കോടതികൾ അടഞ്ഞിട്ട് അഞ്ചു മാസം, അഭിഭാഷകർ പ്രതിസന്ധിയിൽ
മുംബൈ: ലോക്ഡൗണും കൊവിഡ് 19 പ്രതിരോധ നടപടികളും മൂലം കോടതികളുടെ പ്രവർത്തനം ഏറെക്കുറെ നിലച്ചതോടെ അഭിഭാഷക സമൂഹം കടുത്ത പ്രതിസന്ധിയിൽ. ഉപജീവനത്തിനു മറ്റെന്തെങ്കിലും വരുമാനമാർഗം കണ്ടെത്തേണ്ട അവസ്ഥയിലാണ് അഭിഭാഷകരെന്ന് ബാർ അസോസിയേഷൻ ഒഫ് ഇന്ത്യ പ്രസിഡന്റ് ലളിത് ഭാസിൻ. കീഴ്ക്കോടതികളിൽ പ്രാക്റ്റിസ് ചെയ്യുന്ന അഭിഭാഷകർ പലരും മറ്റു മേഖലകളിലേക്കിറങ്ങിയെന്നും അദ്ദേഹം.
""അഭിഭാഷകർ പ്രതിഫലം വാങ്ങുന്ന മറ്റു ജോലികൾ ചെയ്യരുതെന്നാണ് അഭിഭാഷക നിയമം അനുശാസിക്കുന്നത്. പക്ഷേ, കോടതികളുടെ പ്രവർത്തനം ഭാഗികമാണ്. ആറു പേരുള്ള കുടുംബത്തെ പോറ്റണ്ടേ. ലോക്ഡൗൺ തുടങ്ങിയശേഷം ഒരു വരുമാനവുമില്ല. അതുകൊണ്ടാണ് ഞാൻ ഈ രംഗത്തേക്കിറങ്ങിയത്'- മുംബൈ വസായിയിലെ വഴിയോരത്ത് ഉന്തുവണ്ടിയിൽ പച്ചക്കറി വിൽക്കുന്ന ആദിത്യ കശ്യപ് (പേര് യഥാർഥമല്ല) പറയുന്നു. പലരും ഓട്ടൊറിക്ഷ ഡ്രൈവർമാരായും ഡെലിവറി ബോയിമാരായും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം.
രാജ്യത്താകെ 12 ലക്ഷത്തോളം അഭിഭാഷകരാണുള്ളതെന്നു ബാർ അസോസിയേഷൻ പ്രസിഡന്റ് ലളിത് ഭാസിൻ പറയുന്നു. ഇവരിൽ 95 ശതമാനവും ജില്ലാ കോടതി വരെയുള്ളവയിലാണു പ്രാക്റ്റിസ് ചെയ്യുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അടിയന്തര സ്വഭാവമുള്ള കേസുകൾ മാത്രം വിഡിയൊ കോൺഫറൻസിങ് വഴി കേട്ടാൽ മതിയെന്നു തീരുമാനിച്ചു കോടതികൾ.
ഉയർന്ന കോടതികളിൽ പ്രാക്റ്റിസ് ചെയ്യുന്ന മുതിർന്ന അഭിഭാഷകർക്ക് മാത്രമാണ് കോടതിയിൽ ഹാജരാകുന്നതിന്റെ അടിസ്ഥാനത്തിൽ വലിയ തുക പ്രതിഫലമായി കിട്ടുന്നത്. മറ്റുള്ളവർക്ക്, പ്രത്യേകിച്ച് കീഴ്ക്കോടതികളിൽ പ്രവർത്തിക്കുന്നവർക്ക് കേസ് അടിസ്ഥാനത്തിലാണു പ്രതിഫലം- ഭാസിൻ പറഞ്ഞു.
മജിസ്ട്രേറ്റ് കോടതികളിൽ വിവിധ ആവശ്യങ്ങൾക്കുള്ള അപേക്ഷ തയാറാക്കിക്കൊടുക്കുന്നതുൾപ്പെടെയുള്ള ജോലികളാണ് കശ്യപ് ചെയ്തിരുന്നത്. ചിലദിവസങ്ങളിൽ അര മണിക്കൂർ കൊണ്ട് 1000 രൂപ വരെ ലഭിച്ചിരുന്നു.
