സ്വദേശിവല്‍കരണം ഊര്‍ജ്ജിതമാക്കാന്‍ ആറിന പരിപാടികളുമായി സൗദി തൊഴില്‍മന്ത്രാലയം
റിയാദ്: സ്വകാര്യ മേഖലയില്‍ സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന സ്വദേശിവല്‍കരണം ഊര്‍ജ്ജിതമാക്കാന്‍ പുതിയ ആറിന പരിപാടികള്‍ക്ക് രൂപം കൊടുത്തതായി തൊഴില്‍ കാര്യ അണ്ടര്‍സെക്രട്ടറി ഡോ. അഹ്മദ് ഖത്താന്‍ അറിയിച്ചു. വിഷന്‍ 2030 പദ്ധതികള്‍ ശക്തി പകരുന്നതായിരിക്കും സ്വദേശിവത്കരണത്തിലെ പുതിയ നീക്കങ്ങളെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നിയമം ഡിസംബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ഖത്താന്‍ അറിയിച്ചു.
സ്വദേശി യുവാക്കള്‍ക്ക് സ്വകാര്യ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുന്നതാണ് തൊഴില്‍ മന്ത്രാലയം മുന്നോട്ടുവെക്കുന്ന ആറിന പരിപാടി. സ്വദേശി വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ തുടര്‍ന്നുകൊണ്ട് ഒഴിവുസമയത്ത് ജോലിയില്‍ പ്രവേശിക്കാനും പരിശീലനം നേടാനും ഉതകുന്നതാണ് ആദ്യ നിര്‍ദേശം. കാറ്ററിങ് മേഖലയിലാണ് ഇത്തരത്തിലുള്ള ജോലി വാഗ്ദാനം ചെയ്യുന്നത്. ഇത്തരത്തില്‍ ജോലി ചെയ്യുന്നവര്‍ പരമാവധി 25 ശതമാനം ജോലിക്കാര്‍ എന്നത് 40 ശതമാനമാക്കി ഉയര്‍ത്താനാണ് ആറിന പരിപാടിയില്‍ മന്ത്രാലയത്തിന്റെ ലക്ഷ്യം.
സര്‍ക്കാര്‍ മേഖലയില്‍ നിന്ന് സ്വകാര്യ മേഖലയിലേക്ക് താല്‍ക്കാലികമായി കടമെടുത്ത ഉദ്യോഗസ്ഥരെ നിതാഖാത്തില്‍ ഒരു സ്വദേശി തൊഴിലാളിയുടെ എണ്ണമായി പരിഗണിക്കുമെന്നതാണ് മറ്റൊരു തീരുമാനം. സര്‍ക്കാര്‍, സ്വകാര്യ മേഖലക്ക് തൊഴിലാളികളെ കൈമാറുന്നതിനും പരിചയം പങ്കുവെക്കുന്നതിനും ഈ നീക്കം ഉപകരിക്കും.
തുണി അലക്കുകയും തേക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍, ഓട്ടോമാറ്റിക് ലോണ്ട്രി, ചായം മുക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയെ മൊത്ത, ചില്ലറ കടകളുടെ ഗണത്തില്‍ നിന്ന് പ്രത്യേക ഗണമായി പരിഗണിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഈ മേഖലയിലെ സ്വദേശിവത്കരണം പ്രത്യേകം കണക്കാക്കാനാണ് ഈ വേര്‍തിരിവ്. ഓരോ മേഖലയും പ്രത്യേകം ഇനം തിരിക്കുന്നത് സ്വദേശിവത്കരണത്തിന്റെ തോത് കണക്കാക്കാനും പരിശോധിക്കാനും സഹായിക്കും.
തൊഴിലുടമയും തൊഴിലാളികളും തമ്മിലുണ്ടാവേണ്ട പരസ്പര ധാരണയും സ്വഭാവപെരുമാറ്റ മര്യാദകളും നിര്‍ണയിക്കുന്നതാണ് നാലാമത്തെ തീരുമാനം. സൗകാര്യപ്രദമായ ജോലി സമയം എന്ന അഞ്ചാമത്തെ നിര്‍ദേശം ഇതിന്റെ ഭാഗമാണ്. ജോലി സമയത്ത് ന്യായമായ കാരണത്താല്‍ ഹാജരാവാതിരിക്കുകയോ അനുവാദം വാങ്ങി പുറത്തുപോവുകയോ ചെയ്യുന്നവര്‍ക്ക് മറ്റൊരു സമയം ഈ ജോലി എടുത്തുതീര്‍ക്കാന്‍ അനുവാദം നല്‍കുന്നതാണ് സൗകര്യപ്രദമായ ജോലി സമയത്തിലൂടെ മന്ത്രാലയം ലക്ഷ്യമാക്കുന്നത്.
500 വരെ ജോലിക്കാരുള്ള സ്ഥാപനങ്ങളെ ഇടത്തരം സ്ഥാപനങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് പകരം എ. ബി. സി എന്നീ മൂന്ന് ഗണങ്ങളായി തരിക്കാനാണ് മന്ത്രാലയത്തിന്റെ മറ്റൊരു തീരുമാനം. 50 മുതല്‍ 99 വരെ എ ഗണത്തിലും 100 മുതല്‍ 199 വരെ ബി ഗണത്തിലും 200 മുതല്‍ 499 വരെ സി ഗണത്തിലുമാണ് ഉള്‍പ്പെടുക. ഓരോ ഗണത്തിലും ആവശ്യമായ സ്വദേശിവത്കരണത്തിന്റെ തോതും മന്ത്രാലയം തീരുമാനിക്കും.