കൊവിഡ് കേസുകൾ 18 ലക്ഷം കടന്നു; ടെസ്റ്റുകൾ രണ്ടു കോടി പിന്നിട്ടു
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതർ 18 ലക്ഷം പിന്നിട്ടു. അവസാന 24 മണിക്കൂറിൽ 52,972 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്നു രാവിലെ എട്ടിനു പുതുക്കിയ കണക്കനുസരിച്ച് 24 മണിക്കൂറിനിടെ 771 പേർ കൂടി മരിച്ചു. മൊത്തം വൈറസ് ബാധിതർ 18,03,696 ആയിട്ടുണ്ട്. ഇതിൽ 5,79,357 ആക്റ്റിവ് കേസുകളാണുള്ളത്. 11.86 ലക്ഷം പേർ രോഗമുക്തരായി. രാജ്യത്ത് ഇതുവരെയുള്ള കൊവിഡ് മരണങ്ങൾ 38,135. റിക്കവറി നിരക്ക് 65.77 ശതമാനമാണ്; മരണനിരക്ക് 2.11 ശതമാനവും.
രാജ്യത്തെ കൊവിഡ് പരിശോധനകൾ രണ്ടു കോടി പിന്നിട്ടതായി ഐസിഎംആർ വ്യക്തമാക്കി. 2,02,02,858 ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. ഞായറാഴ്ച മാത്രം 3.81 ലക്ഷം ടെസ്റ്റുകൾ നടത്തി. മഹാരാഷ്ട്രയിലെ മൊത്തം രോഗബാധിതർ 4.41 ലക്ഷം പിന്നിട്ടു. 2.76 ലക്ഷം പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 15,716 പേർ സംസ്ഥാനത്തു മരിച്ചു. തമിഴ്നാട്ടിൽ 2.57 ലക്ഷം പേർക്കാണ് ഇതുവരെ രോഗബാധയുണ്ടായത്. 1.96 ലക്ഷം പേർ രോഗമുക്തി നേടി. 4,132 പേർ മരിച്ചു. ആന്ധ്രയിൽ 1.58 ലക്ഷവും കർണാടകയിൽ 1.34 ലക്ഷവും ആളുകൾക്ക് ഇതുവരെ രോഗം ബാധിച്ചു. ഡൽഹിയിൽ 1.37 ലക്ഷമാണ് മൊത്തം കേസുകൾ. അതിൽ 1.23 ലക്ഷം പേരും രോഗമുക്തരായതാണ്.
ഉത്തർപ്രദേശിൽ മൊത്തം രോഗബാധിതർ 92,921 ആയിട്ടുണ്ട്. 53,357 പേർ രോഗമുക്തരായി. മരണം 1,730. 24 മണിക്കൂറിനിടെ 2,739 പേർക്കു കൂടി രോഗം കണ്ടെത്തി പ്രതിദിന വർധനയിൽ പുതിയ റെക്കോഡിട്ടു പശ്ചിമ ബംഗാൾ. ഇതോടെ മൊത്തം രോഗബാധിതർ 75,516 ആയിട്ടുണ്ട്. 49 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 1,678ൽ. 21,108 ആക്റ്റിവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. തെലങ്കാനയിലെ മൊത്തം വൈറസ് ബാധിതർ 66,000 പിന്നിട്ടിട്ടുണ്ട്. ഗുജറാത്തിൽ 63,000 കടന്നു; ബിഹാറിൽ 57,000വും.