പാരമ്പര്യത്തെ തള്ളിപ്പറയരുത്: കോൺഗ്രസ് യുവതലമുറയോട് മുതിർന്നവർ
ന്യൂഡൽഹി: കോൺഗ്രസിന്റെ മഹത്തായ പാരമ്പര്യത്തെ തള്ളിപ്പറയരുതെന്ന് പാർട്ടിയുടെ യുവതലമുറയോട് മുതിർന്ന നേതാക്കളുടെ ഉപദേശം. കോൺഗ്രസിൽ തലമുറകൾ തമ്മിലുള്ള പോരാട്ടം നടക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണിത്. സ്വന്തം പാരമ്പര്യത്തെ തന്നെ തള്ളിപ്പറയുമ്പോൾ അത് ബിജെപിക്കാണ് ഗുണം ചെയ്യുന്നതെന്നും മുതിർന്ന നേതാക്കൾ ഓർമിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം പാർട്ടിയുടെ രാജ്യസഭാ എംപിമാരുടെ യോഗത്തിൽ സോണിയ ഗാന്ധിയുടെ മുന്നിൽ വച്ച് സീനിയർ നേതാക്കളെ യുവതലമുറ നേതാക്കൾ അതിരൂക്ഷമായി വിമർശിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയാണിത്. രാഹുൽ ഗാന്ധിയുടെ അറിവോടെയാണ് യുവ നേതാക്കൾ രംഗത്തുവന്നതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. രാഹുലിന്റെ ടീമിൽ ഉൾപ്പെട്ട മഹാരാഷ്ട്രയിൽ നിന്നുള്ള യുവനേതാവ് രാജീവ് സതാവ് മൻമോഹൻ സിങ്ങിന്റെ രണ്ടാം യുപിഎ സർക്കാരിനെതിരേ അതിശക്തമായാണ് വിമർശനം അഴിച്ചുവിട്ടത്. കോൺഗ്രസിനെ ഈ അവസ്ഥയിലേക്ക് എത്തിച്ചത് യുപിഎ സർക്കാരാണെന്ന് സതാവ് കുറ്റപ്പെടുത്തി. നിങ്ങളൊക്കെ ചേർന്നാണ് 44 സീറ്റിലേക്ക് പാർട്ടിയെ കൂപ്പുകുത്തിച്ചതെന്ന് സതാവ് സീനിയർ നേതാക്കളോടു പറഞ്ഞു. ഗുജറാത്തിലെ പാർട്ടി ചുമതലയുള്ള നേതാവാണു സതാവ്. പാർട്ടിയുടെ തർച്ചയുടെ ഉത്തരവാദിത്വം സീനിയർ നേതാക്കൾ ഏറ്റെടുക്കണമെന്നായിരുന്നു യുവാക്കൾ പൊതുവേ ആവശ്യപ്പെട്ടത്.
ഐക്യം ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയമാണിത്. ഇപ്പോൾ പാർട്ടിയെ രണ്ടു തട്ടിലാക്കുന്നത് ശരിയായ സന്ദേശമല്ല നൽകുകയെന്ന് സീനിയർ നേതാക്കൾ പറയുന്നു. മൻമോഹൻ സിങ്ങിനെപ്പോലുള്ള നേതാക്കളെ ചോദ്യം ചെയ്യുന്നത് പാർട്ടിയോടു ചെയ്യുന്ന അനീതിയാണെന്നും അവർ. യുപിഎ സർക്കാർ അഭിമാനകരമായ നേട്ടങ്ങളാണ് ഉണ്ടാക്കിയത്. ആ സർക്കാരിനെ തള്ളിപ്പറയേണ്ടതില്ല. സ്വന്തം പാരമ്പര്യത്തെ തള്ളിക്കളയുമ്പോൾ അതു പാർട്ടിയെ തന്നെയാണു ദുർബലമാക്കുന്നത്- മുൻ കേന്ദ്ര മന്ത്രി ആനന്ദ് ശർമ പറഞ്ഞു.
ഒരു പാർട്ടിയും അവരുടെ പാരമ്പര്യത്തെ തള്ളിപ്പറയാറില്ല. ബിജെപി നമ്മോടു ദയ കാണിക്കുമെന്നും നമുക്ക് ക്രെഡിറ്റ് നൽകുമെന്നും ആരും പ്രതീക്ഷിക്കരുത്. നാം നമ്മുടെ പാരമ്പര്യത്തിൽ വിശ്വസിക്കണം- അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, താൻ പാർട്ടി വേദിയിൽ മാത്രമേ അഭിപ്രായം പറഞ്ഞിട്ടുള്ളൂ എന്നാണു സതാവിന്റെ നിലപാട്. ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ മൻമോഹൻ സിങ്ങിന്റെ പങ്കിനെ താൻ ഒരിക്കലും തള്ളിപ്പറയില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. സോണിയ ഗാന്ധി വിളിച്ച രാജ്യസഭാ എംപിമാരുടെ യോഗം വളരെ ഫലപ്രദമായിരുന്നെന്നും സതാവ് പറഞ്ഞു. നിർഭാഗ്യവശാൽ താൻ പറഞ്ഞത് ചില മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. അതിനോട് ചില സീനിയർ നേതാക്കൾ സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുന്നു. പാർട്ടി കാര്യങ്ങൾ പുറത്തുപറയില്ലെന്ന തന്റെ നയത്തിന് എതിരാണിതെന്നും അദ്ദേഹം.
യുപിഎയുടേത് നല്ല സർക്കാരായിരുന്നു. മോദി സർക്കാരുമായി താരതമ്യം ചെയ്യുമ്പോൾ പ്രത്യേകിച്ചും. ബിഹാറിലും അസമിലുമൊക്കെ തെരഞ്ഞെടുപ്പു വരുകയാണ്. ബിജെപിയുടെ തന്ത്രങ്ങളെ പ്രതിരോധിക്കാൻ കോൺഗ്രസ് ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്. സോണിയാ ജി, ഡോ. സിങ് ജി, രാഹുൽ ജി എന്നിവരുടെ നേതൃത്വത്തിൽ എല്ലാവരും ഒന്നിച്ചു നിൽക്കണം- സതാവ് പറഞ്ഞു.
കാര്യങ്ങൾ വ്യക്തമായി അറിയാതെ ചിലർ മൻമോഹൻ സിങ് സർക്കാരിനെ വിമർശിക്കുകയാണെന്നും ബിജെപിക്കെതിരായ പോരാട്ടമല്ല അവർ നടത്തുന്നതെന്നും മുൻ കേന്ദ്ര മന്ത്രി മനീഷ് തിവാരി ട്വിറ്ററിൽ കുറിച്ചു. മനീഷ് പറഞ്ഞത് വളരെ ശരിയാണെന്നായിരുന്നു ഇതിനോടുള്ള മുൻ എംപി മിലിന്ദ് ദേവ്റയുടെ പ്രതികരണം. സ്വന്തം പാർട്ടിക്കാർ തള്ളിപ്പറയുമെന്ന് 2014ൽ അധികാരം ഒഴിയുമ്പോൾ ഡോ. മൻമോഹൻ സിങ് ചിന്തിച്ചുപോലും കാണില്ല-ദേവ്റ ട്വീറ്റിൽ കുറിച്ചു.
തിവാരിയെയും ദേവ്റയെയും അനുകൂലിച്ച് മുൻ കേന്ദ്ര മന്ത്രി ശശി തരൂരും രംഗത്തെത്തി. യുപിഎ സൃഷ്ടിച്ച പരിവർത്തനത്തിന്റെ 10 വർഷങ്ങളെ വികൃതമാക്കരുതെന്നായിരുന്നു തരൂരിന്റെ പ്രതികരണം. തോൽവികളിൽ നിന്ന് പഠിക്കാൻ ഏറെയുണ്ട്. കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരാനും ഏറെ ദൂരം സഞ്ചരിക്കണം. എന്നാൽ, അതിനുള്ള ശ്രമം ആശയപരമായി ശത്രുക്കളായവരുടെ കൈയിലെ പാവയായിക്കൊണ്ടാവരുത്- അദ്ദേഹം പറഞ്ഞു.
മുൻ കേന്ദ്ര മന്ത്രിമാരായ കപിൽ സിബലും പി. ചിദംബരവും സ്വയം ആത്മപരിശോധന നടത്തണമെന്ന് വാഗ്വാദത്തിന് എരിവു പകർന്നുകൊണ്ട് സതാവ് ആവശ്യപ്പെട്ടു. രാജ്യപുരോഗതിയുടെ ചരിത്രത്തിലെ സവർണാധ്യായമാണ് യുപിഎ സർക്കാരിന്റെ 10 വർഷങ്ങളെന്ന് മറ്റൊരു സീനിയർ നേതാവ് മുകൾ വാസ്നിക് യുവതലമുറയെ ഓർമപ്പെടുത്തുന്നു. മൻമോഹൻ സിങ്ങിന്റെ നിസ്വാർഥമായ സേവനവും സത്യസന്ധതയും തള്ളിപ്പറയാവുന്നതല്ല. സാധാരണക്കാരുടെ പ്രശ്നങ്ങൾ കണ്ടറിയുകയും ഇന്ത്യയുടെ അഭിമാനം ഉയർത്തുകയും ചെയ്തു മൻമോഹൻ സിങ്ങും സോണിയ ഗാന്ധിയുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
എല്ലാവർക്കും അഭിമാനിക്കാവുന്ന രാജ്യപുരോഗതിയാണ് മൻമോഹനും സോണിയയും നയിച്ച യുപിഎ, 10 വർഷത്തെ ഭരണകാലത്തു നേടിയതെന്ന് ആനന്ദ് ശർമ വ്യക്തമാക്കി. സർക്കാരിൽ പങ്കാളിയായതിൽ താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം. ബിജെപിയുടെ വിശാലമായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് യുപിഎ സർക്കാർ. 2014ൽ ആരോപിച്ചതൊക്കെ തെറ്റായിരുന്നുവെന്ന് ആറു വർഷം കഴിയുമ്പോൾ വ്യക്തമാകുന്നുണ്ട്. അന്ന് അഴിമതിക്കെതിരേ പോരാട്ടം നയിച്ചവരൊക്കെ ഇന്ന് എവിടെയാണ്. അന്നത്തെ ഗൂഢാലോചനയിൽ പങ്കു ചേർന്നവർക്കെല്ലാം വേണ്ട ബഹുമതികൾ കിട്ടി. ഇപ്പോൾ അവർ ചിയർ ലീഡേഴ്സാണ്. ഒരു ചോദ്യവും ചോദിക്കുന്നില്ല- ആനന്ദ് ശർമ ചൂണ്ടിക്കാട്ടി.