വീണ്ടും 60,000ലേറെ പുതിയ കേസുകൾ
ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി നാലാം ദിവസവും അറുപതിനായിരത്തിലേറെ പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇന്നു രാവിലെ എട്ടിനു കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ കണക്കിൽ അവസാന 24 മണിക്കൂറിൽ രോഗം കണ്ടെത്തിയത് 62,064 പേർക്ക്. 1007 പേർ കൂടി ഇന്നലെ രോഗം ബാധിച്ചു മരിച്ചിട്ടുണ്ട്. ഇന്ത്യയിലെ മൊത്തം രോഗബാധിതർ 22,15,074 ആയി ഉയർന്നു. ഇതുവരെയുള്ള കൊവിഡ് മരണം 44,386. 15.35 ലക്ഷം പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. 6,34,945 ആക്റ്റിവ് കേസുകളാണു രാജ്യത്ത് ഇപ്പോഴുള്ളതെന്ന് ആരോഗ്യ മന്ത്രാലയം. റിക്കവറി നിരക്ക് 69.33 ശതമാനമായിട്ടുണ്ട്. മരണനിരക്ക് രണ്ടു ശതമാനമായി കുറഞ്ഞു.
മഹാരാഷ്ട്രയിലെ മൊത്തം കേസുകൾ 5.15 ലക്ഷത്തിലേറെയായിട്ടുണ്ട്. 3.51 ലക്ഷം പേർ രോഗമുക്തരായി. 17,757 മരണം. തമിഴ്നാട്ടിൽ 2.96 ലക്ഷം മൊത്തം കേസുകളും 4927 മരണവും. 2.38 ലക്ഷം പേർ രോഗമുക്തരായി. ആന്ധ്രപ്രദേശിൽ 2,27,860 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 1,38,712 പേർ രോഗമുക്തരായി. 2,036 മരണം.
1.78 ലക്ഷം രോഗബാധിതരുള്ള കർണാടകയാണ് നാലാം സ്ഥാനത്ത്. 3198 മരണം. 93,908 പേർ കർണാടകയിൽ രോഗമുക്തി നേടിയിട്ടുണ്ട്. ഡൽഹിയിൽ 1.45 ലക്ഷവും ഉത്തർപ്രദേശിൽ 1.22 ലക്ഷവും രോഗബാധിതരാണുള്ളത്. പശ്ചിമ ബംഗാളിൽ 95,000 കടന്നു. തെലങ്കാനയിലും ബിഹാറിലും 80,000ന് അടുത്ത്. ഗുജറാത്തിൽ 71,000 പിന്നിട്ടു.