കൊവിഡ് ബാധിതർ 15.31 ലക്ഷത്തിൽ
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 15,31,669 ആയി. ഇന്നു രാവിലെ എട്ടിനു കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച അവസാന 24 മണിക്കൂറിലെ കണക്കിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 48,513 പേർക്കാണ്. 768 പേർ കൂടി മരിച്ചതോടെ മൊത്തം കൊവിഡ് മരണം 34,193 ആയി ഉയർന്നു. രോഗവിമുക്തരായവർ 9.88 ലക്ഷമായിട്ടുണ്ട്. ആക്റ്റിവ് കേസുകൾ 5,09,447. റിക്കവറി നിരക്ക് 64. 51 ശതമാനം. തുടർച്ചയായി ഏഴാം ദിവസമാണ് 45,000ലേറെ കേസുകൾ ഒരു ദിവസം റിപ്പോർട്ടു ചെയ്യുന്നത്.
7,717 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. 282 പേർ കൂടി സംസ്ഥാനത്തു മരിച്ചു. ഇതോടെ മഹാരാഷ്ട്രയിലെ മൊത്തം രോഗബാധിതർ 3,91,440 ആയിട്ടുണ്ട്. പതിനായിരത്തിലേറെ പേർ ഇന്നലെ രോഗമുക്തി നേടി. 2.32 ലക്ഷം പേരാണ് ഇതുവരെ രോഗത്തിൽ നിന്നു മുക്തരായത്. ആക്റ്റിവ് കേസുകൾ 1.44 ലക്ഷം.
തുടർച്ചയായി ആയിരത്തിലേറെ കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്തിരുന്ന മുംബൈയിൽ പ്രതിദിന വർധന 700 ആയി കുറഞ്ഞു. 1,10,882 രോഗബാധിതരാണ് മുംബൈയിലുള്ളത്. 19,990 ആക്റ്റിവ് കേസുകൾ. മഹാരാഷ്ട്രയിലെ മൊത്തം കൊവിഡ് മരണം 14,165 ആയിട്ടുണ്ട്. മുംബൈയിൽ മാത്രം ഇതുവരെ 6,187 പേർ മരിച്ചു.
6,972 പുതിയ കേസുകളാണു തമിഴ്നാട്ടിൽ. മൊത്തം 2.27 ലക്ഷം. 88 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 3,659 ആയി ഉയർന്നു. 1,66,956 പേർ സംസ്ഥാനത്തു രോഗമുക്തരായി. ആക്റ്റിവ് കേസുകൾ 57,073. ചെന്നൈയിൽ ഇന്നലെയും 1,107 കേസുകളുണ്ട്.
ഡൽഹിയിൽ 1,32,275 രോഗബാധിതരാണുള്ളത്. പുതിയ കേസുകൾ 1,056. മരണസംഖ്യ 3,881. ഇന്നലെ മരിച്ചത് 28 പേരാണ്. രണ്ടു മാസത്തിനിടെ ഇതാദ്യമായി എൽഎൻജെപി ആശുപത്രിയിൽ ഇന്നലെ ഒരു കൊവിഡ് മരണം പോലും റിപ്പോർട്ട് ചെയ്തില്ല. രണ്ടു മാസത്തിനിടയിലെ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധന തിങ്കളാഴ്ചയായിരുന്നു- 613.
ആന്ധ്രപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. ആന്ധ്രയിലും കർണാടകയിലും ഒരു ലക്ഷത്തിലേറെ കേസുകളുണ്ട്.