52,000 പേർക്കു കൂടി കൊവിഡ്; 803 പേർ കൂടി മരിച്ചു
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗബാധിതർ 18,55,745 ആയി ഉയർന്നു. ഇന്നു രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ 52,050 പേർക്കു കൂടിയാണു രോഗം സ്ഥിരീകരിച്ചത്. രോഗമുക്തരായവരുടെ എണ്ണം 12 ലക്ഷം കടന്നിട്ടുണ്ട്. 803 പേർ കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 38,938 ആയിട്ടുണ്ട്.
5,86,298 പേരാണ് ഇപ്പോൾ രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 12,30,509 പേർ രോഗമുക്തി നേടി. റിക്കവറി നിരക്ക് 66.31 ശതമാനമായി ഉയർന്നു. മരണ നിരക്ക് 2.10 ശതമാനമായി താഴ്ന്നിട്ടുണ്ടെന്നും മന്ത്രാലയം.
ദിവസം അമ്പതിനായിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് തുടർച്ചയായി ആറാം ദിവസമാണ്. 6.61 ലക്ഷം പേർക്കാണ് ഇന്നലെ കൊവിഡ് പരിശോധന നടത്തിയതെന്ന് ഐസിഎംആർ വ്യക്തമാക്കി. ഇതുവരെ 2.08 കോടി പേർക്ക് പരിശോധന നടത്തിയിട്ടുണ്ട്. ജൂലൈയിൽ മാത്രം ഒരു കോടിയിലേറെ പേർക്കു പരിശോധന നടത്തി.
മഹാരാഷ്ട്രയിൽ മൊത്തം രോഗബാധിതർ നാലര ലക്ഷം പിന്നിട്ടിട്ടുണ്ട്. 8,968 പേർക്കാണ് ഇന്നലെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. മൊത്തം വൈറസ്ബാധിതർ 4,50,196 ആയി. 266 പേർ കൂടി മരിച്ച മഹാരാഷ്ട്രയിൽ മൊത്തം മരണസംഖ്യ 15,842ൽ എത്തി. 2.87 ലക്ഷം പേർ സംസ്ഥാനത്ത് രോഗമുക്തി നേടിയിട്ടുണ്ട്. 1.47 ലക്ഷം ആക്റ്റിവ് കേസുകൾ. രോഗബാധിതരുടെ എണ്ണം കുതിച്ചുകയറുന്ന പൂനെ ഡിവിഷനിൽ മൊത്തം കേസുകൾ 1,10,924 ആയിട്ടുണ്ട്. 2,965 പേർ ഇവിടെ മാത്രം മരിച്ചു.
തമിഴ്നാട്ടിലെ മൊത്തം രോഗബാധിതർ 2.63 ലക്ഷമായിട്ടുണ്ട്. ഇതിൽ രണ്ടു ലക്ഷത്തിലേറെ പേർ രോഗമുക്തരായി. ആന്ധ്രയിൽ 1.66 ലക്ഷവും കർണാടകയിൽ 1.39 ലക്ഷവും പിന്നിട്ടു രോഗബാധിതർ. പ്രതിദിന വർധന 805 ആയി കുറഞ്ഞ ഡൽഹിയിൽ 1.38 ലക്ഷം പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. എട്ടു ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനയാണു രാജ്യതലസ്ഥാനത്ത്.
ഞായറാഴ്ച 961 കേസുകളായിരുന്നു. ഇപ്പോൾ 10,207 ആക്റ്റിവ് കേസുകളേ ഡൽഹിയിലുള്ളൂവെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം പറയുന്നു. ഉത്തർപ്രദേശിൽ മൊത്തം രോഗബാധിതർ 97,362 ആയിട്ടുണ്ട്. ഇതിൽ 55,393 പേരാണ് ഇതുവരെ രോഗമുക്തരായത്. സംസ്ഥാനത്ത് 1,778 പേർ ഇതുവരെ മരിച്ചു.
പശ്ചിമ ബംഗാൾ വീണ്ടും പ്രതിദിന വർധനയിൽ റെക്കോഡ് കുറിച്ചു. 2,716 പുതിയ കേസുകളാണു സംസ്ഥാനത്ത്. തിങ്കളാഴ്ച 53 പേർ കൂടി മരിക്കുകയും ചെയ്തു. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മരണസംഖ്യയും ഇതാണ്. 78,232 കേസുകളും 1,731 മരണവുമാണ് ഇതുവരെ പശ്ചിമ ബംഗാളിൽ.