൊത്തം കേസുകൾ 92,255ൽ എത്തിയിട്ടുണ്ട്. 70,132 പേർ സംസ്ഥാനത്തു രോഗമുക്തി നേടി. മരണസംഖ്യ 703. ഗുജറാത്തിൽ 79,816 രോഗബാധിതരാണുള്ളത്. 62,579 പേരും രോഗമുക്തരായി. 2802 പേരാണു ഗുജറാത്തിൽ വൈറസ് ബാധിച്ചു മരിച്ചിട്ടുള്ളത്.