7.50 ലക്ഷം കടന്ന് കൊവിഡ് ബാധിതർ
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ്ബാധിതർ പതിനേഴര ലക്ഷം കടന്നു. മരണസംഖ്യ 37,364ൽ എത്തിയിട്ടുണ്ട്. ഇന്നു രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ 54,735 പേർക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിലെ മൊത്തം വൈറസ്ബാധിതർ 17,50,723 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 5,67,730 ആക്റ്റിവ് കേസുകളാണുള്ളത്. 11.45 ലക്ഷത്തിലേറെ പേർ രോഗമുക്തരായി. കഴിഞ്ഞ ദിവസം 57,118 പേർക്ക് രോഗം സ്ഥിരീകരിച്ചതാണ് രാജ്യത്ത് പ്രതിദിന വർധനയിലെ റെക്കോഡ്. തുടർച്ചയായി നാലാം ദിവസമാണ് അമ്പതിനായിരത്തിലേറെ പേർക്ക് രോഗം കണ്ടെത്തുന്നത്.
9,601 പേർക്കു കൂടി രോഗം കണ്ടെത്തിയ മഹാരാഷ്ട്രയിൽ മൊത്തം വൈറസ് ബാധിതർ 4,31,719 ആയിട്ടുണ്ട്. 322 പേർ കൂടിയാണു സംസ്ഥാനത്തു മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് മരണം 15,316 ആയി. 2.66 ലക്ഷത്തിലേറെ പേർ രോഗമുക്തരായിട്ടുണ്ടെന്നും സംസ്ഥാന ആരോഗ്യ മന്ത്രാലയം. ഒന്നര ലക്ഷത്തോളം ആക്റ്റിവ് കേസുകളുണ്ട് ഇപ്പോഴും മഹാരാഷ്ട്രയിൽ എന്നതാണ് ഇതിനർഥം.
മുംബൈയിൽ മാത്രം 6,398 പേർ ഇതുവരെ മരിച്ചുകഴിഞ്ഞു. 1.15 ലക്ഷം രോഗബാധിതരാണു മുംബൈ നഗരത്തിൽ. മെട്രോപൊളിറ്റൻ റീജിയണിൽ മൊത്തമുള്ളത് 2.42 ലക്ഷം രോഗബാധിതർ. എംഎംആറിലെ കൊവിഡ് മരണങ്ങൾ 9,766. ഇന്നലെ 5,879 പുതിയ കേസുകൾ കണ്ടെത്തിയ തമിഴ്നാട്ടിൽ മൊത്തം രോഗബാധിതർ 2.51 ലക്ഷം കടന്നു. 56,738 ആക്റ്റിവ് കേസുകളാണു സംസ്ഥാനത്തുള്ളത്. 99 പേർ ഒരു ദിവസത്തിനിടെ മരിച്ചു. മൊത്തം മരണം 4,034 ആയിട്ടുണ്ട്.
ആയിരത്തിലേറെ പേർക്കു കൂടി രോഗം സ്ഥിരീകരിച്ച ചെന്നൈയിൽ മൊത്തം വൈറസ് ബാധിതർ ഒരു ലക്ഷം പിന്നിട്ടു. ആന്ധ്രപ്രദേശിൽ ഒന്നര ലക്ഷത്തിലേറെയാണ് ഇപ്പോൾ മൊത്തം രോഗബാധിതരുള്ളത്. 9,276 പേർക്കു കൂടി 24 മണിക്കൂറിനിടെ സംസ്ഥാനത്തു രോഗം സ്ഥിരീകരിച്ചു. 72,188 ആക്റ്റിവ് കേസുകളാണു സംസ്ഥാനത്തുള്ളത്. 1,407 പേർ ഇതുവരെ വൈറസ്ബാധിച്ചു മരിച്ചിട്ടുണ്ട്. 51 ശതമാനം റിക്കവറി നിരക്കും 0.94 ശതമാനം മരണനിരക്കുമാണ് ആന്ധ്രയിൽ ഇപ്പോൾ. സമീപ ദിവസങ്ങളിലായി രാജ്യത്ത് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്ന സംസ്ഥാനമായി ആന്ധ്ര മാറുകയായിരുന്നു.
1.36 ലക്ഷം രോഗബാധിതരാണു ഡൽഹിയിൽ. എന്നാൽ, ആക്റ്റിവ് കേസുകൾ 10,705 മാത്രമാണ്. ആക്റ്റിവ് കേസുകളിൽ രാജ്യത്ത് പന്ത്രണ്ടാം സ്ഥാനത്താണ് ഡൽഹി ഇപ്പോഴെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി സത്യേന്ദർ ജയിൻ ചൂണ്ടിക്കാട്ടി. സമീപ ദിവസങ്ങളിൽ രോഗബാധ വർധിച്ച കർണാടകയിൽ 5,172 പുതിയ കേസുകളാണു സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം വൈറസ്ബാധിതർ 1.29 ലക്ഷത്തിലെത്തി. 73,219 ആക്റ്റിവ് കേസുകളുണ്ട് സംസ്ഥാനത്ത്. 98 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്.
ഇതോടെ മരണസംഖ്യ 2,412 ആയിട്ടുണ്ട്. ഉത്തർപ്രദേശിലെ മൊത്തം രോഗബാധിതർ 89,000 കടന്നിട്ടുണ്ട്. 51,354 പേർ സംസ്ഥാനത്തു രോഗമുക്തി നേടി. 1,677 മരണമാണ് ഇതുവരെയുണ്ടായത്. പശ്ചിമ ബംഗാളിൽ 2,589 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തു പ്രതിദിന വർധനയിലെ റെക്കോഡാണിത്. മൊത്തം വൈറസ്ബാധിതർ 72,000 പിന്നിട്ടു.