പുതിയ കേസുകൾ കുറഞ്ഞ് ദക്ഷിണേന്ത്യ
ചെന്നൈ: മുൻ ദിവസങ്ങളെക്കാൾ പുതിയ കൊവിഡ് കേസുകൾ കുറഞ്ഞ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. തമിഴ്നാട്ടിൽ രോഗമുക്തി നേടിയവരുടെ എണ്ണം രണ്ടു ലക്ഷം കടന്നിട്ടുമുണ്ട്. 76 ശതമാനമായി തമിഴകത്തെ റിക്കവറി നിരക്ക്. പത്തു ദിവസത്തിനിടെ ഇതാദ്യമായി കർണാടകയിലെ പ്രതിദിന വർധന 5,000ൽ താഴ്ന്നു. മൊത്തം രോഗബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്കു പിന്നിൽ തമിഴ്നാടും ആന്ധ്രപ്രദേശും തുടരുകയാണ്.
തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ പേർ ഒരു ദിവസം കൊവിഡ് ബാധിച്ചു മരിച്ചതും ഇന്നലെ. 106 പേരാണ് 24 മണിക്കൂറിനിടെ സംസ്ഥാനത്തു മരിച്ചത്. ഇതോടെ തമിഴകത്തെ കൊവിഡ് മരണങ്ങൾ 4,241 ആയിട്ടുണ്ട്. 5,609 പുതിയ കേസുകൾ സംസ്ഥാനത്തു സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെക്കാൾ 266 കേസുകളുടെ കുറവ്. മൊത്തം രോഗബാധിതർ 2,63,222. ഇന്നലെ 5,800 പേരെയാണ് രോഗമുക്തി നേടി ആശുപത്രികളിൽ നിന്നു ഡിസ്ചാർജ് ചെയ്തത്. ഇതോടെ രോഗമുക്തരായവർ 2,02,283 ആയി. ആക്റ്റിവ് കേസുകൾ 56,698.
4,752 പുതിയ കേസുകളാണു കർണാടകയിൽ. ഞായറാഴ്ച 5,532 പുതിയ കേസുകളായിരുന്നു. സംസ്ഥാനത്ത മൊത്തം വൈറസ്ബാധിതർ 1,39,571. ഇന്നലെ 98 പേരുടെ മരണം കൂടി രേഖപ്പെടുത്തി. മൊത്തം കൊവിഡ് മരണം 2,594 ആയിട്ടുണ്ട്.
ഞായറാഴ്ച 1,169 കേസുകൾ റിപ്പോർട്ട് ചെയ്ത കേരളത്തിൽ ഇന്നലെ 962 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. മൊത്തം രോഗബാധിതർ 26,867 ആയി ഉയർന്നു. മരണസംഖ്യ 84. ഇപ്പോൾ 11,484 പേർ ചികിത്സയിലുണ്ട്. 19,343 സാംപിളുകളാണ് കേരളത്തിൽ 24 മണിക്കൂറിനിടെ പരിശോധിച്ചത്.
ആന്ധ്രയിൽ തിങ്കളാഴ്ച 7,822 പുതിയ രോഗികളെ കണ്ടെത്തി. ഞായറാഴ്ച 8,555 പേർക്കാണു രോഗം സ്ഥിരീകരിച്ചിരുന്നത്. സംസ്ഥാനത്തെ മൊത്തം വൈറസ് ബാധിതർ 1,66,586. അറുപത്തിമൂന്നു പേർ കൂടി മരിച്ചു. ഇതുവരെയുള്ള മരണസംഖ്യ 1,537. രോഗമുക്തരായവർ 88,000 കടന്നു. ആക്റ്റിവ് കേസുകൾ 76,377.
തെലങ്കാനയിൽ പുതിയ കേസുകൾ ആയിരത്തിൽ താഴെയായി. 983 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം. മൊത്തം രോഗബാധിതർ 67,660. മരണസംഖ്യ 551. പതിനൊന്നു പേരാണ് അവസാന 24 മണിക്കൂറിൽ മരിച്ചത്. ശനിയാഴ്ച 1,891 പോസിറ്റീവ് കേസുകൾ കണ്ടെത്തിയതാണ് തെലങ്കാനയിൽ.
ഓഗസ്റ്റ് രണ്ടിന് 200 പേർക്കു രോഗം സ്ഥിരീകരിച്ച പുതുച്ചേരിയിൽ ഇന്നലെ 178 പേർക്കാണു പുതുതായി രോഗബാധ കണ്ടെത്തിയത്. മൊത്തം രോഗബാധിതർ 3,982 ആയിട്ടുണ്ട്. ഇതിൽ 2411 പേരും രോഗമുക്തി നേടി.