വൈറസ്ബാധിതർ 14.83 ലക്ഷം
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗബാധിതർ 14,83,156 ആയി ഉയർന്നു. അവസാന 24 മണിക്കൂറിൽ 47,703 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 654 പേർ കൂടി മരിച്ചു. ഇതുവരെ വൈറസ് ബാധിച്ചു മരിച്ചവർ 33,425 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 9.52 ലക്ഷം പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. ആക്റ്റിവ് കേസുകൾ 4,96,988.
മഹാരാഷ്ട്രയിൽ രോഗബാധിതരെക്കാൾ കൂടുതൽ രോഗവിമുക്തരുണ്ടായ ദിനമായിരുന്നു ഇന്നലെ. 7924 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 8706 പേർ രോഗമുക്തി നേടി. 227 പേർ കൂടി സംസ്ഥാനത്തു മരിച്ചു. മഹാരാഷ്ട്രയിലെ മൊത്തം കൊവിഡ് മരണം 13,883. മുംബൈ മേഖലയിൽ 39 പേർ കൂടിയാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇപ്പോൾ 3,83,723 രോഗബാധിതരാണു മഹാരാഷ്ട്രയിൽ. ഇതിൽ രോഗമുക്തർ 2,21,944. ആക്റ്റിവ് കേസുകൾ 1.47 ലക്ഷം. 1,10,182 കേസുകളാണു മുംബൈയിൽ. 6132 മരണവും മുംബൈയിലാണ്.
തുടർച്ചയായി മൂന്നാം ദിവസവും ഏഴായിരത്തോളം പുതിയ രോഗികളെ കണ്ടെത്തി തമിഴ്നാട്. മൊത്തം രോഗബാധിതർ 2,20,716. മരണസംഖ്യ 3,571. ഡൽഹിയിലെ പുതിയ കേസുകൾ 613 മാത്രം. മൊത്തം രോഗബാധിതർ 1,31,219. എൺപത്തെട്ടു ശതമാനം റിക്കവറി നിരക്കാണ് ഇപ്പോൾ ഡൽഹിക്ക്. 3853 പേർ ഇതുവരെ മരിച്ചു. ആന്ധ്രപ്രദേശിലും കർണാടകയിലും രോഗബാധിതർ ഒരു ലക്ഷം പിന്നിട്ടിട്ടുണ്ട്. ഉത്തർപ്രദേശിൽ 70,000 കടന്നു; പശ്ചിമ ബംഗാളിൽ 60,000വും.