പെട്ടിമുടി ദുരന്തം:മരണം 43 , മഴയും മഞ്ഞും അവഗണിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
നിഖിൽ ലോയൽ
മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍ മരണം 43 ആയി. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി മൂന്നാം ദിവസവും രാവിലെ തന്നെ തിരച്ചില്‍ ആരംഭിച്ചു. ഇന്ന് നടത്തിയ തിരച്ചിലില്‍ ആറു മാസം പ്രായമായ കുട്ടിയുടേത് ഉള്‍പ്പെടെ 17 മൃതദേഹങ്ങള്‍ കണ്ടെടുത്തു. അരുണ്‍ മഹേശ്വരന് (39), പവനത്തായി (53), ചെല്ലദുരൈ (53), തങ്കമ്മാള്‍ ഗണേശന് (45), തങ്കമ്മാള്‍ (45) , ചന്ദ്ര (63), മണികണ്ഠന് (22), റോസ്ലിന് മേരി (53) കപില്‍ ദേവ് (25) അഞ്ജു മോള് (21), സഞ്ജയ് (14), അച്ചുതന് (52), ലക്ഷണശ്രീ (7), ഗായത്രി (25), സരസ്വതി (60), ഏസയ്യ (55) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മഞ്ഞും മഴയുമടക്കം പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടന്നു. പത്തോളം മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് വലിയ പാറകല്ലുകള്‍ നീക്കം ചെയ്ത് 10-15 അടി താഴ്ചയില്‍ മണ്ണ് നീക്കം ചെയ്താണ് തിരച്ചില്‍ നടത്തുന്നത്. ദേശീയ ദുരന്ത നിവാരണ സേന, അഗ്നിശമന - രക്ഷാ സേന, പോലീസ്, റവന്യൂ, വനം വകുപ്പുകള്‍, സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മന്ത്രിമാരായ കെ. രാജു, എ.കെ. ബാലന് എന്നിവര്‍ ദുരന്ത മേഖല സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. ഡീന്‍ കുര്യാക്കോസ് എം.പി. എസ്. രാജേന്ദന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്, ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണ, എന്നിവരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. മുന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ ബിനു ജോസഫ്, മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി അജിത് എന്നിവര്‍ റവന്യു പഞ്ചായത്ത് തല വിഭാഗങ്ങളെ എകോപിപ്പിച്ച് രംഗത്തുണ്ട്.
കണ്ണിമ ചിമ്മാതെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് ജില്ലാ കലക്ടറും
ദുരന്ത നിവാരണ സംഘവും
കാലവര്‍ഷത്തില്‍ പ്രകൃതിദുരന്തങ്ങള്‍ പതിവായെത്തുന്ന ഇടുക്കി ജില്ലയില്‍ നല്ല മഴക്കാറ് കണ്ടാല്‍ തന്നെ ജില്ലാ ഭരണകൂടം ജാഗരൂകരാകാറുണ്ട്. കഴിഞ്ഞ പ്രളയത്തിന്റെ ആഘാതവും കോവിഡ് ഭീഷണിയും കൂടി ആയതോടെ ഇത്തവണ മഴ ശക്തി പ്രാപിച്ചപ്പോള്‍ തന്നെ അതീവ ജാഗ്രതയിലായിരുന്നു ജില്ല. ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ വന്നതോടെ ജില്ലാ ഭരണകൂടവും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും എല്ലാ വകുപ്പുകളും സേനകളും ജനപ്രതിനിധികളുമടക്കം എല്ലാവരും ഒരു ദുരന്തമൊഴിവാക്കാനുള്ള അക്ഷീണ പരിശ്രമം ആരംഭിച്ചു. എങ്കിലും ഇടുക്കിയെ കണ്ണീരിലാഴ്ത്തി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമായെത്തിയ ദുരന്തം കുറെയധികം ജീവനുകളെ നമുക്ക് നഷ്ടമാക്കി. ഇനിയും കുറെ പേര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു.
മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമറിഞ്ഞ ഏഴാം തീയതി പുലര്‍ച്ചെ മുതല്‍ കണ്ണിമ ചിമ്മാതെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ് ജില്ല കളക്ടര്‍ എച്ച്.ദിനേശന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും. ജില്ലാ കളക്ടര്‍ക്കൊപ്പം എഡിഎം ആന്റണി സ്കറിയ, ആര് ഡി ഒ അതുല്‍ സ്വാമിനാഥ്, അസിസ്റ്റന്റ് കളക്ടര്‍ സൂരജ് ഷാജി, ഡി എം ഒ ഡോ.എന്‍.പ്രിയ, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പയസ ജോര്‍ജ്്, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിലെ ക്ലര്‍ക്ക് പ്രശാന്ത്, ജൂനിയര്‍ സൂപ്രണ്ടുമാരായ ജോളി, പി.ആര്. അനില്‍കുമാര്‍, കളക്ടറുടെ സിഎ വിജേഷ് തുടങ്ങിയവര്‍ ദുരന്തമുണ്ടായ അന്നു മുതല്‍ രാവും പകലും ഒരു പോലെ കളക്ട്രേറ്റിലെ ദുരന്തനിവാരണ വിഭാഗത്തിലിരുന്ന് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ കര്‍മ്മനിരതരാണ്. അപകടത്തില്‍പെട്ടവരുടെ എണ്ണവും പേരും മറ്റ് വിവരങ്ങളും എസ്റ്റേറ്റ് അധികൃതരില്‍ നിന്നും ശേഖരിച്ച് ക്രോഡീകരിച്ചതു തന്നെ വലിയ പ്രയത്നമായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി സബ് കളക്ടര്‍ ഉള്‍പ്പെടെയുള്ളവരെ അപകടസ്ഥലത്തേയ്ക്ക് അയച്ചു. ജെസിബികളും ആംബുലന്‍സുകളും കഴിയുന്നതും എത്തിച്ചു. പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. എല്ലാ വകുപ്പുകളെയും ഒരു കുടക്കീഴില് അണി നിരത്തി. മഴക്കെടുതിയില്‍ റോഡിലും പെരിയവരപാലത്തിലും ഉള്‍പ്പെടെ ഉണ്ടായ ഗതാഗത തടസങ്ങള്‍ നീക്കി, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി. ദുരന്തമേഖലയോട് ഏറ്റവും അടുത്തുള്ള ആശുപത്രികളില്‍ അപകടത്തില്‍ പെട്ടവര്‍ക്കായി പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. അര്‍ദ്ധരാത്രിയിലും ഓരോ മിനിറ്റിലും രക്ഷാപ്രവര്‍ത്തന പുരോഗതി അന്വേഷിച്ചു വിലയിരുത്തി, തുടര്‍ നിര്‍ദ്ദേശങ്ങള്‍ നല്കി. ഇതോടൊപ്പം തന്നെ ജില്ലയില്‍ റെഡ് അലര്‍ട്ട് തുടരുന്നതിനാല്‍ അപകട സാധ്യതയുള്ള മറ്റു പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റുന്നതിനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും
കോവിഡ് രോഗ വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്കി. ദുരന്തമറിഞ്ഞ ഉടന്‍ ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്, തഹസീല്‍ദാര്‍ ജിജി കുന്നപ്പള്ളില്‍, മൂന്നാര്‍ സ്പെഷ്യല്‍ തഹസീല്‍ദാര്‍ ബിനു ജോസഫ്, മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി അജിത് കുമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥ സംഘം ദുരന്ത സ്ഥലത്തെത്തിയിരുന്നു. .