റെക്കോഡ് കേസുകൾ; പ്രതിദിന വർധന 66,999
ന്യൂഡൽഹി: രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രതിദിന കണക്കിൽ റെക്കോഡ് വർധന. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചവർ 66,999. ഇതോടെ ഇന്ത്യയിലെ മൊത്തം രോഗബാധിതർ 23,96,637. മരണസംഖ്യ 47,033. ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്തു കൊവിഡ് ബാധിച്ചു മരിച്ചത് 942 പേരാണ്. ഇതുവരെ രോഗമുക്തരായത് 16.95 ലക്ഷത്തിലേറെ പേർ. ഇപ്പോൾ ചികിത്സയിലുള്ള രോഗികൾ 6,53,622.
പന്ത്രണ്ടു ദിവസത്തിനിടെ 6.33 ലക്ഷം കേസുകളാണ് രാജ്യത്തുണ്ടായത്. കഴിഞ്ഞ ഒരാഴ്ചയിൽ ശരാശരി 58,000 കേസുകൾ. ലോകത്തു തന്നെ ഏറ്റവുമധികം പുതിയ രോഗബാധിതരുണ്ടായത് ഈ ശരാശരി പ്രകാരം ഇന്ത്യയിലാണ്. മൊത്തം രോഗബാധിതരിൽ അമെരിക്കയ്ക്കും ബ്രസീലിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമെരിക്കയിൽ 53.60 ലക്ഷത്തിലേറെ രോഗബാധിതർ; ബ്രസീലിൽ 31.70 ലക്ഷവും. ഒമ്പതു ലക്ഷം കടന്ന റഷ്യയാണു നാലാമത്. ഇന്ത്യ 20 ലക്ഷം പിന്നിട്ടത് ഓഗസ്റ്റ് ഏഴിന്.
മരണനിരക്ക് 1.98 ശതമാനമായി കുറഞ്ഞിട്ടുണ്ട് എന്നതാണ് ആശ്വാസം. റിക്കവറി നിരക്ക് 70 ശതമാനം കടന്നു എന്നതും ആരോഗ്യ മന്ത്രാലയത്തിന് ആശ്വാസമാകുന്നുണ്ട്. മഹാരാഷ്ട്രയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും രോഗബാധയിൽ കുറവില്ലാതെ തുടരുന്നു. 12,712 കേസുകളാണ് മഹാരാഷ്ട്രയിൽ പുതുതായി കണ്ടെത്തിയത്. 344 പേർ കൂടി മരിച്ചു. സംസ്ഥാനത്തെ രോഗബാധിതർ 5.48 ലക്ഷം പിന്നിട്ടു. മരണസംഖ്യ 18,650. ഓഗസ്റ്റ് എട്ടിന് 12,822 കേസുകൾ റിപ്പോർട്ട് ചെയ്തതാണ് മഹാരാഷ്ട്രയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധന. സംസ്ഥാനത്ത് രണ്ടാമത്തെ ഉയർന്ന പ്രതിദിന വർധനയാണ് അവസാന 24 മണിക്കൂറിൽ. 3.81 ലക്ഷം പേരാണ് ഇതുവരെ രോഗമുക്തരായത്. 1.26 ലക്ഷം രോഗബാധിതരുള്ള മുംബൈയിൽ ഇപ്പോൾ ചികിത്സയിലുള്ളത് 19,047 പേർ.
9597 കേസുകൾ കൂടി കണ്ടെത്തിയ ആന്ധ്രയിൽ മൊത്തം രോഗബാധിതർ രണ്ടര ലക്ഷം കടന്നു. 7,883 രോഗബാധിതരെ പുതുതായി കണ്ടെത്തിയ കർണാടകയിൽ വൈറസ് ബാധിതരുടെ മൊത്തം എണ്ണം 1.96 ലക്ഷം പിന്നിട്ടിട്ടുണ്ട്. പ്രതിദിന വർധനയിൽ റെക്കോഡാണ് സംസ്ഥാനത്ത്. 5871 പുതിയ കേസുകളാണു തമിഴ്നാട്ടിൽ. മഹാരാഷ്ട്രയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനത്ത് മൊത്തം രോഗബാധിതർ 3.14 ലക്ഷമാണ്. 119 മരണം കൂടി 24 മണിക്കൂറിനിടെ സംസ്ഥാനത്തുണ്ടായി. ഇതോടെ തമിഴകത്തെ മൊത്തം കൊവിഡ് മരണം 5278ൽ എത്തിയിട്ടുണ്ട്. ഡൽഹിയിൽ 1.48 ലക്ഷവും ഉത്തർപ്രദേശിൽ 1.36 ലക്ഷവും പശ്ചിമ ബംഗാളിൽ 1.04 ലക്ഷവും രോഗബാധിതരാണുള്ളത്. ബിഹാറിൽ 90,000 കടന്നു. തെലങ്കാനയിൽ 84,544. ഗുജറാത്തിൽ 74,390 രോഗബാധിതർ.