പെട്ടിമുടിയിൽ ഉണ്ടായ മണ്ണിടിച്ചലിൽ മരിച്ചവർക്കും പത്തു ലക്ഷം രൂപ ധന സഹായം നൽകണം : രമേശ് ചെന്നിത്തല
തിരുവനന്തപുരം : മൂന്നാറിലെ പെട്ടിമുടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപെട്ടവർക്കും കരിപ്പൂർ ദുരന്തത്തിൽ പ്രഖ്യാപിച്ച ധനസഹായമായ പത്തു ലക്ഷം രൂപ നൽകണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കവെ മാധ്യമങ്ങളോട് സംസാരിക്കുക അയിരുന്നു അദ്ദേഹം.
കരിപ്പൂരിലെ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പത്തു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചപ്പോൾ മൂന്നാർ പെട്ടിമുടിയിൽ പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ധനസഹായം അഞ്ചു ലക്ഷത്തിൽ ഒതുക്കിയത് വിവേചനമാണെന്നു പൊതുവെ അഭിപ്രായം ഉണ്ട്. കഴിഞ്ഞ ദിവസം കരിപ്പൂരിൽ എത്തിയ മുഖ്യമന്ത്രി പെട്ടിമുടിയിലെ ദുരന്തബാധിത പ്രദേശത്തും സന്ദർശനം നടത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. അദ്ദേഹം ഇനിയെങ്കിലും ഇവിടെ എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കരിപ്പൂർ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് സംസഥാന സർക്കാരിന്റെ കൂടാതെ കേന്ദ്ര സർക്കാരിന്റെയും, ഇൻഷുറൻസ് കമ്പനി കളുടെയും സഹായം ലഭിക്കും. ജീവൻ നഷ്ടപ്പെട്ടവർക്ക് ഇതൊന്നും പകരമാവില്ല എന്ന് നമുക്കെല്ലാം അറിയാം. പക്ഷെ പെട്ടിമുടിയിലെ പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അത്തരത്തിലുള്ള സഹായം ലഭിച്ചേക്കില്ല. വളരെ നിർധനരായ തൊഴിലാളികളാണ് ഇവിടെ മരിച്ചതും കാണാതായതും. അത് കൊണ്ട് തന്നെ കരിപ്പൂരിൽ പ്രഖ്യാപിച്ച ധന സഹായമായ പത്തു ലക്ഷം രൂപ തന്നെ പെട്ടിമുടി ദുരന്തത്തിനു ഇരയാവർക്കും നൽകണം. അവർക്കായി വീട് വച്ചു നൽകുന്നത് ഉൾപ്പെടെയുള്ള ദുരിതാശ്വാസ പാക്കേജ് സർക്കാർ പിന്നീട് പ്രഖ്യാപിക്കണം. ആദ്യഘട്ടമായാണ് സർക്കാർ പത്തു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കേണ്ടത്.
അതോടൊപ്പം മറ്റു ലയങ്ങളിൽ നൂറുക്കണക്കിനു തൊഴിലാളികൾ താമസിക്കുന്നുണ്ട്. അവർക്കുള്ള സുരക്ഷയും, താമസവും, അടിയന്തിര സഹായങ്ങളും സർക്കാർ ഉറപ്പുവരുത്തണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ മൂന്നാറിലെത്തിയ പ്രതിപക്ഷ നേതാവ് ദുരിതാശ്വാസ പ്രവർത്തങ്ങൾ നേരിൽ കാണുകയും വിലയിരുത്തുകയും ചെയ്തു. ജില്ലാ കളക്ടർ, ജില്ലാ പോലിസ് സൂപ്രണ്ട് എന്നിവരുമായും അദ്ദേഹം സംസാരിച്ചു. അതോടൊപ്പം ടാറ്റാ ആശുപത്രിയിലെത്തി പരിക്കേറ്റവരെയും അദ്ദേഹം സന്ദർശിച്ചു.
ഡീൻ കുര്യാക്കോസ് എം പി, എം എൽ എ മാരായ ഷാഫി പറമ്പിൽ, വി ടി ബൽറാം, മുൻ എം എൽ എ ഇ എം അഗസ്തി, ഡി സിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ, മുൻ എം എൽ എ എ കെ മണി, കെ പി സിസി ജനറൽ സെക്രട്ടറി റോയി കെ പൗലോസ് എന്നവരും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.