കർണാടകയിലും പേമാരി, വെള്ളപ്പൊക്കം
ബംഗളൂരു: തുടർച്ചയായി മൂന്നാം വർഷവും കർണാടകയും പ്രളയ ഭീതിയിൽ. പല ഭാഗങ്ങളിലും അതിശക്തമായ മഴ തുടരുമ്പോൾ സംസ്ഥാനത്തെ നിരവധി ഭാഗങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. മലനാട്ടിലും തീരദേശത്തും പേമാരിയാണ്. വരും ദിവസങ്ങളിലും അതു തുടരുമെന്നാണു പ്രവചനം. കൊടകിലും ചിക്കമംഗളൂരുവിലും ഉരുൾപൊട്ടലുണ്ടായി. കൊടകിൽ മണ്ണിടിഞ്ഞ് തലക്കാവേരി ക്ഷേത്രത്തിലെ പൂജാരി അടക്കം അഞ്ചു പേരെ കാണാതായി. ബ്രഹ്മഗിരി മലനിരകളിൽ കനത്ത മഴ പെയ്യുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്. രക്ഷാദൗത്യം തുടരുകയാണ്. കനത്ത മഴ ഇതിനു തടസമാകുന്നുണ്ട്.
ക്ഷേത്ര പൂജാരിമാരുടെ ക്ഷേത്രത്തിനടുത്തുള്ള രണ്ടു വീടുകൾ പൂർണമായി തകർന്നടിഞ്ഞു. ഒരു വീട്ടിൽ താമസിച്ചിരുന്ന പൂജാരി അതിനു മുൻപേ അവിടെ നിന്നു താമസം മാറ്റിയിരുന്നതായി പറയുന്നു. മറ്റൊരു പൂജാരി കുടുംബസമേതം അവിടെ തന്നെ താമസിക്കുകയായിരുന്നുവെന്ന് കൊടക് ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു. അധികൃതർ വീടൊഴിയാൻ നിർദേശിച്ചെങ്കിലും വീടിനോടുള്ള അടുപ്പം പറഞ്ഞ് ഇദ്ദേഹം താമസം മാറാൻ വിസമ്മതിക്കുകയായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്.
ഈ വീട്ടിലുണ്ടായിരുന്നവരെയാണു കാണാതായത്. പൂജാരിയായ നാരായണ ആചാര്യ (80), ഭാര്യ ശാന്ത (70), മൂത്ത സഹോദരൻ ആനന്ദ തീർഥ സ്വാമി (86), കീഴ്ശാന്തിമാരായ പവൻ, രവി കിരൺ എന്നിവരെയാണ് കാണാതായിരിക്കുന്നത്. ഇന്നലെ രാവിലെ പൂജാരിയെ ക്ഷേത്രത്തിലേക്കു കാണാതായപ്പോഴാണ് ക്ഷേത്രം ജീവനക്കാർ വസതിയിലേക്ക് അന്വേഷിച്ചു ചെന്നത്. അവർ കണ്ടത് തകർന്നടിഞ്ഞു കിടക്കുന്ന വീടുകളാണ്. കനത്ത മഴ മൂലം ഇവിടേക്കുള്ള റോഡ് ഗതാഗതവും തടസപ്പെട്ടിരുന്നു.
തുടർച്ചയായി മൂന്നാം വർഷമാണ് കൊടക് ഇത്രയും വലിയ പ്രളയക്കെടുതി നേരിടുന്നത്. വടക്കൻ കർണാടകയുടെ നിരവധി ഭാഗങ്ങളിൽ പ്രളയഭീതി നിറഞ്ഞിരിക്കുകയാണ്. കൃഷ്ണ നദിയും കൈവഴികളും നിറഞ്ഞൊഴുകുന്നു. അതിശക്ത മഴയുള്ള മഹാരാഷ്ട്രയിൽ നിന്നുള്ള വെള്ളവും കൃഷ്ണ നദിയിലേക്ക് എത്തുന്നുണ്ട്. തുംഗഭദ്ര നിറഞ്ഞൊഴുകി ബെല്ലാരിയിലും വെള്ളം കയറി.
കൊവിഡ് ചികിത്സയ്ക്ക് ആശുപത്രിയിൽ കഴിയുന്ന മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ സംസ്ഥാനത്തു മഴക്കെടുതികൾ നേരിടാനുള്ള അടിയന്തര ദുരിതാശ്വാസത്തിനായി 50 കോടി രൂപ ഉടൻ അനുവദിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഓരോ ജില്ലയുടെയും ചുമതലകൾ മന്ത്രിമാർക്കു വീതിച്ചു നൽകി. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട മന്ത്രിമാരോടു യെദിയൂരപ്പ നിർദേശിച്ചു. ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് 10,000 രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു. വീട് മുഴുവനായി തകർന്നവർക്ക് അഞ്ചു ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു.