പ്രതിദിന വർധന 55,000ലേറെ; വൈറസ് ബാധിതർ 16 ലക്ഷം കവിഞ്ഞു
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ അതിവേഗ വർധന. ഒരു ദിവസത്തെ ഏറ്റവും വലിയ കുതിപ്പോടെ മൊത്തം വൈറസ്ബാധിതർ 16,38,870 ആയി. ഇന്നു രാവിലെ എട്ടിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ 24 മണിക്കൂറിലെ കണക്കിൽ 55,078 പേർക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. 779 പേർ കൂടി മരിച്ചു. മൊത്തം മരണസംഖ്യ 35,747 ആയിട്ടുണ്ട്.
രോഗമുക്തരായവർ 10,57,805 ആയി ഉയർന്നു. 5.45 ലക്ഷം ആക്റ്റിവ് കേസുകളാണു രാജ്യത്തുള്ളത്. 64 ശതമാനത്തിലേറെയാണ് റിക്കവറി നിരക്ക്. മരണനിരക്ക് 2.21 ശതമാനമായി കുറഞ്ഞു. പരിശോധിക്കുന്നവരിൽ പത്തു ശതമാനത്തിൽ താഴെ പേർ മാത്രം പോസിറ്റീവാകുന്ന 21 സംസ്ഥാനങ്ങളുണ്ട്. പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ താഴെയുള്ള നാലു സംസ്ഥാനങ്ങൾ- രാജസ്ഥാൻ (3.5%), പഞ്ചാബ് (3.9%), മധ്യപ്രദേശ് (4%), ജമ്മു കശ്മീർ (4.7%).
88.99 ശതമാനം റിക്കവറി നിരക്കുണ്ട് ഡൽഹിക്ക്. അസമിൽ 76.68 ശതമാനം. തെലങ്കാന (74.27%), തമിഴ്നാട് (73.85%), ഗുജറാത്ത് (73.06%), രാജസ്ഥാൻ (70.76%), മധ്യപ്രദേശ് (69.47%) എന്നീ സംസ്ഥാനങ്ങളും ദേശീയ ശരാശരിയെക്കാൾ മികച്ച റിക്കവറി നിരക്ക് സൂക്ഷിക്കുന്നു. കേരളം അടക്കം 24 സംസ്ഥാനങ്ങളിൽ ദേശീയ ശരാശരിയെക്കാൾ കുറഞ്ഞ മരണനിരക്കാണുള്ളത്.
52,123 കേസുകളോടെ കഴിഞ്ഞദിവസമാണ് രാജ്യത്തെ പ്രതിദിന വർധന അമ്പതിനായിരം മറികടന്നത്. പിറ്റേ ദിവസം തന്നെ 55,000വും പിന്നിട്ടിരിക്കുന്നു. ആന്ധ്രപ്രദേശും കർണാടകയും ഉത്തർപ്രദേശും ബിഹാറും പോലുള്ള സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം അതിവേഗം ഉയരുകയാണ്. ഒഡിശയിലും പശ്ചിമ ബംഗാളിലും വൈറസ്ബാധിതർ കൂടുന്നുണ്ട്.
മഹാരാഷ്ട്രയിൽ 11,147 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പ്രതിദിന വർധനയിലെ പുതിയ റെക്കോഡ്. ഇതോടെ മൊത്തം രോഗബാധിതർ 4,11,798 ആയി. 266 പേർ കൂടി മരിച്ചു. സംസ്ഥാനത്തെ മൊത്തം കൊവിഡ് മരണം ഇതോടെ 14,729. ഇതുവരെ രോഗമുക്തരായത് 2.48 ലക്ഷം പേരാണ്. റിക്കവറി നിരക്ക് 60.37 ശതമാനം. മരണനിരക്ക് 3.58.
ആന്ധ്രപ്രദേശിൽ 24 മണിക്കൂറിനിടെ പതിനായിരത്തിലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതർ 1.30 ലക്ഷമായി കുതിച്ചുകയറി. പുതിയ രോഗികൾ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ സംസ്ഥാനം കർണാടകയാണ്. 6128 പേർക്കു കൂടി അവിടെ രോഗബാധ സ്ഥിരീകരിച്ചു. കർണാടകയിലെ മൊത്തം കൊവിഡ്ബാധിതർ 1.18 ലക്ഷം കടന്നു.
തമിഴ്നാട്ടിൽ 5,864 പേർക്കു കൂടി രോഗം കണ്ടെത്തി. മൊത്തം വൈറസ്ബാധിതർ 2,39,978. ഡൽഹിയിൽ 1,093 പേർക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. മൊത്തം രോഗബാധിതർ 1.34 ലക്ഷം. 3,705 പേർക്കു കൂടി രോഗം കണ്ടെത്തിയ ഉത്തർപ്രദേശിൽ മൊത്തം രോഗബാധിതർ 81,000 പിന്നിട്ടു. പശ്ചിമ ബംഗാളിൽ 67,000ൽ ഏറെയാണു മൊത്തം രോഗബാധിതർ. തെലങ്കാനയിലും ഗുജറാത്തിലും 60,000നു മുകളിൽ. ബിഹാറിൽ 48,000 മറികടന്നു.