ഇഐഎ കരട് രാജ്യത്തെ കൊള്ളയടിക്കാൻ: രാഹുൽ
ന്യൂഡൽഹി: പരിസ്ഥിതി ആഘാതം വിലയിരുത്തുന്നതു സംബന്ധിച്ച (ഇഐഎ) കേന്ദ്ര സർക്കാരിന്റെ പുതിയ കരട് വിജ്ഞാപനത്തിനെതിരേ ആക്രമണം ശക്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പരിസ്ഥിതിയെ നശിപ്പിക്കുന്ന ഇഐഎ കരട് പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ കൊള്ളടയിക്കാനുള്ളതാണ് ഈ നിർദേശമെന്ന് അദ്ദേഹം.
ചില സ്യൂട്ട്-ബൂട്ട് സുഹൃത്തുക്കൾക്ക് രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കാൻ അവസരമുണ്ടാക്കുന്ന ബിജെപി സർക്കാരിന്റെ നയങ്ങളുടെ തുടർച്ചയാണിതെന്ന് രാഹുൽ കുറ്റപ്പെടുത്തി. വിവിധ പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പരിഷ്കരിക്കുന്നതാണു പുതിയ കരട് വിജ്ഞാപനം. ഇതിന്മേൽ പൊതുജനാഭിപ്രായം അറിയിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 11 ആണ്.
ഇതു നടപ്പായാൽ ദൂരവ്യാപകമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് രാഹുൽ ഞായറാഴ്ച മുന്നറിയിപ്പു നൽകിയിരുന്നു. രാജ്യത്തെ നിരവധി പരിസ്ഥിതി പ്രവർത്തകരും കരടു നിർദേശങ്ങളെ എതിർത്തിട്ടുണ്ട്. അപകടകരമായ നീക്കമാണു കേന്ദ്ര സർക്കാരിന്റേതെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. വർഷങ്ങൾ കൊണ്ട് പൊരുതി നേടിയ പരിസ്ഥിതി സംരക്ഷണ മാർഗങ്ങളാണ് ഈ കരട് അപഹരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.
പുതിയ കരടു പ്രകാരം തന്ത്രപ്രധാനമായതെന്നു രേഖപ്പെടുത്തുന്ന പദ്ധതികൾക്ക് പരിസ്ഥിതി ആഘാത വിലയിരുത്തൽ ആവശ്യമില്ല. കൽക്കരിയും മറ്റു ധാതുക്കളും ഖനനം ചെയ്യുന്നത് തന്ത്രപ്രധാനമെന്നു രേഖപ്പെടുത്തിയാൽ പരിസ്ഥിതി ആഘാതം നോക്കാതെ അനുവദിക്കപ്പെടും. ഉയർന്ന മലിനീകരണമുണ്ടാക്കുന്ന ഇത്തരം വ്യവസായങ്ങളെ ഇതു സഹായിക്കും. ചില പദ്ധതികൾ ആരംഭിച്ച ശേഷം മാത്രം പരിസ്ഥിതി അനുമതി നേടുന്നതിനും ഇതിൽ വ്യവസ്ഥയുണ്ട്. ഏറെ അപകടകരമാണ് ഈ വ്യവസ്ഥയെന്നു രാഹുൽ ചൂണ്ടിക്കാട്ടി.
മുൻ പരിസ്ഥിതി മന്ത്രി ജയറാം രമേശും കരടിനെതിരേ രംഗത്തുവന്നിട്ടുണ്ട്. പദ്ധതികൾ ആരംഭിച്ച ശേഷം മാത്രം പാരിസ്ഥിതികാഘാത പഠനം നടത്തിയാൽ മതിയെന്ന വ്യവസ്ഥ എതിർക്കപ്പെടേണ്ടതു തന്നെയാണെന്ന് അദ്ദേഹം. പദ്ധതി ആരംഭിക്കുന്നതിനു മുൻപ് ആഘാത പഠനം നടത്തിയേ തീരൂ. ഇപ്പോൾ പരിസ്ഥിതി മന്ത്രാലയത്തിന്റെ പഠനത്തിനു ശേഷമാണു പദ്ധതികൾക്ക് അനുമതി നൽകുന്നത്. പരിസ്ഥിതി പഠനം പ്രഹസനമാക്കുകയാണ് പുതിയ കരടെന്ന് അദ്ദേഹം.
കരടു വിജ്ഞാപനത്തിനെതിരേ സമൂഹ മാധ്യമങ്ങളിലും വൻ പ്രതിഷേധം ഉയരുന്നുണ്ട്. കോർപ്പറേറ്റുകളെ സഹായിക്കാൻ വേണ്ടി മാത്രമുള്ളതാണ് പുതിയ കരടെന്ന് പരിസ്ഥിതി വാദികൾ കുറ്റപ്പെടുത്തുന്നു.