എന്നാൽ, ലോക്ഡൗൺ തുടങ്ങിയതോടെ അറസ്റ്റുകളില്ലാതായി. ജാമ്യത്തിന് ആവശ്യക്കാരുമില്ലാതായി. ആദ്യ രണ്ടു മാസം മുൻപേയുള്ള സമ്പാദ്യം കൊണ്ടു പിടിച്ചുനിന്നു. പിന്നെ സുഹൃത്തുക്കളോടു കടം വാങ്ങി. ഭാര്യയുടെ ആഭരണം വിറ്റു. എന്നിട്ടും വീട്ടുവാടകയും കുട്ടികളുടെ സ്കൂൾ ഫീസും മറ്റു വീട്ടുചെലവുകളും അവശേഷിച്ചു. പച്ചക്കറിക്കച്ചവടം കൊണ്ട് ഇവയെല്ലാം പരിഹരിക്കാനാവില്ല. എങ്കിലും ഭക്ഷണത്തിനുള്ള വകയെങ്കിലും കിട്ടുമല്ലോ- കശ്യപ് പറഞ്ഞു.
മുതിർന്ന അഭിഭാഷകന്റെ ഓഫിസിൽ പ്രവർത്തിച്ചിരുന്ന ഒരു ജൂനിയർ അഭിഭാഷകന് ലോക്കൽ ട്രെയ്ൻ സർവീസ് നിലച്ചതോടെ ജോലി നഷ്ടമായി. ഇപ്പോൾ ഒരു ഇ കൊമേഴ്സ് കമ്പനിയുടെ ഡെലിവറി ബോയിയാണ് ഇദ്ദേഹം. അഭിഭാഷകർക്ക് ബാങ്ക് വായ്പ പോലും ലഭിക്കില്ലെന്നു പരിതപിക്കുന്നു ഈ യുവ അഭിഭാഷകൻ.
സാഹചര്യം മോശമായതോടെ മറ്റു ജോലികൾ ചെയ്യാൻ അഭിഭാഷകർക്ക് അനുമതി നൽകി ഗുജറാത്ത് ബാർ കൗൺസിൽ.
എന്നാൽ, മഹാരാഷ്ട്രയിലെയും ഗോവയിലെയും ബാർ കൗൺസിലുകൾ നിലപാട് കടുപ്പിച്ചു. മറ്റു ജോലി ചെയ്യാൻ പോകുന്നവർ ലൈസൻസ് തിരികെ നൽകണമെന്നാണ് ഇരു സംസ്ഥാനങ്ങളിലും ബാർ കൗൺസിലുകളുടെ നിർദേശം. വിവാഹമോചനം, വണ്ടിച്ചെക്ക് കേസുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന വനിതാ അഭിഭാഷക ഇപ്പോൾ ഒരു സ്വകാര്യ കമ്പനിയിൽ കസ്റ്റമർ കെയർ വിഭാഗത്തിൽ ജോലി ചെയ്യുകയാണ്. 2500 രൂപ മാസം ശമ്പളമായി ലഭിക്കുന്നു.
കോടതികൾ തുറന്നാലും ഇനി ഈ രംഗത്തേക്കില്ലെന്ന തീരുമാനത്തിലാണ് ചിലർ. കോടതികളും അഭിഭാഷകരും സാങ്കേതികമായി മെച്ചപ്പെടേണ്ടിയിരിക്കുന്നുവെന്നാണ് ഇപ്പോഴത്തെ സാഹചര്യം പഠിപ്പിക്കുന്നതെന്ന് ഒരു മുതിർന്ന അഭിഭാഷകൻ പറയുന്നു. ഓൺലൈനിലേക്കു മാറുന്നതിനെക്കുറിച്ചു ചിന്തിക്കണം.ചിലർ ഇതിനകം മാറിയിട്ടുണ്ട്. പക്ഷേ, നിരവധി പേർക്ക് സാങ്കേതിക വിദ്യയുമായി പൊരുത്തപ്പെടാനായിട്ടില്ല. കീഴ്ക്കോടതികളിൽ മെച്ചപ്പെട്ട ഇന്റർനെറ്റ് സംവിധാനങ്ങളുണ്ടാകേണ്ടിയിരിക്കുന്നെന്നും അദ്ദേഹം