അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; ഓറഞ്ച് അലെർട്ട്
തിരുവനന്തപുരം: കാലവർഷം വരും ദിവസങ്ങളിൽ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കൻ ജില്ലകളിൽ ഉൾപ്പെടെ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലുമാണ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ്, ആലപ്പുഴ എന്നിവിടങ്ങളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു.
അറബിക്കടലിൽ കേരള,കർണാടക, ലക്ഷദ്വീപ്, മാലിദ്വീപ് എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആയതിനാൽ പ്രസ്തുത ദിവസങ്ങളിൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്നും അധികൃതർ അറിയിച്ചു.