മുല്ലപ്പെരിയാർ ജലനിരപ്പ് 135 അടിയിലേക്ക്; പമ്പാ ഡാമിൽ ഓറഞ്ച് അലെർട്ട്
തൊടുപുഴ: കേരളത്തിന്റെ ആശങ്കകൾ വർധിപ്പിച്ചുകൊണ്ട് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയിലേക്ക്. ഇന്നലെ രാത്രി വൈകി 134.85 അടിയായിരുന്നു ജലനിരപ്പ്. 136 അടി എത്തിയാൽ ഇവിടെയെത്തുന്ന വെള്ളം ടണൽ മാർഗം വൈഗയിലെത്തിക്കാൻ കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഷട്ടറുകൾ തുറക്കുന്നതിന് 24 മണിക്കൂർ മുൻപ് കേരള സർക്കാരിനെ അറിയിക്കണമെന്നും സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത തമിഴ്നാട് ചീഫ് സെക്രട്ടറി കെ. ഷൺമുഖനോട് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ്. മുല്ലപ്പെരിയാറിലെ പരമാവധി സംഭരണ ശേഷി 152 അടിയാണ്.
മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്നുണ്ട്. അതിവേഗം വെള്ളം ഉയരുന്നു എന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്നും ഇടുക്കി ജില്ലയിൽ അതിശക്തമായ മഴയാണു പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടുക്കിയിലും വയനാട്, മലപ്പുറം ജില്ലകളിലും റെഡ് അലെർട്ട് ഉണ്ട്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കാൻ ബന്ധപ്പെട്ടവർ നിർദേശിച്ചു.
ഇടുക്കി ഡാമിൽ 2361.48 അടി വെള്ളമാണുള്ളത്. സംഭരണ ശേഷി 2,403 അടിയാണ്. ഇതിനിടെ, തമിഴ്നാട് ഷോളയാർ ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ ശനിയാഴ്ച രാത്രി 0.30 അടി വീതം ഉയർത്തി. ആകെ 1087.11 ക്യുസെക്സ് വെള്ളം കേരള ഷോളയാറിലേക്ക് ഒഴുകുന്നു. കേരള ഷോളയാറിൽ സംഭരണ ശേഷിയുടെ 63 ശതമാനം മാത്രം വെള്ളമാണുള്ളത്. അതുകൊണ്ടുതന്നെ ചാലക്കുടിപ്പുഴയുടെ തീരങ്ങളിൽ വലിയ ആശങ്കയില്ല.
പമ്പാ ഡാമിന്റെ ജലാശയത്തിലേക്ക് ശക്തമായ നീരൊഴുക്കുള്ളതിനാല്‍ ഷട്ടറുകള്‍ തുറന്ന് അധിക ജലം ഒഴുക്കി വിടുന്നതിന് മുൻപായുള്ള രണ്ടാമത്തെ അലര്‍ട്ടായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 983.05 മീറ്റര്‍ ആയിട്ടുണ്ട്. 984.5 മീറ്ററാകുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. 985 മീറ്റര്‍ ഉയരത്തില്‍ എത്തുമ്പോഴാണ് ഡാം തുറക്കുക. പമ്പാ നദീ തീരത്തു താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കലക്റ്റര്‍ പി.ബി. നൂഹ് അഭ്യർഥിച്ചു. ഓഗസ്റ്റ് ഏഴിന് 207 മില്ലി മീറ്റര്‍ മഴ കിട്ടുകയും അതിലൂടെ 12.36 എംസിഎം വെള്ളം ഒഴുകിയെത്തുകയും ചെയ്തു.
പമ്പയാർ കഴിഞ്ഞ ദിവസം തന്നെ കരകവിഞ്ഞിരുന്നു. റാന്നി ഉൾപ്പെടെ പലയിടത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തു. ഇപ്പോഴും പത്തനംതിട്ട ജില്ലയിൽ പലയിടത്തും കനത്ത മഴ പെയ്യുന്നുണ്ട്; വനമേഖലയിൽ പ്രത്യേകിച്ചും. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പനുസരിച്ച് പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയുണ്ടാകും.
പാലക്കാട് മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ജലനിരപ്പ് കൂടുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ന് നിയന്ത്രിത അളവിൽ വെള്ളം തുറന്നു വിടാൻ സാധ്യതയുണ്ടെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചിട്ടുണ്ട്. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം