കൊവിഡ് മരണം ലക്ഷം കടന്ന് ബ്രസീൽ
യോ ഡി ജനീറോ: ലോകത്ത് ഏറ്റവുമധികം പേർക്ക് കൊവിഡ് ബാധിച്ച രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. വൈറസ് വ്യാപനത്തിൽ ഒരു കുറവും കാണുന്നില്ല എന്നത് ബ്രസിലിന്റെ ആശങ്ക വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്.
വേൾഡോ മീറ്ററിന്റെ കണക്കനുസരിച്ച് ബ്രസീലിലെ കൊവിഡ് മരണങ്ങൾ 1,00,543 ആയിട്ടുണ്ട്. മൊത്തം രോഗബാധിതർ 30 ലക്ഷം കടന്നു. 51 ലക്ഷത്തിലേറെ രോഗബാധിതരുള്ള അമെരിക്കയാണ് ഒന്നാം സ്ഥാനത്ത്. യുഎസിലെ മരണസംഖ്യ 1.65 ലക്ഷമാണ്. 21 ലക്ഷം രോഗബാധിതരുള്ള ഇന്ത്യയാണു മൂന്നാം സ്ഥാനത്ത്. ഇന്ത്യയിലെ കൊവിഡ് മരണം 43,000ൽ എത്തിയിട്ടുണ്ട്.
മൊത്തം രോഗബാധിതരിൽ ആറാമതുള്ള മെക്സിക്കോയാണ് മരണസംഖ്യയിൽ മൂന്നാം സ്ഥാനത്ത്. 4.75 ലക്ഷം രോഗബാധിതരും 52,000ലേറെ മരണവുമാണ് രാജ്യത്ത്. പരിശോധന തീരെ കുറവാണെന്നും കണക്കിലുള്ളതിനെക്കാൾ ഏറെയധികം രോഗബാധിതർ മെക്സിക്കോയിലുണ്ടെന്നുമാണ് ഇതു സൂചിപ്പിക്കുന്നത്.
മരണസംഖ്യ ഒരു ലക്ഷത്തിലെത്തുന്നതിൽ ഏറെ ദുഃഖമുണ്ട്. എന്നാൽ, ഇതിനൊരു പരിഹാരം നമ്മൾ കണ്ടെത്താൻ പോവുകയാണ്. ബ്രസീലിയൻ പ്രസിഡന്റ് ഹെയർ ബൊൽസൊനാരോ ഫേസ്ബുക്കിൽ കുറിച്ചു. ബൊൽസനാരോയ്ക്കു തന്നെ നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ദേശീയതലത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ പ്രസിഡന്റ് കോ-ഓർഡിനേറ്റ് ചെയ്യുന്നില്ലെന്ന് വിദഗ്ധർ തുടക്കം മുതൽ ആരോപിക്കുന്നുണ്ട്. ഭരണതലത്തിലുള്ള ദൗർബല്യങ്ങളാണ് രോഗവ്യാപനം കൂട്ടുന്നതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യ മന്ത്രിമാരായിരുന്ന രണ്ടു ഡോക്റ്റർമാർ ഇതിനിടെ തന്നെ ബൊൽസനാരോയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രാജിവച്ചു കഴിഞ്ഞു. ആർമി ജനറലായിരുന്ന ഇക്വാർഡോ പസ്വേലോയാണ് ഇപ്പോൾ താത്കാലികമായി ആരോഗ്യ വകുപ്പിന്റെ ചുമതല വഹിക്കുന്നത്. രോഗവ്യാപനത്തിന്റെ തുടക്കത്തിൽ കൊവിഡ് ചെറിയൊരു പനി മാത്രമാണെന്നു വിശേഷിപ്പിച്ച ബൊൽസനാരോ ലോകശ്രദ്ധ നേടിയിരുന്നു. ആഗോളതലത്തിൽ അദ്ദേഹം വിമർശിക്കപ്പെടുകയും ചെയ്തു.